‘ഡബിൾ ലോക്കിൽ’ മത്സ്യമേഖല...
text_fieldsപൊന്നാനി: കോവിഡ് വലയിൽ കുടുങ്ങിയ കാലത്തിനൊപ്പം, ട്രോളിങ് നിരോധനംകൂടി വന്നതോടെ ഡബിൾ ലോക്ഡൗണിലായി മത്സ്യബന്ധന മേഖല. വിശപ്പകറ്റാൻ അന്നംതേടി കടലിലേക്കിറങ്ങുന്നവർക്ക് വർഷങ്ങളായി നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് പറയാനുള്ളത്. മത്സ്യലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും മൂലം ദുരിതത്തിലായിരുന്നു അവർ. അതിൽനിന്ന് കരപിടിക്കുന്നതിനിെടയാണ് കോവിഡ് ദുരിതമെത്തുന്നത്. വീണ്ടും കടൽ കനിഞ്ഞുതുടങ്ങിയപ്പോഴേക്കും ട്രോളിങ് നിരോധനവും എത്തി. സർക്കാർ കണക്കനുസരിച്ച് ജില്ലയിൽ 191 ട്രോൾ ബോട്ടുകളും 252 വലിയ എൻജിൻ ഘടിപ്പിച്ച ഇൻ ബോർഡ് വള്ളങ്ങളും 4225 ചെറുഎൻജിൻ ഘടിപ്പിച്ച ഔട്ട് ബോർഡ് വള്ളങ്ങളുമാണ്. ഇതിൽ 35 അടിക്ക് മുകളിലുള്ള 3000ഓളം വള്ളങ്ങൾക്ക് ഇപ്പോഴും കടലിലിറങ്ങാനുള്ള അനുമതിയില്ല.
കോവിഡ് കാലം
കോവിഡിനെത്തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണിൽ ജില്ലയിലെ മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിച്ചത് രണ്ട് മാസത്തോളമായിരുന്നു. മത്സ്യലഭ്യതക്ക് സാധ്യതയുള്ള സമയത്ത് കടലിലിറങ്ങാനാവാതെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ വീടുകളിൽ കഴിച്ചുകൂട്ടി. ഈ മാസം ആദ്യത്തോടെ നിയന്ത്രണങ്ങളിൽ ഇളവുവന്നെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് കടലിലിറങ്ങാനുള്ള നിരോധനം നീങ്ങിയില്ല. കോവിഡ് നിയന്ത്രങ്ങളിൽ അയവുവന്നെങ്കിലും കാലാവസ്ഥ മുന്നറിയിപ്പുകൾ മൂലം മിക്കദിവസവും വള്ളങ്ങളും ബോട്ടുകളും കരയിൽ തന്നെയാണ്. കാലാവസ്ഥ വ്യതിയാനവും ഏറെ ബാധിക്കുന്നത് മത്സ്യമേഖലയിലാണ്.
ലഭ്യതക്കുറവും വിലക്കയറ്റവും
ട്രോളിങ് നിരോധനത്തിന് ശേഷമുള്ള ആദ്യമാസങ്ങളിൽ ബോട്ടുകൾക്ക് ലഭിക്കുന്ന കൂന്തൾ, വലിയ ചെമ്മീൻ എന്നിവ കണികാണാനില്ലാത്ത സ്ഥിതിയിലാണ്. ചെറുമത്സ്യങ്ങൾ പിടിച്ച് ഉപജീവനം നേടിയിരുന്നവർക്കും കാര്യമായി ഒന്നും കിട്ടുന്നില്ല. മത്സ്യലഭ്യതയുടെ ദൗർലഭ്യം വില വർധനക്കും ഇടയാക്കുന്നു. കഴന്തൻ ചെമ്മീന്‍ ഹാർബറിൽ 250 മുതൽ 300 രൂപ വരെയാണ് വില. ഇത് മാർക്കറ്റിലെത്തുമ്പോൾ 350 രൂപയോളം വരും. പൂവാലൻ ചെമ്മീന്‍ 180 മുതൽ 200 രൂപ വരെയാണ് മൊത്ത വില. അയക്കൂറക്ക് 400 രൂപയോളം ശരാശരി വിലയാണ്.
സ്തംഭിച്ച് കയറ്റുമതി മേഖല
പ്രാദേശിക മത്സ്യ മാർക്കറ്റുകളിൽ വിറ്റഴിക്കുന്ന മത്സ്യത്തേക്കാൾ ഉപരി കയറ്റുമതിയിലൂടെയാണ് തൊഴിലാളികളും ബോട്ടുടമകളും നേട്ടമുണ്ടാക്കിയിരുന്നത്. വലിയ മത്സ്യങ്ങൾ കടലിൽനിന്നും ലഭിക്കുന്ന മുറക്ക് കൊച്ചിയിലേക്കും മംഗലാപുരത്തേക്കും കൊണ്ടുപോവുന്നത് നിലച്ചിരിക്കുയാണ്. കൂടുതൽ പണവും ലാഭവും ലഭിക്കുമെന്നതാണ് കയറ്റുമതി മേഖലയുടെ ആകർഷണം. മത്സ്യങ്ങളുടെ ലഭ്യതക്കുറഞ്ഞതോടെ കയറ്റുമതി മേഖലയിൽ സജീവമായിരുന്ന പലരും പിൻവാങ്ങി. കൊച്ചിയിലെ എക്സ്പോർട്ട് മേഖലയിൽ അനുഭവപ്പെടുന്ന മാന്ദ്യവും മേഖലക്ക് തിരിച്ചടിയായി.
പൊളിച്ചുവിറ്റ് ബോട്ടുകൾ
കനത്ത നഷ്ടംമൂലം ജില്ലയിലെ ബോട്ടുകൾ പൊളിച്ചു വിൽക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനകം ഏഴ് ബോട്ടുകളാണ് പൊളിച്ചുവിറ്റത്. തൊഴിലാളികളെ കിട്ടാതായതോടെ പല ബോട്ടുകളും ഇപ്പോള്‍ കടലില്‍ പോകുന്നില്ല. ചെറിയൊരു ബോട്ടില്‍ കുറഞ്ഞത് ആറ് ജോലിക്കാര്‍ വേണം. രണ്ടുദിവസം കടലില്‍ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടാണെങ്കില്‍ പത്ത് തൊഴിലാളികളെങ്കിലും വേണം. അടിക്കടിയുള്ള ഡീസല്‍ വിലക്കയറ്റവും മേഖലയെ പട്ടിണിയിലാക്കി. ബോട്ടുകള്‍ കടലില്‍ പോകാതെയായി. ബോട്ടുകള്‍ വാങ്ങാന്‍ ആളുകള്‍ തയാറാകാത്തതോടെ കിട്ടിയ വിലയ്ക്ക് പൊളിച്ചുവില്‍ക്കുകയാണ് പലരും.
കടലാക്രമണവും ട്രോളിങ് നിരോധനവും
ട്രോളിങ് നിരോധന സമയത്ത് ഒന്നര മാസത്തോളം നിശ്ചലമാവുന്ന മത്സ്യമേഖലക്ക് അതിന് ശേഷം നവോന്മേഷം ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും വർഷങ്ങളായി വിപരീതമാണ് കാര്യങ്ങൾ. ട്രോളിങ് കഴിഞ്ഞ് ലഭിച്ചിരുന്ന മത്സ്യങ്ങളെല്ലാം കാണാക്കാഴ്ചകളായി. നിരോധനത്തിെൻറ ഫലം സാധാരണ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. ട്രോളിങ് നിരോധന സമയത്ത് വിദേശ കപ്പലുകൾ ഇന്ത്യൻ തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് തടയാതെ ഇതുകൊണ്ട് ഫലമില്ലെന്ന് കേരള ബോട്ട് ഓണേഴ്സ് ഓപറേറ്റേഴ്സ് അസോസിയേഷൻ വെൽഫെയർ കമ്മിറ്റി ജില്ല സെക്രട്ടറി കെ.കെ. അബ്ദുൽ സലാമും പ്രസിഡൻറ് എ.കെ സജാദും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.