Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനൂറ്റാണ്ടി​ന്‍റെ...

നൂറ്റാണ്ടി​ന്‍റെ ആചാര്യന് സ്നേഹാശംസകൾ ​നേർന്ന്​ ഡോ. ആസാദ് മൂപ്പൻ

text_fields
bookmark_border
Dr Azad Moopen, Dr PK warrier
cancel
camera_alt

ഡോ. ആസാദ്​ മൂപ്പൻ, ഡോ. പി.കെ. വാര്യർ

ദുബൈ: ആയുസിന്‍റെ വേദമായ ആയുർവേദത്തിന്‍റെ ജീവിച്ചിരിക്കുന്ന ആചാര്യനെന്ന പദവിക്ക് എന്തുകൊണ്ടും അർഹനാണ് നൂറാം ജന്മദിന നിറവിലെത്തി നിൽക്കുന്ന ഡോ. പി.കെ. വാര്യറെന്ന്​ ആസ്റ്റർ ഡി. എം ഹെൽത്ത് കെയർ ഫൗണ്ടർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. കർമം എന്നത് പ്രവർത്തി മാത്രമല്ല, ജീവിതചര്യകൂടിയാണ് എന്ന് സ്വയം മാതൃകയായി നമുക്ക് മുൻപിൽ തുറന്ന് കാണിച്ച അസാമാന്യ വ്യക്തിത്വമാണദ്ദേഹമെന്ന്​ ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു.

തൊട്ടടുത്ത നാട്ടുകാർ കൂടിയായതിനാലായിരിക്കണം ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയാനും പിന്നീട് അടുത്തറിയാനും സാധിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദവും വിഭിന്നങ്ങളായ ആശയഗതികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് വാദിക്കുന്നവരിൽ നിന്ന് മാറിചിന്തിക്കുവാനും ആയുർവേദവും ആധുനിക വൈദ്യശാസ്ത്രവും പരസ്പര പൂരകങ്ങളാണ് എന്ന് വിശ്വസിക്കുവാനും എന്നെ പ്രേരിപ്പിച്ചതും ഒരു പക്ഷെ പി.കെ. വാര്യർ എന്ന ഈ അതുല്യപ്രതിഭയോടുള്ള അടുപ്പമോ ആദരവോ ആയിരിക്കാനിടയുണ്ട്. ഇതിലെല്ലാം നല്ലവശങ്ങളും വളരെ നല്ല ചികിത്സാരിതികളും ഉണ്ട് എന്നത് യാഥാർഥ്യമാണ്. എല്ലാ ചികിത്സ മേഖലകളും ആത്യന്തികമായി മനുഷ്യന്‍റെ ആരോഗ്യവും നന്മയും പ്രദാനം ചെയ്യാനായി നിലനിൽക്കുന്നവയാണെന്നാണ് എന്‍റെ വിശ്വാസം. പി.കെ. വാര്യരുടെ നിലപാടും വ്യത്യാസമുള്ളതല്ല എന്ന് മനസിലാക്കാൻ പല അവസരങ്ങളിലായി സാധിച്ചിട്ടുണ്ടെന്ന്​ ഡോ. ആസാദ്​ മൂപ്പൻ വ്യക്തമാക്കി.

'ആര്യവൈദ്യശാലയുടെ ആസ്ഥാനമായ കോട്ടക്കലിൽ ഞങ്ങളുടെ ആശുപത്രി സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ ആധികാരികതയോടെ മുൻപിലേക്ക് കൊണ്ടുപോകുവാൻ സാധിച്ചിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് ഞങ്ങളുടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ധാരാളം രോഗികൾക്ക് കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയൊരുക്കാനും പി.കെ. വാര്യരുടെയും അദ്ദേഹത്തിന്‍റെ സ്ഥാപനത്തിന്‍റെയും കൈപുണ്യം അനുഭവിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. സ്വന്തം രാജ്യത്ത് തിരികെയെത്തിയ ശേഷവും ഇവരിൽ മഹാഭൂരിപക്ഷം പേരും ഞങ്ങളിലൂടെ ആര്യവൈദ്യശാലയിൽ നിന്ന് അനുഭവിക്കാൻ സാധിച്ച അസുലഭമായ ചികിത്സാനുഭവങ്ങളെക്കുറിച്ച് പലതവണ വാചാലരാവുന്നത് അനുഭവിക്കാനും സാധിച്ചിട്ടുണ്ട്' -ഡോ. ആസാദ്​ മൂപ്പൻ ഓർമിച്ചു.

അതുപോലെ തന്നെ തിരിച്ചും ആര്യവൈദ്യശാലയിലെത്തുന്ന എത്രയോ രോഗികൾ ഞങ്ങളുടെ അരികിലും ചികിത്സ തേടിയെത്താറുണ്ട്. പരസ്പരം ഒരിക്കലും നിഷേധിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ, തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല എന്നതാണ് ഈ ആത്മബന്ധത്തെ ദൃഢപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കണ്ണി എന്ന് താൻ മനസ്സിലാക്കുന്നതായും ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു.

'എന്‍റെ മാതാവിന് തൊലിപ്പുറത്തെ ബാധിക്കുന്ന ഒരു അസുഖം വന്നകാലത്ത് പല ചികിത്സകളും പരീക്ഷിച്ചിട്ടും പൂർണ ഫലം ലഭിക്കാതെ വന്നപ്പോഴാണ് പി.കെ. വാര്യരുടെ അരികിൽ ചികിത്സ തേടിയെത്തിയത്. അദ്ദേഹം നിശ്ചയിച്ച ചികിത്സ ഒരു മാസം പൂർത്തിയാക്കുമ്പോഴേക്കും തന്നെ അസുഖം ഏതാണ്ട് പൂർണമായും മാറിയിരുന്നു. പിന്നീടത് തിരികെ വന്നില്ല എന്നതും എടുത്ത് പറയേണ്ടതാണ്. പാരമ്പര്യത്തി​േന്‍റതായിരിക്കണം പിന്നീട് എന്‍റെ മകൾക്ക് ഇതേ അസുഖം വന്നപ്പോൾ അവളും സ്വീകരിച്ചത് പി. കെ. വാര്യരുടെ ചികിത്സ തന്നെയായിരുന്നു. 97ാമത്തെ വയസ്സിൽ അദ്ദേഹത്തിന്‍റെ ചികിത്സാവിധികളിലൂടെ അവളും പൂർണമായി രോഗവിമുക്തി നേടി'-പി.കെ. വാര്യരുമായി ബന്ധപ്പെട്ട വ്യക്തിപരമായ ഓർമകൾ അദ്ദേഹം പങ്കുവെച്ചു.

പലയിടങ്ങളിലും ആയുർവേദം എന്നത് സുഖചികിത്സ എന്ന കാഴ്ചപ്പാടിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗചികിത്സ എന്ന കാഴ്ചപ്പാടിൽ ഇന്നും അടിയുറച്ച് നിൽക്കുകയും അതിന്‍റെ വ്യാപനത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് കോട്ടക്കൽ ആര്യവൈദ്യശാല. ഇതിന്‍റെ നേതൃസ്ഥാനം പതിറ്റാണ്ടുകളായി വഹിച്ചുകൊണ്ടിരിക്കുന്നതും പി.കെ. വാര്യർ തന്നെയാണ്. പലതവണയായുള്ള സംഭാഷണങ്ങൾക്കിടയിലും അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപാടായി ഞാൻ മനസിലാക്കിയത് മനുഷ്യന്‍റെ അസുഖങ്ങൾക്കുള്ള പ്രധാന കാരണം 'ഉദര നിമിത്തം' ആണ് എന്നതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധപുലർത്തിയാൽ തന്നെ പരമവാധി അസുഖങ്ങളെ മറികടക്കാൻ സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നതായി ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു.

ബാക്കി കാര്യങ്ങൾ ദിനചര്യകളിലൂടെയും അതിജീവിക്കാൻ സാധിക്കും. ഇത് അദ്ദേഹം വെറുതെ പറയുന്നതല്ല, തന്‍റെ ജീവിതത്തിലൂടെ തന്നെ നമുക്ക് കാണിച്ച് തരുകയും ചെയ്യുന്നു. സ്വയം മാതൃകയാകുന്ന ആ ജീവിതത്തെ അനുകരിക്കണം എന്ന് തോന്നുന്നത് സ്വാഭാവികം മാത്രമാണല്ലോ.

കോട്ടക്കൽ മിംസിന്‍റെ ഉദ്ഘാടനം മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം നിർവഹിക്കുന്ന വേദിയിൽ മുഖ്യ ആശംസാ പ്രാസംഗികനായുണ്ടായിരുന്നത് പി.കെ. വാര്യരായിരുന്നു. പിന്നീട് ഞങ്ങളുടെ ഓരോ പ്രധാനപ്പെട്ട ചടങ്ങുകളിലും പിന്നിടുന്ന നാഴികക്കല്ലുകളിലും സ്നേഹ സാന്നിദ്ധ്യമായി അദ്ദേഹമുണ്ടായിരുന്നു. ഇനിയും ഒരുപാട് കാലം ആ സ്നേഹസാന്നിധ്യം ആയുരാരോഗ്യ സൗഖ്യങ്ങളോടെ നമുക്കൊപ്പമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ഭൂമിയിലെ അനുഗ്രഹ സാന്നിധ്യത്തിന് നൂറ് വയസ്സ് പൂർത്തിയാകുന്ന വേളയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി​ ഡോ. ആസാദ്​ മൂപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk WarrierDr Azad Moopen
News Summary - Dr Azad Moopen's wish to Dr PK warrier on 100th birthday
Next Story