അംബേദ്കര്‍ മാധ്യമ പുരസ്കാരം എന്‍.എസ്. നിസാറിന്
text_fieldsതിരുവനന്തപുരം: പട്ടികജാതി-വര്‍ഗ വിഭാഗങ്ങളെ സംബന്ധിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കുള്ള ഡോ. ബി.ആര്‍. അംബേദ്കര്‍ മാധ്യമ പുരസ്കാരം ‘മാധ്യമം’ ചീഫ് കറസ്പോണ്ടന്‍റും വയനാട് ബ്യൂറോ ചീഫുമായ എന്‍.എസ്. നിസാറിന്. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘വെയിലേറ്റ് വാടിയ പ്രതിഭാ വിലാസങ്ങള്‍’, ‘എന്‍െറ ആട്ടിന്‍കൂടാണ് ഈ വീടിനെക്കാള്‍ നല്ലത്’, ‘ബാബുവില്‍നിന്ന് രമ്യയിലേക്ക്-ഒരാദിവാസിയുടെ ജീവിതപാത’ എന്നീ ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ്. 30,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വലിയ മാധ്യമ പുരസ്കാരമാണിത്.
ഐ ആന്‍ഡ് പി.ആര്‍.ഡി ഡയറക്ടര്‍ പി. വിനോദ് (ചെയര്‍.) പി.കെ. രാജശേഖരന്‍, ജി.പി. രാമചന്ദ്രന്‍, പ്രഭാവര്‍മ, ആര്‍.എസ്. ബാബു എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. വസ്തുതകളുടെ കൃത്യമായ അന്വേഷണങ്ങളും അതിന്‍െറ അടിസ്ഥാനത്തിലെ ചരിത്രവും മാനുഷികപരമായ അവലോകനവും ഉള്‍ക്കൊള്ളുന്നതാണ് നിസാറിന്‍െറ വാര്‍ത്തകളെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
സുബിത സുകുമാര്‍ (ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ജീവന്‍ ടി.വി), ജി. ജയ (പ്രോഗ്രാം എക്സിക്യൂട്ടിവ്, ആകാശവാണി, തിരുവനന്തപുരം) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി. ഡിസംബര്‍ ആറിന് രാവിലെ 11ന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
2000ത്തില്‍ ‘മാധ്യമം’ പത്രാധിപസമിതി അംഗമായ നിസാര്‍ 2006ല്‍ മികച്ച സ്പോര്‍ട്സ് ലേഖകനുള്ള മുഷ്താഖ് അവാര്‍ഡ് നേടിയിട്ടുണ്ട്. വയനാട് മുട്ടില്‍ പരിയാരം നെയ്യില്‍ സൂപ്പിയുടെയും നഫീസയുടെയും മകനാണ്. ഭാര്യ സഫീറ. മക്കള്‍: അമന്‍ സനിന്‍, യമിന്‍ യാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.