ഒറ്റ ക്ലിക്കിൽ സ്ത്രീധന പീഡന വീരൻമാരെ കുടുക്കാം
text_fieldsതിരുവനന്തപുരം: സ്ത്രീധന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാൻ വനിത ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമായതായി മന്ത്രി വീണ ജോര്‍ജ്. വനിത ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയാണ് പോര്‍ട്ടല്‍ നാടിന് സമര്‍പ്പിച്ചത്. ഓണ്‍ലൈനായി പരാതി നല്‍കാനും നടപടിയെടുക്കാനും സാധിക്കും.
വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപേക്ഷ ലഭിച്ചു മൂന്നു പ്രവൃത്തി ദിവസത്തിനകം ഡൗറി പ്രൊഹിബിഷന്‍ ഓഫിസറുടെ പ്രതിനിധി പരാതിക്കാരുമായി ബന്ധപ്പെടും. വധുവിന്റെ കുടുംബം വരനോ വരന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ സ്ത്രീധനം നല്‍കുന്നത് ശ്രദ്ധയിൽപെട്ടാല്‍ പരാതി നല്‍കാം. സ്ത്രീധന ദുരിതബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പരാതി നല്‍കാം.
എങ്ങനെ പരാതിപ്പെടാം
http://wcd.kerala.gov.in/dowry എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരാതി സമര്‍പ്പിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ മൊബൈല്‍ നമ്പര്‍ നല്കി ഒ.ടി.പി സബ്മിറ്റ് ചെയ്യുക
അടിസ്ഥാന വിവരങ്ങള്‍ ടൈപ്പ് ചെയ്യണം. വിവരം നല്കുന്നയാളിന്റെ പേര്, ഇ മെയില്‍ ഐ.ഡി എന്നിവ നല്‍കണം
ദുരിതം അനുഭവിക്കുന്ന സ്ത്രീയുടെ വിശദാംശങ്ങള്‍, സംഭവം നടന്ന സ്ഥലം, വിലാസം, പരാതിയുടെ സ്വഭാവം, സ്ത്രീധനമായി ആവശ്യപ്പെട്ടത് എന്താണ്, ബന്ധപ്പെടേണ്ട നമ്പര്‍, ഇ മെയില്‍ എന്നിവ നല്‍കണം.
മുമ്പ് പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം.
രേഖകള്‍ അപ്ലോഡ് ചെയ്തശേഷം സെക്യൂരിറ്റി കോഡ് നല്കി സബ്മിറ്റ് ചെയ്യാം.
രജിസ്ട്രേഷൻ പൂര്‍ത്തിയായാൽ എസ്.എം.എസ് വരും. ഓരോ ഘട്ടത്തിലും എസ്.എം.എസ് ലഭിക്കും. ആവശ്യമെങ്കില്‍ പൊലീസ് സഹായവും നിയമസഹായവും നല്‍കും. പൊലീസിന്റെയും നിയമവിദഗ്ധരുടെയും ഉപദേശം, സൈക്കോളജിക്കല്‍ കണ്സല്ട്ടേഷന് എന്നീ സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ വകുപ്പ് വഴി നടപ്പിലാക്കുന്ന 'കാതോര്‍ത്ത്' പദ്ധതി മുഖേന ലഭ്യമാക്കാനും നടപടി സ്വീകരിക്കും. സംശയങ്ങള്‍ക്ക് 0471 2346838.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.