ഡോ. ഷഹനയുടെ മരണം; റുവൈസിെന്റ വാദം തള്ളി കോടതി
text_fieldsകൊച്ചി: ഡോ. വന്ദനദാസിന്റെ കൊലപാതകത്തിൽ പൊലീസിനെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് തിരുവനന്തപുരത്ത് യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഡോ. റുവൈസിന്റെ വാദം.
വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ല. ഷഹനയുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ല. സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഈ വാദം അംഗീകരിക്കാനാവില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടെന്നത് കുറ്റകൃത്യമാണെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥ് വ്യക്തമാക്കി. തുടർന്ന് ഹരജി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് വിവാഹത്തിൽനിന്ന് പിന്മാറിയതിലുള്ള മനോവിഷമത്താൽ മെഡിക്കൽ പി.ജി വിദ്യാർഥിനിയായിരുന്ന ഡോ. ഷഹന ആത്മഹത്യ ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് റുവൈസിനെ കോളജിൽനിന്ന് പുറത്താക്കിയെന്ന് അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, മരിച്ച ഷഹനയും പഠനത്തിൽ മിടുക്കിയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം അഡീ. സി.ജെ.എം കോടതി ജാമ്യഹരജി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.