ഇരട്ടക്കൊല: എങ്ങുമെത്താതെ ഷാൻ വധക്കേസ്
text_fieldsആലപ്പുഴ: ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകങ്ങളിൽ രണ്ടാം കൊലപാതകത്തിന്റെ ശിക്ഷാവിധി വന്നിട്ടും ആദ്യ കേസ് എങ്ങുമെത്തിയില്ല. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ (38) കൊല്ലപ്പെട്ട കേസാണ് ഇഴഞ്ഞുനീങ്ങുന്നത്. 2021 ഡിസംബർ 18ന് രാത്രി മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എഫ്.ഐ.ആറിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നിട്ടും ഗൂഢാലോചനക്കാരിലേക്ക് അന്വേഷണം എത്തിയില്ല.
ആർ.എസ്.എസ് ജില്ല പ്രചാരകരടക്കം 13 പേർ പ്രതികളായ കേസിൽ ഗൂഢാലാചനയടക്കമുള്ള കാര്യങ്ങൾ വേണ്ടവിധം അന്വേഷിച്ചില്ല. ഇതാണ് പ്രതികൾക്ക് ജാമ്യം കിട്ടാനിടയാക്കിയത്. രൺജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്.
ഇരട്ടനീതി ചർച്ചയായതോടെ ഒന്നരയാഴ്ച മുമ്പാണ് സ്പെഷൽ പ്രോസിക്യൂട്ടർ പി.പി. ഹാരിസിനെ സർക്കാർ നിയമിച്ചത്. ഫെബ്രുവരി രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
തുടക്കം മുതൽ ശരിയായ രീതിയിൽ അന്വേഷണം കൊണ്ടുപോകാതെ സമ്മർദങ്ങൾക്ക് പൊലീസ് വഴങ്ങിയെന്ന് ആക്ഷേപമുണ്ട്. 2022 മാർച്ച് 16നാണ് ആലപ്പുഴ സെഷൻസ് കോടതിയിൽ കുറ്റപത്രം നൽകിയത്. എന്നിട്ടും വിചാരണ അനന്തമായി നീണ്ടു. സ്പെഷൽ പ്രോസിക്യൂട്ടറായി ആദ്യം നിയമിച്ചത് അഡ്വ. സി.എസ്. അജയനെയാണ്.
ഇദ്ദേഹം ഏറ്റെടുക്കാതിരുന്നതോടെ പകരം നിയമിച്ച അഡ്വ. സുരേഷ് ബാബു ജേക്കബും പിൻവാങ്ങി. അഭിഭാഷകരുടെ പിന്മാറ്റത്തിന് പിന്നിൽ പലവിധ സമ്മർദങ്ങളാണെന്നായിരുന്നു ആരോപണം.
നീതി കിട്ടും -ഷാന്റെ പിതാവ്
ആലപ്പുഴ: നീതിന്യായ വ്യവസ്ഥയിൽനിന്ന് വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന് ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ.എസ്. ഷാന്റെ പിതാവ് എച്ച്. സലീം. രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ കിട്ടിയതിന് പിന്നാലെ ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിൽക്കീസ് ബാനു കേസിൽ ഭരണകൂടത്തിന്റെയും നീതിപീഠത്തിന്റെയും തെറ്റായ ചെയ്തികളെ എടുത്തുപറഞ്ഞ സുപ്രീംകോടതി വിധി തന്നെപ്പോലെയുള്ള സാധാരണക്കാരന് പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ടുതന്നെ നീതി ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇടതുസർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് നീതി കിട്ടുമെന്നാണ് കരുതിയത്.
രൺജിത് വധത്തിന് മണിക്കൂറുകൾ മുമ്പാണ് ഷാൻ കൊല്ലപ്പെട്ടത്. എന്നാൽ, രൺജിത്തിനായി കേന്ദ്ര മന്ത്രിമാരുൾപ്പെടെ ഭരണത്തെയും സാക്ഷികളെയും സ്വാധീനിക്കാൻ കഴിയുന്ന ആളുകളുണ്ട്. തന്റെ കുടുംബം ഇതിനൊപ്പം കഴിവില്ലാത്തവരാണ്. എല്ലാ പൗരനും തുല്യനീതി ലഭിക്കുകയെന്നത് അവകാശമാണ്.
ഷാന്റെ കൊലപാതകികൾ ജാമ്യത്തിലിറങ്ങി വിഹരിക്കുന്നത് ഇരട്ടനീതിയാണ്. നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദത്തിൽ വ്യാഖ്യാനം കണ്ടെത്തിയിട്ട് കാര്യമില്ല. അത് അക്രമിസംഘത്തെ പ്രോത്സാഹിപ്പിക്കാനേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.