‘നിങ്ങള്‍ക്ക് പൊന്നാനി അറിയോ, അവിടെ പോയിട്ടുണ്ടോ?’
text_fields“നിങ്ങള്‍ക്ക് പൊന്നാനി അറിയോ, അവിടെ പോയിട്ടുണ്ടോ?, അതു നിങ്ങളുടെ അവിടുന്നു എത്ര ദൂരം വരും. അവിടെ എല്ലാരും മലബാരി പറയും അല്ലേ, എെൻറ ആളുകള്‍ അവിടെയാണുള്ളത്. ഞാന്‍ പോയിട്ടില്ല. കാണണമെന്നുണ്ട്. ഇപ്പോള്‍ വയസ്സായില്ലേ. ഇനി പോകാന്‍ പറ്റുമോ.” നന്നായി മലബാരി ഭാഷ സംസാരിക്കുന്ന ഹാജി മൊയ്തീന് അഹമ്മദ് അമ്പത്തി ഒന്നു മൈല്‍ യാത്ര ചെയ്താണ് കാലിഫോർണിയയുടെ തലസ്ഥാനമായ സക്രിമെെൻറായിലേക്ക് ഞങ്ങളെ കാണാന്‍ എത്തിയത്. അദ്ദേഹം മഞ്ഞ കവറില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ച കടലാസുകള്‍ എടുത്തു നീട്ടി.
അദ്ദേഹം മൗനത്തുല്‍ ഇസ്ലാം അസോസിയേഷന് ഓഫ് ഫിജിയുടെ നാഷനല്‍ പ്രസിഡൻറ് ആയിരുന്ന കാലത്ത് പുറത്തിറക്കിയ മാഗസിെൻറ പ്രധാന പേജുകളുടെ കളര്‍ ഫോട്ടോകോപ്പിയാണ്. എെൻറ റിസേർച്ച് താൽപര്യങ്ങളെ ആരാവും ഇദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടാവുക. ഫിജിയിലേക്കെത്തിയ മലബാരികളുടെ പേരുവിവരങ്ങള്‍ അതിലുണ്ടായിരുന്നു. ഹൈദ്രോസ് മൗലവി, മുഹമ്മദ് തങ്ങള്‍, ഏനിക്കുട്ടി, സൂഫി കാക്ക, ഹസ്സന് കോയ, ഇട്ടു, അയ്മുട്ടി, സീദി കോയ, മൊയ്തീന് കോയ, പോക്കര് ഹാജി, അലി കാക്ക, മമ്മു, ഹസൈനര്‍ മൗലവി. മൂസ കാക്ക, ഉണ്ണി, ഏന്തീന്‍ കുട്ടി, പാറുകുട്ടി, വേലുകുട്ടി, കുട്ടിആലി, കുഞ്ഞുട്ടി, മരക്കാര്‍, ബീരാന്, അന്ത്രു മൗലവി, മോയിതീന്‍ കുട്ടി, അവറാന്, വെള്ളകുട്ടി, മൊയ്തീന് മൊല്ലാക്ക, ഹസ്സന് കുട്ടി, ബറാ കുട്ടി തുടങ്ങിയ ആദ്യകാല ആളുകളെ അദ്ദേഹം ഓർത്തെടുത്തു. ലോടോക്ക, ബാ, സുവ, ലബാസ, നൌസോറി തുടങ്ങിയിടങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇത്രയും മുന്നൊരുക്കത്തോടെ കാണാന്‍ എത്തിയ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു. അന്നത്തെ ജുമുഅ നമസ്കാരത്തിന് ആ പള്ളിയില്‍ ഫിജിയില്നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത നൂറിലധികം പേരുണ്ടായിരുന്നു. അതില്‍ രണ്ടു പേർക്കാണ് മലബാരി ഭാഷ അറിയുന്നത്. അതില്‍ ഏറ്റവും നന്നായി സംസാരിക്കുന്ന പഴയ തലമുറയിലെ കാരണവരാണ് ഹാജി മൊയ്തീന്. അദ്ദേഹം രണ്ടായിരത്തിലാണ് അമേരിക്കയിലെത്തിയത്. 1935 സെപ്റ്റംബറില്‍ ഫിജിയിലെ ലോട്ടോക്കയില് ജനിച്ചു. മാതാപിതാക്കളില്‍നിന്നു ലഭിച്ച മലബാരി ഓർമകള്‍ ഹാജി മൊയ്തീനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹം തെൻറ ഉമ്മയുടെ ഓർമകളെ കുറിച്ചു പറഞ്ഞു.
പിന്നെ പള്ളിയിലെ പാൻട്രിയുടെ അടുത്തു സജ്ജീകരിച്ചിട്ടുള്ള മേശയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ നിരത്തിവെച്ച മലബാരി പലഹാരങ്ങളെ പരിചയപ്പെടുത്തി. “ഇത് ചീരിണിയാണ്. വീട്ടില്‍നിന്നു കൊണ്ടുവന്നതാ. നെയ്യപ്പം അറിയില്ലേ.” ഒരു നെയ്യപ്പം നാലു കഷ്ണങ്ങള്‍ ആക്കി മുറിച്ച് വലിയ തളികയില്‍ വെച്ചിരിക്കുന്നു. എടുത്തു കഴിക്കാന്‍ പറഞ്ഞു. പിന്നെ ഒരു കഷണം എടുത്തുതന്നു നിർബന്ധിച്ചു. രുചിഭേദങ്ങളെ കുറിച്ചു ചോദിച്ചു: “നാട്ടിലൊക്കെ നെയ്യപ്പം ഇങ്ങനെ തന്നെയല്ലേ. വെള്ളിയാഴ്ച പള്ളിയിലൊക്കെ ഒരുപാടു കൊണ്ടുവരുമോ? മലബാറില്‍ ഇന്ന് ഏത് പള്ളിയിലാ സ്നേഹത്തില്‍ പൊള്ളിച്ചെടുത്ത നെയ്യപ്പം ലഭിക്കുക. ഞാന്‍ ചിരിച്ചു. അന്യംനിന്നുപോയ സാമൂഹിക സാംസ്കാരിക ചിന്തകളെ കുറിച്ചു പറയുന്നതിലും എനിക്കു തൽപര്യം അദ്ദേഹത്തില്‍നിന്നു കൂടുതല്‍ കേൾക്കാനും അനുഭവിക്കാനുമായിരുന്നു. ഓരോരുത്തരും സന്തോഷത്തോടെ അത് ആസ്വദിച്ച് തിന്നുന്നത് കണ്ടു.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ പിന്നെയും അദ്ദേഹം വീട്ടുകാരെക്കുറിച്ചു സംസാരിച്ചു. നെയ്യപ്പത്തിെൻറ മധുരമൂറും സ്നേഹം സമ്മാനിച്ച പൊന്നുമ്മ ആമിനയെക്കുറിച്ച് പിന്നെ ഉപ്പ അഹ്മദിനെ കുറിച്ചും അവര്‍ അനുഭവിച്ച ത്യാഗങ്ങളെ കുറിച്ചും അദ്ദേഹം ഗദ്ഗദത്തോടെ സൂചിപ്പിച്ചു. തനതു മലബാരി തനിമയോടെയുള്ള അദ്ദേഹത്തിെൻറ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ മനസ്സിലാകൂ. പല പദങ്ങളും ഇന്നു നിലവിലില്ലാത്തതാണ്. ചിലതിെൻറ അർഥത്തില്‍ വ്യത്യാസമുണ്ട്. തലമുറകളുടെ സാംസ്കാരിക വിനിമയങ്ങളുടെ ശക്തമായ കണ്ണിയായി ഇദ്ദേഹം മലബാറിനെ സൗത്ത് പസഫിക് അനുഭവങ്ങളിലൂടെ അമേരിക്കന്‍ ഭൂഖണ്ഡവുമായി അടുപ്പിക്കുന്നു.
മറ്റുള്ളവരെ പരിചയപ്പെടുത്തുന്നതിലും ഇദ്ദേഹം ശ്രദ്ധകാണിച്ചു. മലബാരി തനിമ കാത്തുസൂക്ഷിക്കുന്നവരെയാണ് കൂടുതലും കൂട്ടിക്കൊണ്ടുവന്നത്. അതില്‍ പ്രധാനിയാണ് മുഹമ്മദ് അയൂബ്. ഫിജിയില്നിന്നും അമേരിക്കയിലേക്ക് മാറി താമസിച്ചതാണ്. എന്നാല്‍, ഹാജി മോയിതീെൻറ മലബാറിയോളം വരില്ല ഇദ്ദേഹത്തിെൻറ ഭാഷാപരിചയം. മുഹമ്മദ് അയൂബിെൻറ ഉപ്പാപ്പ കമ്മുകുട്ടിയാണ് മലബാറില്‍നിന്നു ഫിജിയിലേക്ക് കുടിയേറിയത്. പിതാവ് മൊയ്തീന് കുട്ടിയില്‍നിന്നു കെട്ടുപഠിച്ച ചെറിയ പ്രാദേശിക മലബാരി ഭാഷാപരിചയമേ ഇദ്ദേഹത്തിനുള്ളൂ. എന്നാലും മലബാരി മഹാത്മ്യം ഫിജിയില്‍ സാംസ്കാരിക സമൂഹത്തെ സൃഷ്ടിച്ചുവെന്നും അത് സമൂഹത്തില്‍ വളരെയധികം നന്മകള് വളർത്തിയെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
ഫിജിയില്നിന്നും കാനഡയിലേക്ക് കുടിയേറുകയും അവിടെയുള്ള മലബാരി സമൂഹത്തോടൊപ്പം ഒരുപാടു കാലം ജീവിക്കുകയും ചെയ്ത വ്യക്തിയാണ് മുഹമ്മദ് റഫീക്. ഇദ്ദേഹത്തിെൻറ പിതാവ് അബൂബക്കര്‍ മൗലവി ഫിജിയിലെ മതകാര്യങ്ങളുടെ ചുമതലക്കാരനായിരുന്നു. ഇദ്ദേഹത്തിെൻറ പിതാമഹന് വേലുകുട്ടി മുഹമ്മദ് ആണ് മലബാറില്‍നിന്നു ഫിജിയിലെത്തിയത്. എല്ലാവരെയും പരിചയപ്പെടുത്തി പിന്നെ ഒരുപാടു നാട്ടുവർത്തമാനങ്ങളും പഴയ കാല മൗനത്തുല്‍ ഇസ്ലാം സഭയുടെ പ്രവർത്തനങ്ങളും വിശദീകരിച്ചു.
പിരിയാന്‍ നേരം അദ്ദേഹം തെൻറ വിലാസം കുറിച്ചുതന്നു -ഹാജി മൊയ്തീന് 2728 ഹൂസ്റ്റണ്‍ എ.വി. കാലിഫോർണിയ- എന്തെങ്കിലും വിവരം പഴയ കുടുംബത്തെ കുറിച്ചു കിട്ടിയാല്‍ അറിയിക്കണമെന്ന നിർദേശവും. “പൊന്നാനിയില്‍ പോകുമ്പോള്‍ ഒന്നു അന്വേഷിക്കണം. മലബാറിലേക്ക് വരണമെന്നുണ്ട്. ഈ പ്രായത്തില്‍ ഇനി പോകാന്‍ പറ്റുമോ?” അതായിരുന്നു അദ്ദേഹത്തിെൻറ ആധിമുഴുവന്‍. പൊന്നാനി ഭാഗത്തുനിന്ന് ഫിജിയിലേക്ക് നിർബന്ധിത തൊഴിലിനു കൊണ്ടുപോയവരിൽപെട്ടതാണ് ഹാജി മോയിതീെൻറ കുടുംബം. തലമുറകളായി ഇവര്‍ തങ്ങളുടെ ആളുകളെ മനസ്സുകൊണ്ടും ശരീരംകൊണ്ടും ബഹുമാനിക്കുന്നു.
ആ പള്ളിയില്‍നിന്നു പിരിഞ്ഞുപോരുന്ന നേരം പ്രധാന അറിയിപ്പായി പറഞ്ഞത് അടുത്ത ഞായറാഴ്ച റമദാന് ടെൻറുകള്‍ സജ്ജീകരിക്കുന്നതിന് സഹായിക്കാന്‍ എല്ലാവരും വരണമെന്നാണ്. ഇത് കേട്ടപ്പോള്‍ ഹാജി മൊയ്തീന് പഴയകാല റമദാന് ഓർമകളെ കുറിച്ചു പറഞ്ഞു തുടങ്ങി. രണ്ടു മാസത്തെ റമദാന് ഒരുക്കങ്ങളും തനതു രുചിക്കൂട്ടുകളുടെ മലബാര്‍ റമദാനും അദ്ദേഹം ഓർമിച്ചെടുത്തത്. എൺപത്തി മൂന്നുകാരനായ ഇദ്ദേഹത്തിനു പത്തു മക്കളുണ്ട്. പിന്നെ പേരമക്കളും കൊച്ചുമക്കളും. എന്നാലും ചെറുപ്പത്തിലെ റമദാനോളം വരില്ല അദ്ദേഹത്തിനു അമേരിക്കന്‍ റമദാന് പകിട്ടുകള്‍.
പൊന്നാനിയിലെ വലിയ പള്ളിയെക്കുറിച്ചും തെരുവുകള്‍ പകലാക്കുന്ന പഴയകാല റമദാന് ഓർമകളെ കുറിച്ചും ഒരു പാടുതവണ പൂർവികരില്‍നിന്നു കേട്ടിട്ടുണ്ട്. ഇത്രയും നിറപ്പകിട്ടാർന്ന ഓർമകളാണ് ഇവർ ഖൽബിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ഹാജി മോയ്തീെൻറ കണ്ണില്‍ മലബാരി റമദാന് തിളക്കവും കാതിൽ മലബാര്‍ ഇശലുകളും നാവില്‍ സ്നേഹമൂറും പലഹാരങ്ങളുടെ രുചിയും.
മലബാര്‍ ഓർമകളെ അക്കാദമിക് മികവോടെ വിലയിരുത്തിയ ഫിജി മലബാരിയാണ് റിയാദ് കോയ. ബെർകിയലിയിലെ കാലിഫോർണിയയ യൂനിവേഴ്സിറ്റിയിൽ ഹിസ്റ്ററിയില്‍ ഗവേഷകനായ ഇദ്ദേഹം ഇന്ത്യയില്‍നിന്നുള്ള നിർബദ്ധിത തൊഴിലാളികളുടെ വിവാഹ ചരിത്രത്തെക്കുറിച്ചാണ് ഗവേഷണം നടത്തുന്നത് (1850-1955 ). ഫിജിക്കാരനായ ഇദ്ദേഹത്തിെൻറ പിതാവ് അമേരിക്കയില്‍നിന്നു വിവാഹം കഴിച്ചു അതിലുണ്ടായ കുട്ടിയാണ് റിയാദ് കോയ. കോഴിക്കോട് നല്ലളത്താണ് ഇവരുടെ പഴയ തലമുറ ജീവിച്ചിരുന്നത്. പ്രാദേശിക ഭാഷ അധികമറിയില്ല. ഇദ്ദേഹം ഉപയോഗിക്കുന്ന വാക്കുകള്‍ ഉപ്പാപ്പ, ഉപ്പ, എളാപ്പ, എളാമ തുടങ്ങിയ വാക്കുകള്‍ മാത്രമാണ്.
വളരെ പ്രശസ്തനായിരുന്ന എം.എസ്. കോയയുടെ പിതാവ് മൊയ്തീന് കോയയാണ് ഫിജിയിലേക്ക് ആദ്യമെത്തിയത്. റിയാദിന് ഉപ്പാപ്പയോട് അധികം സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഉള്ള ചില ഓർമകള്മാത്രമാണ്. എം.എസ്. കോയ ചേരമാന്‍ പെരുമാളുടെ കഥയെല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ട്. ബായിലെ സ്കൂളില്‍ അദ്ദേഹം അധ്യാപകനായിരുന്നു. പിന്നീട് പ്രതി പക്ഷനേതാവായി വളർന്നു . വീട്ടില്‍നിന്നു കേട്ട മലബാരി കഥകളുടെ യാഥാർഥ്യം തേടിയായിരുന്നു അക്കാദമിക് അന്വേഷണത്തിെൻറ ആദ്യ ചുവടുകള്‍. ഇത് ഗവേഷണവിഷയമായി എടുത്തു. മലബാറില്‍ നിന്നുവന്ന മൂന്നു മൊയ്തീന് കോയമാരെ കുറിച്ചു പറഞ്ഞു.
രണ്ടു കപ്പലുകളിലാണ് ഇദ്ദേഹത്തിെൻറ കുടുംബങ്ങള്‍ ഫിജിയിലേക്ക് പോയത്. ഖത്തിമ് ദാദ പറഞ്ഞ കഥയില്‍ ഒരുപാടു പുതുമയാർന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നു. മൊയ്തീന് കോയ പണ്ട് ചെറിയ ഒരു ഷോപ്പ് നടത്തിയിരുന്നു. എന്നാല്‍, ഇവിടെ ഉണ്ടായ വലിയ സാമ്പത്തിക തകർച്ചയാകാം ഫിജിയിലേക്ക് പോരാന്‍ പ്രേരിപ്പിച്ചത്. ഭാര്യയെയും കുട്ടികളെയും കൂട്ടിയാണ് അവര്‍ കപ്പല്‍ കയറിയത്. ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ രണ്ടു പേരുടെ പാസ്സുകള്‍ കാണുന്നില്ല. കുട്ടികള്‍ യാത്രക്കിടെ മരിച്ചുവെന്നാണ് കരുതേണ്ടത്. എന്നാല്‍, ഇത് ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. മറ്റൊരാള്‍ ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്നു അങ്ങനെ ഹോങ്കോങ്ങില്‍ നിന്നു ചൈനക്കാരിയെ വിവാഹം കഴിച്ചു നാട്ടിലേക്കു കൊണ്ടുവന്നപ്പോള്‍ ബ്രിട്ടീഷ്കാര് അവരെ അവിടെ ഇറങ്ങാന്‍ സമ്മതിച്ചില്ല.
കൂടുതല്‍ വിവരങ്ങൾക്ക് ഹാജി മൊയ്തീന് സാഹിബിനെ കാണാനായിരുന്നു റിയാദിെൻറയും നിർദേശം. എന്നാല്‍, അങ്ങോട്ട് ചോദിക്കുന്നതിന് മുെമ്പ വിവരങ്ങളുമായി വന്നു മനസ്സു നിറക്കുകയും നെയ്യപ്പത്തിെൻറ കുടിയേറ്റ രുചിയുടെ മേന്മ യറിയിക്കുകയും ചെയ്ത ഹാജി മൊയ്തീനുമായുള്ള നിമിഷങ്ങള്‍ ഏറെ പ്രയോജനകമായിരുന്നു. കൂടുതല്‍ അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ നൂറ്റാണ്ടുകൾക്കുമുന്പ് നാടുവിട്ടവരെ കുറിച്ചു അന്വേഷിക്കുമ്പോഴും അദ്ദേഹത്തിന് പകർന്നു നൽകുന്നുണ്ടായിരുന്നത് അവര്‍ അന്ന് നാട്ടില്‍നിന്നു കൊണ്ടുപോയ നെയ്യപ്പത്തിെൻറ അതിശയിപ്പിക്കുന്ന റെസിപിയും കൊതിയൂറും രുചിയുമാണ്.
പിന്നെ പൂർവപിതാക്കള്‍ സമ്മാനിച്ച ഉൾകരുത്തുള്ള നോേമ്പാർമകളും. ഇതില്‍നിന്നു പൊന്നാനിയെ അറിയാന്‍ കഴിയുമോ? എന്നാല്‍, ഒന്നറിയാം മൊയ്തീന് സാഹിബിെൻറ മനസ്സില്‍നിന്നും ഒട്ടും അകലെയല്ല മലബാറിലെ ഒാർമ മുറ്റിനിൽക്കുന്ന ചെറിയ അങ്ങാടികള്‍, പ്രത്യേകിച്ചും പൊന്നാനിയും, താനൂരും, പരപ്പനങ്ങാടിയും ബേപ്പൂരുമെല്ലാം.
ചിത്രങ്ങൾ: അജീബ് കൊമാച്ചി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.