ഡോ. ബാലഗോപാൽ കൊച്ചിൻ കാൻസർ സെന്റർ ഡയറക്ടർ
text_fieldsകൊച്ചി: കൊച്ചിൻ കാൻസർ റിസർച് സെന്റർ (സി.സി.ആർ.സി) ഡയറക്ടറായി നിലവിലെ മെഡിക്കൽ സൂപ്രണ്ടും ഓങ്കോ സർജനുമായ ഡോ. പി.ജി. ബാലഗോപാലിനെ നിയമിച്ചു. രാജ്യത്ത് ഈ പദവിയിലെത്തുന്ന ആദ്യ ന്യൂറോ സർജനാണ് ഡോ. ബാലഗോപാൽ. തിരുവനന്തപുരം ആർ.സി.സിയിൽ സർജിക്കൽ ഓങ്കോളജി അഡീഷനൽ പ്രഫസറായിരുന്ന ഇദ്ദേഹം 2017ലാണ് ഡെപ്യൂട്ടേഷനിൽ സി.സി.ആർ.സിയിൽ മെഡിക്കൽ സൂപ്രണ്ടായി ചുമതലയേറ്റത്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ ബിരുദവും ജനറൽ സർജറി, ന്യൂറോ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ബാലഗോപാലിന് അർബുദ ചികിത്സയിൽ 24 വർഷത്തെ പരിചയമുണ്ട്. ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ നൂറിലേറെ പ്രബന്ധങ്ങളുടെ കർത്താവാണ്. കളമശ്ശേരിയിൽ പൂർത്തീകരിച്ചുവരുന്ന സി.സി.ആർ.സിയുടെ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. എൻ.സി.ഐ ഫെലോഷിപ്, യൂനിയൻ ഓഫ് ഇൻറർനാഷനൽ കാൻസർ കൺട്രോൾ ഫെലോഷിപ്, ഐ.എ.സി.എ ഫെലോഷിപ്, അർബുദ ചികിത്സയിൽ ജോൺ ഹോപ്കിൻസ്, മിൽവൌക്കി സർവകലാശാലകളിലെ പരിശീലനം എന്നിവ നേടിയിട്ടുണ്ട്. അർബുദവും പുകയിലയും സംബന്ധിച്ച ഒമ്പത് ഗ്രന്ഥങ്ങളുടെ കർത്താവുമാണ്.
മികച്ച ഡോക്ടർക്കുള്ള 2021ലെ ഐ.എം.എ അവാർഡ്, സംസ്ഥാന സർക്കാറിന്റെ ശാസ്ത്രസാഹിത്യ പുരസ്കാരം, പി. കേശവദേവ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. അർബുദം സംബന്ധിച്ച കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിവിധ സമിതികളിൽ അംഗവുമാണ്. ഭാര്യ: ജെ. ഇന്ദു (ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മക്കൾ: നീരജ, നന്ദിനി (ഇരുവരും ഡോക്ടർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.