ഇരട്ടവോട്ട്: 30ന് മുമ്പ് നടപടി പൂർത്തിയാക്കാൻ കലക്ടർമാർക്ക് നിർദേശം
text_fieldsതിരുവനന്തപുരം: വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ ഒഴിവാക്കി മാർച്ച് 30ന് മുമ്പ് നടപടികൾ പൂർത്തിയാക്കാൻ കലക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശം. ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ വോട്ടർപട്ടികയിലെ സൂക്ഷ്മപരിശോധന തുടരുകയാണ്. പരിശോധിക്കേണ്ട വിധം വിശദീകരിച്ച് സർക്കുലറും പുറത്തിറക്കിയിരുന്നു. ഇലക്ഷൻ രജിസ്ട്രേഷൻ ഒാഫിസർമാരായ (ഇ.ആര്.ഒ) തഹസിൽദാർമാർക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയാറാക്കുന്നതിനുള്ള ചുമതല. പേരുകൾ ഇരട്ടിപ്പ് വന്നവരുടെ പട്ടിക ബി.എൽ.ഒ മാർക്ക് കൈമാറും. വോട്ടറെ നേരിട്ട് ബന്ധപ്പെട്ട് എവിടെയാണ് വോട്ട് ചെയ്യുന്നതെന്നത് സ്ഥിരീകരിക്കും. ബൂത്തിെൻറ പരിധിയിലുള്ളവര്‍ മാത്രമേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നും ഉറപ്പുവരുത്തണം. അങ്ങനെയല്ലാത്തവരുടെ വിവരങ്ങള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യണം. നടപടികൾ പൂർത്തിയാക്കി 29 നുള്ളിൽ പട്ടിക തിരികെ ഇ.ആര്.ഒമാർക്ക് നൽകണമെന്നാണ് നിർദേശം. 30 ന് കലക്ടർമാർ തെരഞ്ഞെടുപ്പ് കമീഷനും.
മറ്റൊരു സ്ഥലത്തേക്ക് മാറിയവരുടെ പേരുവിവരങ്ങൾ യഥാസമയം നീക്കം ചെയ്യാത്തതാണ് ഇരട്ടിപ്പിന് കാരണമെന്നാണ് വിശദീകരണം. ഇവർ പുതിയ സ്ഥലത്ത് വോട്ടർപട്ടിയിൽ പേര് ചേർക്കും. പലയിടങ്ങളിലും ഒരാളുടെ പേരിൽത്തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. അതേസമയം ഇരട്ടവോട്ട് വിഷയത്തിൽ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇരട്ടവോട്ടുകൾ കൂടുതൽ കണ്ടെത്തുന്ന ബൂത്തുകളിൽ മുഴുവൻസമയ വെബ്കാസ്റ്റിങ് ഏർപ്പെടുത്തുന്നതിന് ആലോചനയുണ്ട്.
ബി.എൽ.ഒമാരുടെ പരിശോധനയിൽ കണ്ടെത്തുന്ന ഇരട്ടവോട്ടുള്ളവരുടെ പേര് ഉൾപ്പെടുത്തിയ പ്രത്യേക പട്ടിക പ്രിസൈഡിങ് ഓഫിസർമാർക്ക് നൽകും. വോട്ടർപട്ടിക അന്തിമമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവ തെരഞ്ഞെടുപ്പ് സമയത്ത് നീക്കം ചെയ്യാനാവില്ല. അതേസമയം ഇരട്ടവോട്ടുകൾ മരവിപ്പിച്ചുള്ള കർശന മുൻകരുതലുകളാണ് ഇനി കമീഷൻ സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.