ഡോ. പി.എം. ഫൈറൂസ്; ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗ വിദഗ്ധരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളി
text_fieldsകണ്ണൂർ: അനുഭവം സാധ്യമാക്കുന്നത് കാഴ്ചയിലൂടെയാണ്. അതിനുള്ള ഇന്ദ്രിയമാണ് കണ്ണ്. അതുകൊണ്ടുതന്നെയാണ് ഡോ. ഫൈറൂസ് വൈദ്യപഠനത്തിന് ഒഫ്താൽമോളജി ഇഷ്ടവിഷയമായി തിരഞ്ഞെടുത്തതും. ലോകത്തെ സ്വാധീനിച്ച 100 വനിത നേത്രരോഗ വിദഗ്ധരുടെ പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളിയെന്ന ബഹുമതി നേടിയതോടെ ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂർ സ്വദേശിനിയായ ഡോ. പി.എം. ഫൈറൂസ്.
'ദി ഒഫ്താൽമോളജിസ്റ്റ്'എന്ന അമേരിക്കൻ മാസിക പവര്‍ ലിസ്റ്റെന്ന പേരില്‍ പുറത്തിറക്കിയ പട്ടികയിലാണ് കണ്ണൂർ സ്വദേശിനിയായ ഡോ. പി.എം. ഫൈറൂസ് ഇടം നേടിയത്.
അമേരിക്കയിൽനിന്നും പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര പ്രസിദ്ധീകരണമാണ് ഇൗ മാഗസിന്‍. അന്താരാഷ്ട്ര തലത്തിലെ വിദഗ്ധ പാനലാണ് അന്തിമ പട്ടികയുണ്ടാക്കുന്നത്. ഈ വര്‍ഷം ആദ്യമായാണ് മാഗസിന്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തി ലിസ്റ്റ് പുറത്തിറക്കിയത്.
1200 പേരാണ് ആദ്യ റൗണ്ടിൽ പട്ടികയിലുണ്ടായിരുന്നത്. അതിലെ 300 പേര്‍ രണ്ടാംഘട്ടത്തില്‍ ഉൾപ്പെട്ടു. അതില്‍നിന്നും മികച്ച 100 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിലൊരാളാണ്, കണ്ണൂർ താണ സ്വദേശികളായ കെ.ടി. ഇബ്രാഹിം–പി.എം. ഉമ്മുൽ ഫായിസ ദമ്പതികളുടെ മകളായ ഫൈറൂസ്.
കണ്ണിലെ അർബുദത്തെക്കുറിച്ച് നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും മുന്‍നിര്‍ത്തിയാണ് ഡോക്ടർ, പട്ടികയില്‍ ഇടംനേടിയത്. കണ്ണില്‍ അർബുദം ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിനോടൊപ്പം പരമാവധി കാഴ്ചയും സംരക്ഷിക്കുകയെന്ന ഗവേഷണത്തിനാണ് ബഹുമതി. കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന 'റെറ്റിനൊ ബ്ലാസ്റ്റോമ' എന്ന അർബുദത്തെക്കുറിച്ചാണ് പഠനങ്ങള്‍.
ലോകത്ത് പ്രതിവര്‍ഷം 8000 മുതല്‍ 8500 വരെ കുട്ടികള്‍ക്ക് ഈ അർബുദം പിടിപെടുന്നുണ്ടെന്ന് ഫൈറൂസ് ഗവേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയിലും ചൈനയിലും പ്രതിവര്‍ഷം 2000 കുട്ടികള്‍ക്ക് ഈ അസുഖമുണ്ടാകുന്നു. അസുഖം ബാധിച്ചാല്‍ കണ്ണെടുത്തു കളയുകയെന്നത് മാത്രമായിരുന്നു നേരത്തെയുള്ള എക പോംവഴി.
എന്നാല്‍, പുതിയ ചികിത്സാ സംവിധാനമുപയോഗിച്ച്, രോഗിയുടെ ജീവനും കണ്ണും ഒപ്പം കാഴ്ചയും ഒരുപോലെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന ഫൈറൂസിെൻറ ആശയത്തിനാണ് ലോകോത്തര അഗീകാരം ലഭിച്ചത്.
ആറുവര്‍ഷമായി ബംഗളൂരുവിലെ ഹോറസ് സ്‌പെഷാലിറ്റി ഐ കെയര്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ചൈനയിലും ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു.
കരിയറിെൻറ തുടക്കത്തില്‍തന്നെ 'ആര്‍ട്ടീരിയല്‍ കീമോ തെറപ്പി'യെന്ന അതിനൂതന ചികിത്സ രീതിയുടെ ഭാഗമാകാന്‍ ഇവർക്ക് കഴിഞ്ഞു. ജപ്പാനില്‍ ആരംഭിച്ച് യു.എസില്‍ തരംഗമായ ഈ ചികിത്സ രീതിയുടെ ഗവേഷണത്തിലും പ്രബന്ധാവതരണത്തിലുമെല്ലാം പങ്കാളിയായിട്ടുണ്ട്.
ട്യൂമര്‍ സെല്ലുകളെ ഇഞ്ചക്ഷന് ഉപയോഗിച്ച് നശിപ്പിച്ചുകളയുന്ന 'ഇൻട്രാവിട്രിയല്‍ കീമോതെറപ്പി'യെന്ന ചികിത്സാരീതിയെക്കുറിച്ചും മറ്റ് അത്യാധുനിക ചികിത്സ രീതികളെക്കുറിച്ചും ഫൈറൂസ് നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയത്. മൈസൂര്‍ മെഡിക്കല്‍ കോളജില്‍നിന്ന് പി.ജി പഠനത്തിനുശേഷം ഹൈദരാബാദ് എല്‍.വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫെലോഷിപ് നേടി. പിന്നീട് യു.എസില്‍നിന്ന് കണ്ണിലെ അർബുദത്തെക്കുറിച്ചുള്ള പഠനത്തില്‍ ഫെലോഷിപ്പും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.