Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘വാളയാർ കേസിൽ ശിക്ഷ...

‘വാളയാർ കേസിൽ ശിക്ഷ വിധിച്ച പോലെയാണ് സി.പി.എം ഭക്തജനക്കൂട്ടം ബഹളം വെക്കുന്നത്’; രൂക്ഷ വിമർശനവുമായി ഡോ. ആസാദ്

text_fields
bookmark_border
Walayar Rape Case, Dr Azad
cancel

കോഴിക്കോട്: പാലക്കാട്ടെ വാളയാർ പീഡനക്കേസിൽ മാതാപിതാക്കളെ പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരിച്ച് ഇടത് ചിന്തകൻ ഡോ. ആസാദ്. സി.പി.എം അനുഭാവികൾക്കെതിരെയാണ് ആസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. വാളയാർ കേസിൽ അന്വേഷണവും വിചാരണയും കഴിഞ്ഞ് ശിക്ഷാവിധി വന്നതുപോലെയാണ് സി.പി.എം ഭക്തജനക്കൂട്ടം സമൂഹ മാധ്യമങ്ങളിൽ ബഹളം വെക്കുന്നതെന്ന് ആസാദ് കുറ്റപ്പെടുത്തി. വാളയാർ കേസിൽ പ്രതികളെ പിടികൂടി ശിക്ഷിക്കണമെന്ന ആവശ്യപ്പെട്ട് സമരം ചെയ്തവർ എന്തോ മഹാപരാധം ചെയ്ത പോലെയാണിതെന്നും ആസാദ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഡോ. ആസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

വാളയാർ കേസിൽ അന്വേഷണവും വിചാരണയും കഴിഞ്ഞ് ശിക്ഷാവിധി വന്നതുപോലെയാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ ബഹളം വെക്കുന്നത്. പലരും അല്ല, സി.പി.എം ഭക്തജനക്കൂട്ടം. അവർ പറയുന്നത്, വാളയാർ, കേസിൽ പ്രതികളെ പിടികൂടി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്തവർ എന്തോ മഹാപരാധം ചെയ്തു എന്നാണ്.

ഇപ്പോൾ സി.ബി.ഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ വാളയാർ കുഞ്ഞുങ്ങളുടെ അമ്മയെക്കൂടി പ്രതി ചേർത്തിട്ടുണ്ട്. കുട്ടികൾ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല എന്നതാണ് കുറ്റം. പോക്സോ നിയമത്തിൽ അത് കർക്കശമാണ്. ഇതോടെ കേസാകെ മാറി മാതാവ് മുഖ്യ പ്രതിയായി എന്ന മട്ടിലാണ് ഭക്തജനം കൂവുന്നത്.

അടിച്ചമർത്തപ്പെടുന്നവരും പ്രാന്തവൽകൃതരുമായ അടിത്തട്ടു സമൂഹങ്ങളിൽ നിയമസാക്ഷരതയും സദാചാരബദ്ധതയും മേൽത്തട്ട് ഇടത്തരം സമൂഹങ്ങളോളമില്ല എന്നത് കുറ്റത്തിൽ നിന്ന് ഒഴിയാനുള്ള കാരണമല്ല എന്നു പറയാം. അതാണല്ലോ പോക്സോ കേസുകൾ ധാരാളമായി പ്രായപൂർത്തിയാവാത്ത വിവാഹബന്ധങ്ങൾ മുൻനിർത്തി ആദിവാസി യുവാക്കളുടെ മേൽ ചുമത്തിക്കൊണ്ടിരുന്നത്. നിയമബോധവും വിദ്യാഭ്യാസവുമുള്ള പൊതുസമൂഹത്തിൽ തന്നെ എത്രപേർ സ്വന്തം മക്കളുടെ മേൽ ലൈംഗികാതിക്രമമുണ്ടാകുമ്പോൾ തുറന്നു പറയാൻ തയ്യാറാവുന്നു എന്നും നമുക്കാലോചിക്കാം.

മക്കൾ ലൈംഗികമായി അക്രമിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടതിന്റെ അതിക്രൂരമായ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ആദ്യകുട്ടിയുടെ മരണം കഴിഞ്ഞുള്ള റിപ്പോർട്ട് കുടുംബത്തിനു ലഭിച്ചില്ല. അധികൃതർ ഗൗരവതരമായ റിപ്പോർട്ടു പരാമർശങ്ങൾ മുൻനിർത്തി രണ്ടാം കുട്ടിയുടെ രക്ഷയ്ക്ക് എത്തിയതുമില്ല. രണ്ടു കുട്ടികളുടെയും മരണത്തിനു ശേഷമാണ് ആ കുടുംബവും പുറംലോകവും നടന്ന ലൈംഗികാക്രമത്തിന്റെ ഭീകരത അറിഞ്ഞു പൊള്ളിയത്. അതോടെയാണ് കുടുംബവും പൊതുസമൂഹവും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയത്. മാത്രമല്ല ആയിടെയുണ്ടായ ഹത്രാസിലെ സമാനമായ കേസിൽ ഉയർന്ന ജനരോഷം ഈ കേസിലേക്കും പടരുകയും ചെയ്തിരിക്കണം.

പോക്സോ നിയമം ഇത്ര കർക്കശമായി പിന്തുടരുന്ന നിയമസംരക്ഷകർ, മരിച്ച കുട്ടികളുടെ സമ്മതത്തോടെയായിരുന്നു ലൈംഗികാതിക്രമം എന്ന് പരസ്യമായി പ്രസ്താവിച്ച പൊലീസ് ഉദ്യോഗസ്ഥനെ പ്രതി ചേർത്തിട്ടുമില്ല. നിയമം ദുർബ്ബല സമൂഹത്തിനു മേൽ ശക്തവും ശക്തമായ സമൂഹത്തിനുമേൽ ദുർബ്ബലവും ആയി പ്രവർത്തിക്കുന്നത് എന്തുകൊണ്ടാവും?

ഇനി, ഈ അമ്മ തന്നെയാണ് കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതിയെങ്കിൽ നിയമത്തിനു വിധേയമായി അവർക്കു ശിക്ഷ നൽകുകയല്ലേ വേണ്ടത്? ആർക്കാണ് മറിച്ച് അഭിപ്രായമുള്ളത്? അങ്ങനെ കേരള പൊലീസോ സി.ബി.ഐയോ ഇതുവരെ പറഞ്ഞിട്ടുണ്ടോ? സി.പി.എം ഭക്തവിളയാട്ടം കണ്ടാൽ അങ്ങനെയെന്തോ സംഭവിച്ചുവെന്ന് തോന്നും. ഇപ്പോൾ പോക്സോ കേസിലെ ഒരു വകുപ്പിൽ സി.ബി.ഐ മാതാവിനെയും പ്രതിയാക്കിയത് ഇത്ര ആനന്ദിപ്പിക്കുന്നുവെങ്കിൽ, കേരള പൊലീസ് എന്തിനാണ് അവരെ സംരക്ഷിക്കുന്ന നിലപാടെടുത്തത് എന്നുകൂടി ഇക്കൂട്ടർ പറയണം.

പാർട്ടി നേതാക്കൾ സ്വന്തം മക്കൾക്കുനേരെ നടത്തിയ ലൈംഗികാക്ഷേപത്തിൽ പരാതി ഉന്നയിച്ച നേതാവിനോട് പാർട്ടി ചെയ്തത് നാം കണ്ടതാണ്. പോക്സോ കേസ് അവിടെ വന്നു കണ്ടില്ല. ഒരു കേസും വന്നില്ല. കാരണം അവരുടെ പ്രിവിലേജ് അതാണ്. ആ പ്രിവിലേജൊന്നും വാളയാറിലെ അമ്മയ്ക്കു കിട്ടില്ല. അത് നൽകിയില്ലെങ്കിലും അധിക്ഷേപിക്കാതിരിക്കുകയെങ്കിലും ചെയ്യണം. വിചാരണ ചെയ്ത് ശിക്ഷ വിധിക്കുംവരെയെങ്കിലും കാത്തിരിക്കാൻ തയ്യാറാവണം. ദുർബ്ബല സമൂഹങ്ങളെ നിരക്ഷരതയുടെയും സദാചാരബദ്ധതയുടെയും പേരിൽ അധിക്ഷേപിച്ചു നടിക്കുന്ന കേമത്തം ഗംഭീരംതന്നെ! അതു നിങ്ങൾ ആഘോഷിച്ചു തൃപ്തിപ്പെട്ടുകൊള്ളുവിൻ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Walayar Rape CaseDr AzadCPM
News Summary - Dr. Azad criticized CPM supporters in Walayar Rape Case
Next Story