അത് വധശ്രമമെങ്കിൽ, ഞാനെത്ര വധശ്രമം കണ്ടിരിക്കുന്നു!! ഞാനെത്ര പങ്കു ചേര്‍ന്നിരിക്കുന്നു!! -ഡോ. ആസാദ്
text_fieldsമലപ്പുറം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിന് വധശ്രമക്കുറ്റം ചുമത്തിയതിനെ പരിഹസിച്ച് ഇടതു ചിന്തകൻ ഡോ. ആസാദ്. 'പ്രതിഷേധ മുദ്രാവാക്യം മുഴക്കുന്നത് വധശ്രമമാണെങ്കില്‍ ഞാനെത്രയോ വധശ്രമം കണ്ടിരിക്കുന്നു. ഞാനും എത്രയോ പങ്കു ചേര്‍ന്നിരിക്കുന്നു' എന്നാണ് താൻ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകനായിരിക്കെ നടന്ന പ്രതിഷേധ സമരങ്ങൾ എണ്ണിപ്പറഞ്ഞ് ആസാദ് ചൂണ്ടിക്കാട്ടുന്നത്.
'കോഴിക്കോട്ടു മൊയ്തീന്‍പള്ളിക്കടുത്ത് പണ്ടൊരു ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചു, കാമ്പസില്‍ വെള്ളക്കൊടി പൊക്കി മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു, തിരുവനന്തപുരത്തും തേഞ്ഞിപ്പലത്തും വൈസ്ചാന്‍സലര്‍മാരെ വധിക്കാന്‍ ശ്രമിച്ചു, മലപ്പുറത്തും കോഴിക്കോട്ടും കലക്ടര്‍മാരെ വധിക്കാന്‍ ശ്രമിച്ചു, ഇതിനൊക്കെ ചെങ്കൊടി അപാരമായ ധൈര്യം തന്നിരുന്നു' -ആസാദ് പറയുന്നു.
അന്നൊന്നും 'എന്നെ കൊല്ലുന്നേ' 'എന്നെകൊല്ലുന്നേ'യെന്ന് ഒരു ഭരണാധികാരിയും ഭീരുത്വം കരഞ്ഞുതീര്‍ക്കുന്നത് കണ്ടിട്ടില്ലെന്നും ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പരിഹസിച്ചു. ഇ.പി. ജയരാജനെയും ആസാദ് വെറുതെ വിട്ടില്ല. 'ഞാനില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു പുകിലെന്ന് ഒരടിമനേതാവും രക്ഷകന്‍ ചമഞ്ഞു വീറുകാട്ടിക്കണ്ടിട്ടില്ല' എന്നാണ് ജയരാജന്റെ പേര് പറയാതെ പോസ്റ്റിൽ കളിയാക്കുന്നത്.
'ഞങ്ങളുടെ യജമാനനെ മുദ്രാവാക്യംവിളിച്ചു കൊല്ലുന്നേയെന്ന് ഒരടിമയും കരഞ്ഞു കേട്ടിട്ടില്ല. ഇന്നത്തെ ഇന്ത്യയില്‍
യജമാനന്മാര്‍ വിമര്‍ശിക്കപ്പെട്ടുകൂടാ. ദില്ലിയിലോ തിരുവനന്തപുരത്തോ ആവട്ടെ വിമര്‍ശനവും പ്രതിഷേധവും കുറ്റകരമാകും. മുദ്രാവാക്യം മുഴക്കിയാല്‍ കാറ്റുപോകുന്ന ഭരണകൂടങ്ങള്‍ കൊലക്കേസെടുക്കും' -ആസാദ് ചൂണ്ടിക്കാട്ടി.
ഫേസ്ബുക് പോസ്റ്റിൽനിന്ന്:
പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്നത് വധശ്രമമായി കാണുന്നതില്‍ തെറ്റു പറയാനാവില്ല. തെറ്റു ചെയ്യുന്ന ഏകാധിപതികളായ ഭരണാധിപന്മാര്‍ വിമര്‍ശനങ്ങളെ ഭയക്കും. മുദ്രാവാക്യം അവരെ തുറന്നു കാട്ടുമെന്ന ഭയം അവരുടെ പ്രാണനൊടുങ്ങാന്‍ പോന്നതാവും. അവര്‍ പ്രതിഷേധക്കൊടികളെയും പ്രതിഷേധ മുദ്രാവാക്യങ്ങളെയും ആയുധത്തേക്കാള്‍ ഭയപ്പെടും. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കാന്‍ ഏകാധിപതികളുടെ നാട്ടിലേ കഴിയൂ. ഫാഷിസത്തിനു പഠിക്കുന്നവര്‍ക്കേ അതിനു കയ്യടിക്കാനാവൂ.
വിമാനത്തില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചാല്‍ അതു ചെയ്യാനും കരുത്തുണ്ട് യൂത്ത് കോണ്‍ഗ്രസ്സിന് എന്നു വിശ്വസിക്കാന്‍ എളുപ്പമല്ല. എന്നാല്‍ അവരെ അത്രയും കരുത്തരാക്കിയിരിക്കുന്നു കേരളം ഭരിക്കുന്നവര്‍. മുദ്രാവാക്യം ഭയപ്പെടുന്നവര്‍ അവരെ അടിച്ചു വീഴ്ത്തിക്കാണും. പക്ഷേ, ആ മുദ്രാവാക്യങ്ങളെ കുടത്തിലടക്കാനുള്ള മാന്ത്രിക വിദ്യയൊന്നും നടന്നുകണ്ടില്ല.
പിന്നീട് വിമാനത്തിന്റെ വിശുദ്ധിയെപ്പറ്റി ചര്‍ച്ചകളായി. നിയമസഭയ്ക്കില്ലാത്ത എന്തു വിശുദ്ധിയാണ് ജനാധിപത്യത്തില്‍ വിമാനത്തിനുള്ളത്? കേരള നിയമസഭയില്‍ ഒരിക്കല്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ആ കേസ് പിന്‍വലിക്കാനല്ല വധശ്രമ- ഗൂഢാലോചനാ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷിക്കാനാണ് തയ്യാറാവേണ്ടത്. നിയമസഭയിലെ അക്രമങ്ങള്‍ എത്ര ഭീകരമായിരുന്നു എന്ന് നമുക്കറിയാം.
താഴെയിറങ്ങിയ വിമാനത്തില്‍ നടന്ന പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റി കേസെടുക്കുന്ന അധികാര ദുര്‍വിനിയോഗം ജനാധിപത്യ മാന്യതയുടെ എല്ലാ അതിരും ലംഘിക്കുന്നതാണ്. അവര്‍ ചെയ്ത കാര്യത്തിന് കേസെടുക്കണം. വിമാനത്തില്‍ മുദ്രാവാക്യം മുഴക്കുന്നത് കുറ്റമാണെങ്കില്‍ അതിനുവേണ്ട വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയാണ് വേണ്ടത്. ഇല്ലാത്ത കുറ്റം ചേര്‍ത്ത് പൊലിപ്പിച്ചാല്‍ ഉണ്ടാവില്ല ഭരണത്തിന് ഇല്ലാത്ത പ്രതിച്ഛായ.
ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് വിമാനത്തില്‍ നടക്കുന്നതു സംബന്ധിച്ചു വ്യക്തത കാണും. അവര്‍ എന്തിനാണ് ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്? അദ്ദേഹം ആരെ വധിക്കാനാണ് ശ്രമിച്ചത്? ആരുടെ ജീവനും നിയമത്തിന്റെ മുന്നില്‍ ഒരേ വിലയാണ്. മുദ്രാവാക്യം വിളിപോലെയല്ല കയ്യാങ്കളി. കേരളപൊലീസിന് ഇ പി ജയരാജനെ സംബന്ധിച്ചും പരാതി കിട്ടിയിട്ടുണ്ടല്ലോ. എന്താണ് ഒരു നടപടിയും എടുക്കാത്തത്?
വിമാനത്തിലെ കള്ളക്കേസ് അന്നത്തെ സാഹചര്യത്തില്‍ ഒരു പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാറെടുത്ത കള്ളച്ചുവട് എന്നേ കരുതിയിരുന്നുള്ളു. അത് പക്ഷേ, വേട്ടയ്ക്കുള്ള വലിയ വിഷയമായി മാറ്റുന്നതാണ് ഇപ്പോള്‍ കാണുന്നത്. പ്രതിഷേധത്തിനുള്ള ആലോചനകളെ വധശ്രമ ഗൂഢാലോചനയാക്കാനുള്ള വീറും ധൃതിയും അത്രമേലാണ്. പലവിധ സമരങ്ങള്‍ നടത്തി വളര്‍ന്ന പ്രസ്ഥാനം ഭരണത്തിന്റെ തണലില്‍ ജനാധിപത്യ സമരങ്ങളെ തടയുകയാണ്! കേന്ദ്ര ഫാഷിസത്തിന്റെ കോടാലികളാവുകയാണ്.
അപമാനിതരാവുകയാണ് കേരളീയര്‍.
പ്രതിഷേധ മുദ്രാവാക്യം മുഴക്കുന്നത്
വധശ്രമമാണെങ്കില്‍
ഞാനെത്രയോ വധശ്രമം കണ്ടിരിക്കുന്നു.
ഞാനും എത്രയോ പങ്കു ചേര്‍ന്നിരിക്കുന്നു.
കോഴിക്കോട്ടു മൊയ്തീന്‍പള്ളിക്കടുത്ത്
പണ്ടൊരു ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചു.
കാമ്പസില്‍ വെള്ളക്കൊടി പൊക്കി
മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു.
തിരുവനന്തപുരത്തും തേഞ്ഞിപ്പലത്തും
വൈസ്ചാന്‍സലര്‍മാരെ വധിക്കാന്‍ ശ്രമിച്ചു
മലപ്പുറത്തും കോഴിക്കോട്ടും
കലക്ടര്‍മാരെ വധിക്കാന്‍ ശ്രമിച്ചു.
എല്ലായിടത്തും ഉച്ചത്തില്‍
പ്രതിഷേധമുദ്രാവാക്യം വിളിച്ചിരുന്നു.
സുരക്ഷാസേനയും പൊലീസും
തടഞ്ഞു ലാത്തി വീശിയിരുന്നു.
പാര്‍ട്ടിഗുണ്ടകള്‍ പകവീട്ടാനിറങ്ങിയിരുന്നു.
ചെങ്കൊടി അപാരമായ ധൈര്യം തന്നിരുന്നു.
ചൂടാര്‍ന്ന മുദ്രാവാക്യങ്ങളില്‍
കസേരകള്‍ ഉരുകിപ്പോയിട്ടുണ്ട്.
അധികാരികളെ കാറ്റു കൊണ്ടുപോയിട്ടുണ്ട്.
'എന്നെ കൊല്ലുന്നേ' 'എന്നെകൊല്ലുന്നേ'യെന്ന്
ഒരു ഭരണാധികാരിയും ഭീരുത്വം
കരഞ്ഞുതീര്‍ക്കുന്നത് കണ്ടിട്ടില്ല.
ഞങ്ങളുടെ യജമാനനെ
മുദ്രാവാക്യംവിളിച്ചു കൊല്ലുന്നേയെന്ന്
ഒരടിമയും കരഞ്ഞു കേട്ടിട്ടില്ല.
ഞാനില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു
പുകിലെന്ന് ഒരടിമനേതാവും
രക്ഷകന്‍ ചമഞ്ഞു വീറുകാട്ടിക്കണ്ടിട്ടില്ല.
ഇന്നത്തെ ഇന്ത്യയില്‍
യജമാനന്മാര്‍ വിമര്‍ശിക്കപ്പെട്ടുകൂടാ.
ദില്ലിയിലോ തിരുവനന്തപുരത്തോ ആവട്ടെ
വിമര്‍ശനവും പ്രതിഷേധവും കുറ്റകരമാകും.
മുദ്രാവാക്യം മുഴക്കിയാല്‍ കാറ്റുപോകുന്ന
ഭരണകൂടങ്ങള്‍ കൊലക്കേസെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.