സ്വന്തം സ്ഥാനാർഥിയെ പൂജ്യം വോട്ടില്‍ തോല്‍പിച്ചവനെ വിജയരഥത്തില്‍ ഊരുചുറ്റിക്കുന്നു -ഡോ. ആസാദ്
text_fieldsകോഴിക്കോട്: കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയുമായി വിജയരഥത്തിൽ എഴുന്നള്ളിച്ചതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയരഥത്തില്‍ ഊരുചുറ്റിക്കുന്നത് ഇടതുപക്ഷ അശ്ലീലമാണെന്ന് ഡോ. ആസാദ് ഫേസ്ബുക്കിൽ കുറിച്ചു.
കൊടുവള്ളിയിലേത് കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ലെന്നും ഡോ. ആസാദ് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ കണ്ടു. ഒന്ന് പാലക്കാട് നഗരസഭാ കെട്ടിടത്തിനുമേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നതാണ്. മറ്റൊന്ന് കാരാട്ടു ഫൈസലിന്‍റെ വിജയരഥം.
ഒരു നഗരസഭയിലെ വിജയം ബി.ജെ.പിയെ അവരുടെ അധമമായ ഹിന്ദുത്വ പുളപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍ കൂടുതല്‍ വിജയം കൊയ്യുമ്പോള്‍ എവിടെയെത്തിക്കില്ല! മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്‍റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? ആരുടെ ഉദാസീനതകള്‍ക്ക് മേലാണ് അവര്‍ ചവിട്ടിക്കയറുന്നത്? അരുതെന്ന് വിലക്കാന്‍, നെറ്റിപ്പട്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ സംസ്ഥാന പോലീസിനും മതേതര പൗരസമൂഹത്തിനും ബാധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ വിപത്തിന്‍റെ കൊടിയാണ് പാലക്കാട്ട് ഉയര്‍ന്നിരിക്കുന്നത്.
രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്ത് നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി. എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ട് രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്.
രാഷ്ട്രീയം ഏതു വഴിയില്‍ തിരിയരുതെന്ന് ഓരോ ജനാധിപത്യ തല്‍പരനും കരുതുന്നുവോ അതുവഴി തെളിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ ചിത്രങ്ങളാണ് രണ്ടും. ശക്തമായ ജനവിധിക്ക് കളങ്കം ചാര്‍ത്തുന്ന അശ്ലീല ചിത്രങ്ങള്‍. ജനാധിപത്യ ജീവിതവും രാഷ്ട്രീയവും ഭയപ്പെട്ട രണ്ടപകടങ്ങളെ എഴുന്നെള്ളിക്കുന്ന ധിക്കാരം. രണ്ടിനോടും കലഹിക്കാതെ മുന്നോട്ടു പോകാനാവില്ല. വര്‍ത്തമാനകാല ഭീഷണികളുടെ ഈ നേര്‍ചിത്രങ്ങള്‍ നമ്മെ ഉണര്‍ത്തുമെങ്കില്‍ നന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.