കോവിഡിനിടെ ഇരട്ടനീതി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ സത്യദീപം
text_fieldsകൊച്ചി: കോവിഡ് കാലത്തെ ഇരട്ടനീതിയിൽ കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്കെതിരെ സിറോ മലബാർ സഭ മുഖപ്പത്രം സത്യദീപം. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര നിലപാടും ജനം ലോക്ഡൗണിലായിരിക്കുമ്പോൾ വിപുലമായ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്ന സംസ്ഥാന സർക്കാറിെൻറ തീരുമാനവുമാണ് 'ഇരട്ടനീതിയുടെ ഇളവുകള്‍' എന്ന തലക്കെട്ടിലെ എഡിറ്റോറിയലിൽ വിമർശിക്കുന്നത്.
നിറഞ്ഞുകവിയുന്ന ആശുപത്രികളും ചിതയണയാത്ത ശ്മശാനങ്ങളും ഒഴുകിനടക്കുന്ന മൃതദേഹങ്ങളും ഓക്സിജൻ സിലിണ്ടറിനായുള്ള കാത്തിരിപ്പുകളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി തിരിച്ചറിയണമെന്ന് നീതിപീഠങ്ങൾ നിലവിളിക്കുമ്പോഴും പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെടെയുള്ള 'സെന്‍ട്രല്‍ വിസ്ത' പദ്ധതിക്ക് ഇളവ് തേടുന്നത് ഭരണകൂടമില്ലാത്തതിന് തുല്യമാണ്. ഡല്‍ഹിയില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതും ഓക്സിജന്‍ നൽകാന് ഓടിനടന്ന ജനപ്രതിനിധിയെ അന്യായമായി ചോദ്യം ചെയ്തതും ജനവിരുദ്ധതയായി വിലയിരുത്തപ്പെടുകയാണെന്നും കുറ്റപ്പെടുത്തുന്നു.
ലോക്ഡൗൺ സ്ഥിതി അതിഗുരുതരമായി തുടരുമ്പോൾ ഏർപ്പെടുത്തിയ ലോക്ഡൗണിലെ ഇരട്ടനീതിയും തുറന്നുകാട്ടുന്നു. സാധാരണക്കാരുടെ മൃതസംസ്കാര ശുശ്രൂഷയില്‍ 20 പേരെ നിജപ്പെടുത്തുമ്പോള്‍, വി.ഐ.പികളുടെ വിടവാങ്ങലിന് ആള്‍ക്കൂട്ടം അനുവദിക്കുന്നത് നിലവാരമില്ലാത്ത നിലപാടാണ്. ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നതാണ് കേരളമെന്ന മരണവീടിന് ഇപ്പോള്‍ നല്ലതെന്നും സത്യദീപം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.