Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഞങ്ങളുടെ ദൈവത്തിന്റെ...

‘ഞങ്ങളുടെ ദൈവത്തിന്റെ കരുണ അയാളിൽ പതിക്കില്ല, ദൈവം അയാൾക്ക് ശിക്ഷ നൽകിക്കൊണ്ടിരിക്കും’ -അൻവറിനോടുള്ള സി.പി.എം നിലപാട് മാറ്റത്തെ പരിഹസിച്ച് ഡോ. ആസാദ്

text_fields
bookmark_border
‘ഞങ്ങളുടെ ദൈവത്തിന്റെ കരുണ അയാളിൽ പതിക്കില്ല, ദൈവം അയാൾക്ക് ശിക്ഷ നൽകിക്കൊണ്ടിരിക്കും’ -അൻവറിനോടുള്ള സി.പി.എം നിലപാട് മാറ്റത്തെ പരിഹസിച്ച് ഡോ. ആസാദ്
cancel

മലപ്പുറം: പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ​യെ വീ​ട് വ​ള​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തതടക്കമുള്ള​ സി.​പി.​എ​മ്മി​ന്റെ പ്ര​തി​കാ​ര നടപടികളെ പരഹസിച്ച് ഇടതുചിന്തകൻ ഡോ. ആസാദ്. നേരത്തെ അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം കൂട്ടുനിന്ന സി.പി.എം അദ്ദേഹം പാർട്ടിക്കെതിരായപ്പോൾ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് ആരുടെയും പേര് പറയാതെ ആസാദ് ചൂണ്ടിക്കാണിച്ചു. പിണറായിയെ ദൈവത്തോട് ഉപമിച്ചാണ് കുറിപ്പിലുടനീടളം പരിഹാസം ചൊരിയുന്നത്. ‘ഞങ്ങളുടെ ദൈവത്തിന്റെ കരുണ അയാളിൽ പതിക്കുകയില്ല. ഇനി ഞങ്ങൾ ശപിക്കും. അയാളെ തൊടുന്നവർ കരിഞ്ഞു പോകട്ടെ. അയാൾ നിൽക്കുന്നിടം മുടിഞ്ഞുപോകട്ടെ. അയാളെ കേൾക്കുന്നവർ ഇരന്നുപോകട്ടെ. ഞങ്ങളുടെ ദൈവം അയാൾക്കുള്ള ശിക്ഷ നൽകിക്കൊണ്ടിരിക്കും’ -ആസാദ് പറഞ്ഞു.

‘അയാൾ തടയണകെട്ടി നീരൊഴുക്കുകൾ തടസ്സപ്പെടുത്തിയപ്പോൾ ഞങ്ങൾ മിണ്ടിയില്ല. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു. അയാൾ നിയമം അനുവദിക്കുന്നതിനും അപ്പുറം ഭൂമി വാരിക്കൂട്ടിയപ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു. അയാൾ ക്വാറികൾക്കും പാർക്കുകൾക്കും വേണ്ടി നിയമത്തെ തള്ളിയപ്പോൾ ഞങ്ങൾ കണ്ണുപൊത്തിയിരുന്നു. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു. ഞങ്ങളുടെ ദൈവത്തിന് അയാളും അയാൾക്കു ദൈവവും രക്ഷകരായി. ദൈവം അയാളായിത്തീർന്ന മുറയ്ക്ക് അയാൾ ദൈവംതന്നെയായി. ദൈവം ദൈവത്തോടു കലഹിച്ചു. അയാൾ ഞങ്ങളുടെ ദൈവത്തെ ചെറുതാക്കുന്നതായി ഞങ്ങളറിഞ്ഞു. വേലിയാണ് വിളവു തിന്നുന്നതെന്ന് ഒരു പാതിരക്ക് അയാൾ വിളിച്ചുകൂവി. അതു പറയാൻ അയാളാരാണ്? ഞങ്ങൾ ചോദിച്ചുതുടങ്ങി. കാരണം, അയാൾ അപ്പോഴേക്കും ഞങ്ങൾക്കൊപ്പമല്ലാതായിരുന്നു. നീരൊഴുക്കുകളിൽ തടയണ കെട്ടിയവനേ, മണ്ണും പണവും വാരിക്കൂട്ടിയവനേ, കള്ളക്കടത്തുകാരുടെ കൂട്ടാളീ, സമരംനയിച്ചു പൊതുമുതൽ നശിപ്പിച്ചവനേ, വാ പോയ കോടാലിക്കയ്യാ, ശത്രുവിന്റെ ചട്ടുകമേ, കുലംകുത്തീ, പരനാറീ, നികൃഷ്ടജീവീ ഞങ്ങൾ വിളിച്ചുകൊണ്ടിരുന്നു. കാരണം, അയാൾ അപ്പോഴേക്കും ഞങ്ങൾക്കൊപ്പമല്ലാതായിരുന്നു’ -എന്നിങ്ങനെ പോകുന്നു ആസാദിന്റെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം:

അയാൾ തടയണകെട്ടി നീരൊഴുക്കുകൾ തടസ്സപ്പെടുത്തിയപ്പോൾ ഞങ്ങൾ മിണ്ടിയില്ല. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു.

അയാൾ നിയമം അനുവദിക്കുന്നതിനും അപ്പുറം ഭൂമി വാരിക്കൂട്ടിയപ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരുന്നു. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു.

അയാൾ ക്വാറികൾക്കും പാർക്കുകൾക്കും വേണ്ടി നിയമത്തെ തള്ളിയപ്പോൾ ഞങ്ങൾ കണ്ണുപൊത്തിയിരുന്നു. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു.

അയാളുടെ കയ്യേറ്റങ്ങളും അതിക്രമങ്ങളും കാണാൻ പുറപ്പെട്ട സാംസ്കാരിക പ്രവർത്തകരെ അയാളുടെ ഗുണ്ടകൾ അക്രമിച്ചപ്പോൾ ഞങ്ങളതിന് ന്യായീകരണം ചമച്ചിരുന്നു. കാരണം, അയാൾ ഞങ്ങൾക്കൊപ്പമായിരുന്നു.

അയാൾ ദിവ്യനായിരുന്നു.

ഞങ്ങളുടെ മരവിച്ച കോശങ്ങളെ അയാൾ ജീവൻ വെപ്പിച്ചിരുന്നു.

ഞങ്ങളുടെ ശത്രുക്കളെ തുരത്താൻ അയാൾ കടന്നൽക്കൂട്ടങ്ങളെ തുറന്നുവിട്ടിരുന്നു.

അയാൾ മികച്ച അഭ്യാസിയായിരുന്നു.

ആശയങ്ങളിൽ പണിത ഒരു ഗോപുരം അയാൾ കൈവെള്ളയിൽ പൊക്കിനിർത്തിയിരുന്നു.

ഞങ്ങളോ, അയാൾക്ക് പടയാളികളായി.

ഏതു പാപത്തിലും പങ്കാളികളായി.

ഞങ്ങളുടെ ദൈവത്തെപ്രതി അയാളെ ആത്മാവിലും ഉടലിലും ആവാഹിച്ചു.

ഞങ്ങളുടെ ദൈവത്തിന്റെ പിഴകളെ അയാൾ മായയെന്ന് പ്രകീർത്തിച്ചു. ദൈവത്തിന് അയാളും അയാൾക്കു ദൈവവും രക്ഷകരായി.

ദൈവം അയാളായിത്തീർന്ന മുറയ്ക്ക് അയാൾ ദൈവംതന്നെയായി.

ദൈവം ദൈവത്തോടു കലഹിച്ചു.

അയാൾ, ഇതാ ദൈവത്തിന്റെ പാപം കൂടിവരുന്നല്ലോ എന്നു നിലവിളിച്ചു. തനിക്കു താങ്ങാനാവുന്നില്ലല്ലോ എന്ന് വ്യസനിച്ചു. ഇടംവലം നിന്നവരൊക്കെ ചതിയന്മാരായല്ലോ എന്ന് ഒച്ചവെച്ചു.

അയാൾ ഞങ്ങളുടെ ദൈവത്തെ ചെറുതാക്കുന്നതായി ഞങ്ങളറിഞ്ഞു.

വേലിയാണ് വിളവു തിന്നുന്നതെന്ന് ഒരു പാതിരക്ക് അയാൾ വിളിച്ചുകൂവി.

അതു പറയാൻ അയാളാരാണ്? ഞങ്ങൾ ചോദിച്ചുതുടങ്ങി. കാരണം, അയാൾ അപ്പോഴേക്കും ഞങ്ങൾക്കൊപ്പമല്ലാതായിരുന്നു.

നീരൊഴുക്കുകളിൽ തടയണ കെട്ടിയവനേ,

മണ്ണും പണവും വാരിക്കൂട്ടിയവനേ,

കള്ളക്കടത്തുകാരുടെ കൂട്ടാളീ,

സമരംനയിച്ചു പൊതുമുതൽ നശിപ്പിച്ചവനേ, വാ പോയ കോടാലിക്കയ്യാ, ശത്രുവിന്റെ ചട്ടുകമേ, കുലംകുത്തീ, പരനാറീ, നികൃഷ്ടജീവീ ഞങ്ങൾ വിളിച്ചുകൊണ്ടിരുന്നു. കാരണം, അയാൾ അപ്പോഴേക്കും ഞങ്ങൾക്കൊപ്പമല്ലാതായിരുന്നു

കടന്നലുകൾ ചിതറിപ്പറന്നു ഞങ്ങളുടെ ദൈവത്തിന്റെ ഉദ്യാനത്തിൽ തിരിച്ചെത്തി. അവ അയാൾ ഊട്ടിയതെല്ലാം പുറത്തുകളഞ്ഞു തിരുവാതിരയാടി. മൂളലിൽ വിജയാരവം കിനിഞ്ഞു.

ഇനി ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ മാത്രം ഭക്തരാണെന്ന് അയാളെ അറിയിക്കും. ഞങ്ങളോടൊപ്പം നിൽക്കുക എന്നതിന് നീതിക്കൊപ്പം നിൽക്കുക എന്ന അർത്ഥമില്ലെന്ന് ആർക്കാണ് അറിയാത്തത്? അല്ലെങ്കിൽ അയാൾ ഞങ്ങൾക്കൊപ്പവും ഞങ്ങൾ അയാൾക്കൊപ്പവും എത്തുന്നതെങ്ങനെ? ഞങ്ങളാണ് നീതിയും നിയമവുമെന്ന അറിവ് അയാളെ കൈവിട്ടതോടെ അയാൾ കരുത്തു ചോർന്നവനായി. ഇനി ഒരു തകരപ്പാത്രംപോലെ അയാൾ ഒച്ചവെക്കും. ഞങ്ങളുടെ ദൈവത്തിന്റെ കരുണ അയാളിൽ പതിക്കുകയില്ല.

ഇനി ഞങ്ങൾ ശപിക്കും. അയാളെ തൊടുന്നവർ കരിഞ്ഞു പോകട്ടെ. അയാൾ നിൽക്കുന്നിടം മുടിഞ്ഞുപോകട്ടെ. അയാളെ കേൾക്കുന്നവർ ഇരന്നുപോകട്ടെ. ഞങ്ങളുടെ ദൈവം അയാൾക്കുള്ള ശിക്ഷ നൽകിക്കൊണ്ടിരിക്കും. അതിൽ പങ്കുചേരാതെ നോക്കുവിൻ! അയാളെ കൈവിടുവിൻ!

ആസാദ്

06 ജനവരി 2025

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMPinarayi VijayanAzad MalayattilPV Anvar
News Summary - Dr Azad Malayattil mocks cpm on pv anvar case
Next Story