ഓർമയിൽ നിറഞ്ഞ് വിസ്മയ
text_fieldsകൊല്ലം: ‘ഇനിയൊരു പെൺകുട്ടിക്കും ഈ അനുഭവം ഉണ്ടാകരുത്, ഇനിയൊരു മാതാപിതാക്കൾക്കും ഈ ഗതിവരരുത്’സ്ത്രീധനമെന്ന സാമൂഹിക വിപത്തിന്റെ ഇരയായി മരണത്തിലേക്ക് മകൾ ഇറങ്ങിപ്പോകാൻ കാരണക്കാരൻ കുറ്റക്കാരനെന്ന് കോടതി വിധിച്ചപ്പോൾ ത്രിവിക്രമൻ നായരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വിസ്മയക്ക് നീതി ലഭിച്ചെങ്കിലും തന്റെ മകളുടെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. സ്ത്രീധനത്തിന്റെ പേരിൽ ‘വിസ്മയമാർ’വീണ്ടും പൊലിയുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഡോ. ഷഹന. വിസ്മയയുടെ ജീവിതവും മരണവും മലയാളികളെ ഒന്നും പഠിപ്പിച്ചില്ല.
2021 ജൂൺ 21ന് ജീവൻ പൊലിഞ്ഞ വിസ്മയയുടെയും കഴിഞ്ഞദിവസം ജീവിതമവസാനിപ്പിച്ച ഡോ. ഷഹനയുടെയും ജീവിതസാഹചര്യങ്ങൾ വ്യത്യസ്തമാകുമ്പോഴും സ്ത്രീധനമെന്ന ശാപത്തിന്റെ നൂലിൽ മുറുക്കി ശ്വാസംമുട്ടിച്ച് ഇരുവരെയും കൊല്ലുകയായിരുന്നെന്ന യാഥാർഥ്യം അവരെ ഒരേ ദുരന്തകഥയിലെ മുഖങ്ങളാക്കുന്നു. രണ്ടുപേരും ആതുരസേവനരംഗം തെരഞ്ഞെടുത്ത മിടുക്കികൾ. ഷഹന എം.ബി.ബി.എസ് പൂർത്തിയാക്കി പി.ജി ചെയ്യുകയായിരുന്നെങ്കിൽ വിസ്മയ ബി.എ.എം.എസ് പഠനത്തിലായിരുന്നു. രണ്ടുപേരുടെ കാര്യത്തിലും സ്ത്രീധനത്തിന് മുന്നിൽ സ്നേഹബന്ധം തോറ്റു. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിലൂടെ ഒപ്പംകൂടിയ കിരൺകുമാറിനെ ഏറെ സ്നേഹിച്ച വിസ്മയക്ക്, കിട്ടിയ സ്ത്രീധനം പോര എന്ന പേരിൽ അയാൾ നൽകിയ മുറിവുകളാണ് ജീവനെടുക്കുന്ന കുടുക്കായത്. ഡോ. ഷഹനയെ മരണത്തണുപ്പിലേക്ക് തളർത്തിയത് പ്രണയിച്ച് ഒപ്പംനിൽക്കുമെന്ന് വാക്കുനൽകിയയാളും. അയാളുടെ കുടുംബവും ലക്ഷ്യമിട്ടത് ‘കുട്ടക്കണക്കിന്’സ്ത്രീധനമായിരുന്നു. ഇരുകേസിലും പ്രതികൾ സമൂഹത്തിൽ മികച്ച പദവി അലങ്കരിക്കുന്നവർ. വിസ്മയ കേസ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചത് പോലെ ഡോ. ഷഹനയുടെ ദുരന്തവും വാർത്തകളിൽ നിറയുകയാണ്. വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകിയതുപോലെ, സ്ത്രീധനത്തിനെതിരെ കർശന നടപടി എന്ന ‘ഉറപ്പ്’ സർക്കാർ ഇപ്പോഴും ആവർത്തിക്കുന്നു.
സ്ത്രീധനപീഡന മരണം എന്ന വകുപ്പ് തെളിയിച്ച് പ്രതിക്ക് ശിക്ഷ വാങ്ങിനൽകിയ അപൂർവം കേസായിരുന്നു വിസ്മയയുടേത്. മരണമൊഴി പോലെ കോടതി പരിഗണിച്ച വിസ്മയയുടെ കാൾ റെക്കോഡുകളും മെസേജുകളും ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ പ്രതി കിരൺകുമാറിന് ശിക്ഷവാങ്ങിനൽകുന്നതിൽ നിർണായകമായി.
ഡോ. ഷഹനയുടെ കേസിലും ഹൃദയം തകർക്കുന്ന ആത്മഹത്യകുറിപ്പും ഡോ. റുവൈസ് സ്ത്രീധനം ആവശ്യപ്പെട്ടതിന് തെളിവായുണ്ടെന്ന് പൊലീസ് പറയുന്ന ഡിജിറ്റൽ മെസേജുകളും നിർണായകമാകും. വിസ്മയക്കെന്നപോലെ ഷഹനക്കും നിയമത്തിന് മുന്നിലെങ്കിലും നീതി കിട്ടട്ടെ എന്ന പ്രത്യാശ മാത്രമാണ് ബാക്കി.
‘സ്ത്രീധനത്തിന് അന്ത്യമുണ്ടാകണം’
എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല, ഒരച്ഛൻ എന്ന നിലയിൽ ഞാൻ അനുഭവിച്ച അതേ വേദന ആ കുടുംബവും അനുഭവിക്കുകയാണ്. അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല. എന്റെ മകൻ ചാനലുകളിൽ ഇരുന്ന് കരഞ്ഞതുപോലെയാണ് ഡോ. ഷഹനയുടെ സഹോദരനെയും കാണുന്നത്. ഇത്തരം ഹീന പ്രവൃത്തികൾ കൂടുതൽ നടക്കുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്.
ഏറെ വിദ്യാസമ്പന്നരും സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായവരുമുള്ള ഈ സ്ഥലങ്ങളിൽ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ പരിഹാരം കണ്ടേതീരു. വിസ്മയയുടെ കേസിനുശേഷം പരസ്യമായി സ്ത്രീധനം ചോദിക്കുന്നത് കുറഞ്ഞു. എന്നാൽ, രഹസ്യമായി അത് നടക്കുന്നു. ഇതിന് അന്ത്യമുണ്ടാകണം. സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് കരുതുന്നു. ഷഹന മോൾക്ക് നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ.
(ത്രിവിക്രമൻ നായർ, വിസ്മയയുടെ പിതാവ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.