Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാളയാർ വിവാദത്തിൽ...

വാളയാർ വിവാദത്തിൽ ജനപ്രതിനിധികളെ പിന്തുണച്ച് ഡോ. ആസാദ്

text_fields
bookmark_border
വാളയാർ വിവാദത്തിൽ ജനപ്രതിനിധികളെ പിന്തുണച്ച് ഡോ. ആസാദ്
cancel

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആളുകളെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാളയാറിലുണ്ടായ വിവാദത്തിൽ ഇടപെട്ട യു.ഡി.എഫ് ജനപ്രതിനിധികളെ പിന്തുണച്ച് ഡോ. ആസാദ്. ജനകീയ പ്രശ്നങ്ങളുള്ളിടത്ത് ഓടിയെത്തുന്നവരാണ് ജനപ്രതിനിധികളെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറ‍യുന്നു. 

ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത് എന്ന നിലപാട് അത്ര ഗുണപരമല്ല. വാളയാറിലെത്തിയ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും നല്‍കാനാണ്. ഈ അനിശ്ചിതത്വത്തിലേക്ക് പാഞ്ഞെത്തിയ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നുവെന്നും ഡോ. ആസാദ് പറഞ്ഞു. 

ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ലോക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് വീട്ടിലിരിക്കാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കഴിയണമെന്നില്ല. ആവശ്യമായ മുന്‍കരുതലുകളോടെ ജനകീയ പ്രശ്നങ്ങളുള്ളിടത്ത് അവര്‍ ഓടിയെത്തണം.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ച കാലത്തും സ്ഥലത്തുമെല്ലാം നമ്മുടെ ജനനായകര്‍ സേവന സന്നദ്ധരായി ഓടിയെത്തിയിട്ടുണ്ട്. വസൂരിയുടെയും പ്ലേഗിന്റെയുമൊക്കെ അനുഭവ ചരിത്രത്തില്‍ അതു വായിച്ചിട്ടുണ്ട്. കൊറോണകാലത്തും ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടതുതന്നെ.

'ഞങ്ങള്‍മാത്ര തീവ്രവാദ'ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താല്‍ എതിര്‍ക്കും എന്നു മാത്രമല്ല ദുഷ്പ്രചാരണം നടത്തും എന്നുകൂടി വന്നിട്ടുണ്ട്. അതത്ര ഗുണപരമല്ല.

വാളയാറില്‍ ജനപ്രതിനിധികളെത്തിയത്, അതിര്‍ത്തിയിലെത്തിയവരെ തിരിച്ചയക്കാന്‍ ആരംഭിച്ചപ്പോഴാണ്. തമിഴ് നാട് പൊലീസ് കേരളത്തിലേക്കും കേരള പൊലീസ് തമിഴ്നാട്ടിലേക്കും അവരെ ആട്ടിക്കൊണ്ടിരുന്ന നേരത്താണ്. പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാനോ വിശപ്പടക്കാനോ മാര്‍ഗമില്ലാതെ മണിക്കൂറുകളോളം അനിശ്ചിത കാത്തിരിപ്പിലായ ആള്‍ക്കൂട്ടം അസ്വസ്ഥമായി തുടങ്ങിയപ്പോഴാണ്. ഉദ്യോഗസ്ഥരാജിന്റെ ഭീകരത ദയാരഹിതമായ ജനവിരുദ്ധ വാഴ്ച്ച തുടര്‍ന്നപ്പോഴാണ്.

അവിടെയെത്തിയ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടത് പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും നല്‍കാനാണ്. തലേ ദിവസം ചെയ്തതുപോലെ പ്രത്യേക കൗണ്ടറുകള്‍വഴി പ്രശ്നത്തിനു പരിഹാരംകണ്ട് അവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോറന്റൈന് വിധേയമാക്കാനാണ്. അല്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നില്ല. ആളുകള്‍ മണിക്കൂറുകളോളം തടിച്ചുകൂടാനും അശാന്തരാവാനും ഇടയായത് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ദൗര്‍ബല്യംമൂലമാണ്.

ഈ അനിശ്ചിതത്വത്തിലേക്ക് പാഞ്ഞെത്തിയ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. ചട്ടങ്ങള്‍ മനുഷ്യരെ പ്രയാസപ്പെടുത്താന്‍ ഉള്ളതല്ല. അസാധാരണമായ സന്ദര്‍ഭത്തില്‍ മുന്‍ നിശ്ചയപ്രകാരമല്ലാതെ പ്രതിസന്ധികള്‍ രൂപപ്പെടുമ്പോള്‍ അതു പരിഹരിക്കാനാണ് ജനപ്രതിനിധികളും ജനാധിപത്യ സംവിധാനങ്ങളും ഒത്തു ശ്രമിക്കേണ്ടത്. വാളയാറില്‍ അതാണ് സംഭവിച്ചത്. പിന്നീട് സഹായത്തിനെത്തിയ ജനപ്രതിനിധികളെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിക്കുന്നത് നന്നല്ല.

സഹായത്തിനെത്തിയവരെ മരണത്തിന്റെ വ്യാപാരികളും അതിര്‍ത്തിക്കപ്പുറത്ത് നിസ്സഹായരായി നിലവിളിക്കുന്ന മലയാളി സഹോദരങ്ങളെ മരണത്തിന്റെ വിത്തുകളുമായി വിശേഷിപ്പിക്കുന്നത് അറിവില്ലായ്മയല്ല. മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസമാണ്. ഭരണകൂടത്തെ അമിതമായി വിശ്വസിക്കുകയും സ്തുതിഗീതങ്ങളാലപിക്കുകയും ചെയ്യുന്ന അടിമജീവികള്‍ പൗരസമൂഹത്തോടു കാണിക്കുന്ന വെറുപ്പാണ്. സര്‍ക്കാറിന്റെ സദ് വൃത്തികള്‍ക്കു പിന്തുണ നല്‍കുമ്പോള്‍ തന്നെ നടത്തിപ്പു സംവിധാനങ്ങളുടെ പിശകുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്താനും ജനങ്ങള്‍ക്കു ബാധ്യതയുണ്ട്. ജനപ്രതിനിധികള്‍ അതാണു നിര്‍വ്വഹിക്കുന്നത്.

സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങള്‍ നടത്തേണ്ട ഘട്ടത്തില്‍ വലിയ വേര്‍തിരിവുകളും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത്. പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കാനും സംഭാഷണശകലങ്ങള്‍ അതിനനുസരിച്ച് മുറിച്ചൊട്ടിക്കാനും 'പ്രാപ്തി'യുള്ള ഉപജാപക ഫാക്റ്ററികള്‍ നമ്മുടെ നാട്ടില്‍ രൂപംകൊണ്ടിട്ടുണ്ട്. അവിടെ ലോക്ഡൗണില്ല. പരിശീലനം സിദ്ധിച്ച അധോലോക പടയാളികള്‍ വാസ്തവങ്ങളെ തലകീഴായി മറിച്ചിടും. ഞങ്ങള്‍, ഞങ്ങളാണ് തീരുമാനിക്കുക എന്ന പുതുബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയമുഖം പലമട്ടു വെളിപ്പെടുന്നു!

വാസ്തവമെന്ത് എന്നു പരിശോധിക്കാതെ സാമൂഹിക മാധ്യമങ്ങളിലെ കൂട്ടക്കമന്റുകളില്‍ വഴുതിക്കൂടാ എന്നു നാം സ്വയം നിശ്ചയിക്കണം. അല്ലെങ്കില്‍ നമ്മുടെ ചിന്തകളെയും നിശ്ചയങ്ങളെയും ഉപജാപക വ്യവസായം അട്ടിമറിക്കുമെന്നു തീര്‍ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfacebook postshafi parambilRamya haridaswalayar issuedr asad
News Summary - dr azad facebook post in walayar issue
Next Story