ഇരട്ട വോട്ട്: ബി.ജെ.പി ജില്ല അധ്യക്ഷൻ വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരമെന്ന് സി. കൃഷ്ണകുമാർ
text_fieldsപാലക്കാട്: ബി.ജെ.പി ജില്ല അധ്യക്ഷൻ കെ.എം ഹരിദാസ് വോട്ട് ചെയ്യാത്തത് പാർട്ടി തീരുമാന പ്രകാരമെന്ന് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ. ഹരിദാസിനെ തടഞ്ഞ് ബൂത്തിൽ അനാവശ്യ ഭീതി പരത്താനായിരുന്നു ശ്രമം. ഒരു വോട്ട് കുറഞ്ഞാലും വോട്ടർമാർക്കിടയിൽ ഭീതി ഒഴിവാക്കാൻ തീരുമാനിച്ചെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. പോളിങ് ബൂത്തിന് മുമ്പിൽ നിന്ന് ഷാഫി പറമ്പിൽ വോട്ട് ചോദിച്ചു. ബൂത്തിൽ പ്രശ്നമുണ്ടാക്കി വോട്ടർമാർ വരാതിരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.
അതേസമയം, ഇരട്ട വോട്ട് ആരോപണത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ബി.ജെ.പി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ് വോട്ട് രേഖപ്പെടുത്താനെത്തിയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് വോട്ട് ചെയ്യേണ്ടതില്ലെന്ന നിലപാട് ഹരിദാസ് സ്വീകരിച്ചത്. ജില്ല പ്രസിഡന്റിനെതിരായ ഇരട്ട വോട്ട് ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. ഹരിദാസ് വോട്ട് ചെയ്യാനെത്തിയാൽ ബൂത്ത് ഏജന്റ് ഒബ്ജക്ഷന് ഉന്നയിക്കുമെന്ന് പറഞ്ഞ് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ നേതൃത്വത്തിൽ സുൽത്താൻപേട്ട സ്കൂളിലെ 73ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുകയും ചെയ്തു.
വോട്ടിങ് അവസാനിക്കാറാകുമ്പോൾ ഹരിദാസ് എത്തുമെന്നായിരുന്നു വിവരം. വൈകീട്ട് ആറു വരെ ബൂത്തിന് പുറത്ത് തമ്പടിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിദാസ് വോട്ട് ചെയ്യാന്‍ എത്തുന്നില്ലെന്ന് കണ്ടതോടെ പിരിഞ്ഞു പോവുകയായിരുന്നു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഇതിനിടെ വി.കെ. ശ്രീകണ്ഠൻ എം.പിയും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. പട്ടാമ്പി കൊപ്പത്തും ഹരിദാസിന് വോട്ടുണ്ടെന്നും രണ്ടു തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ കൈവശംവെക്കുന്നത് കുറ്റകരമാണെന്നും ഹരിദാസിനെതിരെ കേസെടുക്കണമെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.
വോട്ട് ചെയ്യാതിരുന്നത് വിവാദം ഒഴിവാക്കാനാണെന്നും തീരുമാനം നേതൃത്വവുമായി ആലോചിച്ചാണെന്ന് ഹരിദാസും വ്യക്തമാക്കി. താന്‍ കുറേക്കാലമായി പാലക്കാട് ബി.ജെ.പി ജില്ല ഓഫിസിലാണ് താമസിക്കുന്നതെന്നും അതിനാലാണ് വോട്ട് ഇവിടേക്ക് മാറ്റിയതെന്നുമായിരുന്നു ഇരട്ട വോട്ട് ആരോപണത്തിൽ ഹരിദാസ് നേരത്തേ പ്രതികരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.