വികസന പദ്ധതികളുടെ ഡി.പി.ആർ വിവരാവകാശ പരിധിയിൽ
text_fieldsകൊച്ചി: വികസന പദ്ധതികൾ സംബന്ധിച്ച വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ദേശീയ വിവരാവകാശ കമീഷൻ.
ഇതിന്റെ അടിസ്ഥാനത്തിൽ ഇടപ്പള്ളി-മൂത്തകുന്നം സ്ട്രെച്ചിലെ എൻ.എച്ച് 66 നിർമാണവും വികസനവും സംബന്ധിച്ച ഡി.പി.ആർ വിവരാവകാശ നിയമപ്രകാരം പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ടു. പദ്ധതിയുടെ പരിസ്ഥിതി, സാമൂഹിക ആഘാതപഠനവും പുറത്തുവിടണം. വികസന പദ്ധതികളുടെ ഡി.പി.ആർ പൊതുജനത്തിന് ലഭ്യമാക്കുന്നത് സംബന്ധിച്ച് അധികാര കേന്ദ്രങ്ങൾ വിമുഖത പ്രകടിപ്പിക്കുമ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് ദേശീയ വിവരാവകാശ കമീഷണർ അമിത് പാണ്ഡോവിന്റെ ഉത്തരവ്.
എൻ.എച്ച് 66 നിർമാണവുമായി ബന്ധപ്പെട്ട് 2018 ഡിസംബറിൽ 'ഗ്രീൻ എർത്ത്' എന്ന സംഘടനയുടെ സെക്രട്ടറിയും എറണാകുളം ചേരാനല്ലൂർ നിവാസിയുമായ എൻ.കെ. സുരേഷാണ് അപേക്ഷ നൽകിയത്.
ദേശീയപാത അതോറിറ്റിയുടെ എറണാകുളം പ്രോജക്ട് ഓഫിസിൽ സമർപ്പിച്ച ആദ്യ അപേക്ഷ നിരസിച്ചതിന് എതിരായ രണ്ടാം അപ്പീലിലാണ് ഉത്തരവ് വന്നത്. ഡി.പി.ആർ പകർപ്പ് നൽകുമ്പോൾ ഏതെങ്കിലും മൂന്നാം കക്ഷിയുടെ വ്യക്തിവിവരങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിൽ അത് നൽകേണ്ടതില്ല. മൂന്ന് മാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് റിപ്പോർട്ട് കമീഷന് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കമീഷന് മുന്നിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയ ഹൈവേ അതോറിറ്റി എറണാകുളം പ്രോജക്ട് ഡയറക്ടർ ഓഫിസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് പിഴ, വകുപ്പുതല നടപടി തുടങ്ങിയവ ഏർപ്പെടുത്താതിരിക്കാൻ കാരണം കാണിക്കാനും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.