സന്നിധാനം കൈയടക്കി സംഘ്പരിവാർ;50 വയസ്സ് പിന്നിട്ട സ്ത്രീകളെയും തടഞ്ഞു VIDEO
text_fieldsശബരിമല: ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്ന ശബരിമല രണ്ടാം ദിവസവും സംഘർഷഭരിതം. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കെ, സന്നിധാനം പ്രതിഷേധക്കാർ ൈകയടക്കി. ദർശനത്തിനെത്തിയ 50 വയസ്സ് പിന്നിട്ട സ്ത്രീകളെയും തടഞ്ഞു. ചിലർക്ക് മർദനവുമേറ്റു. മാധ്യമ പ്രവർത്തകർക്കു നേരെയും ആക്രമണം. കണ്ടാലറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. ആചാരം ലംഘിച്ച് സ്ത്രീകളെത്തിയാൽ തടയാനുള്ള സമരത്തിന് ചുക്കാൻ പിടിച്ച ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരിയുടെ നേതൃത്വത്തിൽ പതിനെട്ടാംപടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറിയും ശ്രീകോവിലിന് പിൻതിരിഞ്ഞുനിന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തുമുള്ള കടുത്ത ആചാര ലംഘനത്തിനും സന്നിധാനം സാക്ഷിയായി.
തന്ത്രിക്കും മേൽശാന്തിക്കും പന്തളം രാജാവിനും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പടികയറാൻ അവകാശം. ഇരുമുടിക്കെട്ടില്ലാതെ പടികയറിയത് ആചാര ലംഘനമാണെന്ന് തന്ത്രി കണ്ഠരര് രാജീവരും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് ശശികുമാര വർമയും പ്രതികരിച്ചു. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന നിലയിലായിരുന്നു ചൊവ്വാഴ്ച ഉച്ചവരെ സന്നിധാനം. യുവതികളെത്തില്ലെന്ന് ഉറപ്പായതിനാൽ ഉച്ചയോടെ പ്രതിഷേധക്കാർ മലയിറങ്ങി.
വൈകീട്ട് സമാധാന അന്തരീക്ഷത്തിലാണ് നടതുറന്നത്. ചിത്തിര ആട്ടവിശേഷ പൂജകൾ പൂർത്തിയാക്കി രാത്രി 10ഒാടെ നടയടച്ചു. പൊലീസ് സംയമനം പാലിച്ചതിനാൽ വൻ സംഘർഷം ഒഴിവായി. അക്രമികൾ വരുന്നത് തടയാൻ പൊലീസ് നടത്തിയ മുന്നൊരുക്കമെല്ലാം പാഴായി. 8000 പേരിലേറെ വരുന്ന പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ആയിരത്തോളം പൊലീസുകാരാണ് ഉണ്ടായിരുന്നത്. പൊലീസിെൻറ കണ്ണുവെട്ടിച്ച് കെ. സുരേന്ദ്രനടക്കമുള്ളവർ വനപാതയിലൂടെ സന്നിധാനത്തേക്ക് നുഴഞ്ഞു കയറുകയായിരുന്നു. ഇത് സുരക്ഷാ വീഴ്ചക്ക് തെളിവുമായി.
ചൊവ്വാഴ്ച രാവിലെ ആറരയോടെ സന്നിധാനത്ത് ഒരു സ്ത്രീ എത്തിയതോടെയായിരുന്നു പ്രതിഷേധത്തിെൻറ തുടക്കം. 50ന് മുകളിൽ പ്രായമുണ്ടെന്ന് ബോധ്യമായിട്ടും പ്രതിഷേധക്കാർ അടങ്ങിയില്ല. വൻ കൂട്ടമായെത്തിയവരുടെ ഉന്തിലും തള്ളിലുംപെട്ട ഇവരെ ഏറെ പണിപ്പെട്ടാണ് പൊലീസ് സന്നിധാനം ഗവ. ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റിയത്. ഇൗസമയം 5000ത്തിലേറെപ്പേർ നടപ്പന്തലിലും വാവരുനടമുറ്റത്തുമായുണ്ടായിരുന്നു. ഇവർ ഒന്നാകെ ശരണംവിളി ആരംഭിച്ചതോടെ, ആകെ സംഘർഷാവസ്ഥയായി. തുടർന്നാണ് ആചാരം ലംഘിച്ച് പതിനെട്ടാംപടിയും പ്രതിഷേധക്കാർ സമരവേദിയാക്കിയത്.
സന്നിധാനത്ത് അവിടവിടെ കൂട്ടംകൂടിയവർ അക്രമാസക്തരായി പ്രതിഷേധം ഉയർത്തിയതോടെ സമാധാനം പാലിക്കാൻ ഉപദേശിക്കാൻ പൊലീസിന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലേങ്കരിയുടെ സഹായം തേടേണ്ടിയും വന്നു. പോലീസ് മൈക്കിലായിരുന്നു ഇദ്ദേഹത്തിെൻറ സമാധാന ആഹ്വാനം. ശനിയാഴ്ച രാത്രി 12 മുതൽ ചൊവ്വാഴ്ച രാത്രി 12വരെ നിലക്കൽ മുതൽ സന്നിധാനംവരെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതെല്ലാം കാറ്റിൽപറത്തി നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെല്ലാം ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ സംഘടിച്ച് പ്രതിഷേധമുയർത്തി. സംഘ്പരിവാർ സംഘടനകൾ പ്രവർത്തകരെ കൂട്ടത്തോടെ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.