മാർത്തോമ സഭക്ക് പുതിയ അധ്യക്ഷൻ; ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് സ്ഥാനമേറ്റു
text_fieldsതിരുവനന്തപുരം: മാർത്തോമ സഭയുടെ പുതിയ അധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് ചുമതലയേറ്റു. 'തിയഡോഷ്യസ് മാർത്തോമ്മാ' എന്നാണ് പുതിയ പേര്. മാർത്തോമ സഭയുടെ 22ാമത്തെ പരമാധ്യക്ഷനാണ് ഇദ്ദേഹം.
കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് മെത്രാപ്പൊലീത്തയായി സ്ഥാനമേൽക്കുന്നത്.
കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രൗഡ ഗംഭീരമായ വേദിയെ സാക്ഷിയാക്കിയായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. പ്രത്യേക പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം പുതിയ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്തയെ വൈദികർ ചേർന്ന് വേദിയിലേക്ക് ആനയിച്ചു. തുടർന്ന് , സഭയുടെ ഇരുപത്തിരണ്ടാമത് പരമാധ്യക്ഷനായി സ്ഥാനചിഹ്നങ്ങൾ നൽകി പുതിയ നാമകരണത്തോടെ അവരോധിക്കൽ ചടങ്ങ് നടന്നു.
തിരുവല്ല എസ്.സി.എസ് വളപ്പിലെ സഭാ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഡോ. യുയാക്കി മാർ കുറിലോസ് എപ്പിസ്കോപ്പ നേതൃത്വം നൽകി. ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന ഡോ. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്തയും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
തുടർന്ന് നടന്ന അനുമോദന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ തുടങ്ങിയവരും സ്ഥാനാരോഹണ ചടങ്ങുകൾക്കെത്തി. രാജ്യ സഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, മാത്യു ടി. തോമസ് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
'പാരിസ്ഥിതിക വിഷയങ്ങളോട് സഭയ്ക്ക് മുഖം തിരിച്ചു നൽകാനാവില്ല'
പാരിസ്ഥിതിക വിഷയങ്ങളോട് സഭയ്ക്ക് മുഖം തിരിച്ചു നൽകാനാവില്ലെന്ന് ഡോ. ഗീവർഗീസ് മാർ തിയോഡോഷ്യസ് പറഞ്ഞു. മാനുഷിക പരിഗണന വിഷയങ്ങളിൽ ഇടപെടൽ നടത്തിയില്ലെങ്കിൽ സഭ ജീർണതയിലേക്ക് പോകുമെന്നും മെത്രാപ്പൊലീത്ത ഓർമിപ്പിച്ചു. ഐക്യുമെനിക്കൽ സഭകളുടെ ഏകീകരണത്തിനായി പ്രവർത്തിക്കും. ധനമുള്ളവർ സമ്പത്തിന് അടികമകളാകരുത്. പെൺകുട്ടികളുടെ ആർത്തലച്ച കരച്ചിൽ നാട്ടിൽ ഉയർന്നു കേൾക്കുന്നു. ഇരയെ സംരക്ഷിക്കാൻ കഴിയാത്ത വിധം നിയമങ്ങൾ ദുർബലമാകരുത്. യുവാക്കളാണ് സഭയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.