Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചില മേലധ്യക്ഷന്മാരുടെ...

ചില മേലധ്യക്ഷന്മാരുടെ ഫിക്സഡ് ഡെപ്പോസിറ്റ് ബി.ജെ.പി അക്കൗണ്ടിലാണെന്ന് ക്രൈസ്തവർക്കറിയാം -ഡോ. ജി​ന്റോ ജോൺ

text_fields
bookmark_border
ചില മേലധ്യക്ഷന്മാരുടെ ഫിക്സഡ് ഡെപ്പോസിറ്റ് ബി.ജെ.പി അക്കൗണ്ടിലാണെന്ന് ക്രൈസ്തവർക്കറിയാം -ഡോ. ജി​ന്റോ ജോൺ
cancel

​കൊച്ചി: വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്നും ക്രൈസ്തവജനത ആരുടെയും ഫിക്സഡ് ഡിപ്പോസിറ്റല്ല എന്നുമുള്ള തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജി​ന്റോ ജോൺ. ലക്ഷക്കണക്കിന് അല്മായരുടെ ജനാധിപത്യ ബോധത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് മേലധ്യക്ഷന്മാരുടെ മേലങ്കിയുടെ പോക്കറ്റിലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘മേലധ്യക്ഷന്മാരിൽ ചിലരുടെ ഫിക്സഡ് ഡെപ്പോസിറ്റ് ബി.ജെ.പിയുടെ ജോയിന്റ് അക്കൗണ്ടിൽ എത്തിയിട്ട് കാലം കുറെയായെന്ന് സാധാരണ ക്രൈസ്തവർക്കറിയാം. ബാക്കി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത് പിണറായി വിജയന്റെ എ.കെ.ജി സെന്ററിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലുമാണ്. ബി.ജെ.പിക്ക് കൊടുത്ത ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയാണ് മണിപ്പൂരിലും ഝാർഖണ്ഡിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒഡിഷയിലും ഡൽഹിയിലും വടക്കേയിന്ത്യയിലെമ്പാടും ദക്ഷിണ കർണാടകയിലുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നത്. പതുക്കെ പതുക്കെ കേരളത്തിലും വന്നു തുടങ്ങുന്നുണ്ട്. അന്ധമായ മുസ്‍ലിം വിരോധത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വർഗീയത ഊട്ടിയുറപ്പിച്ച് ബി.ജെ.പിക്ക് അരമനകൾ വഴി കേരളത്തിലേക്ക് കടന്നു വരാനുള്ള വഴിയൊരുക്കലല്ലേ നിരുത്തരവാദപരമായ ഈ പ്രസ്താവനകൾ.’ -ജി​ന്റോ ചോദിച്ചു.

വേണ്ടിവന്നാൽ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുമെന്നുമുള്ള പാംപ്ലാനിയുടെ പ്രസ്താവന​യെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ‘‘നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കുർബാന കൂടാൻ പറ്റുന്ന കേരളത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ, കുർബാന ചൊല്ലിയാൽ പുരോഹിതർക്ക് കുത്ത് കിട്ടുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലല്ലേ പാർട്ടി രൂപീകരണമെന്ന ഭീഷണി ആദ്യം പൊട്ടിക്കേണ്ടത്. അറ്റ്ലീസ്റ്റ് സഭാവസ്ത്രം അണിഞ്ഞുകൊണ്ട് പൊതുനിരത്തിൽ സഞ്ചരിക്കാനുള്ള അവകാശമെങ്കിലും അവിടുത്തെ നമ്മുടെ സഹോദരങ്ങൾക്ക് സംഘപരിവാറിൽ നിന്ന് നേടിയെടുക്കേണ്ടതല്ലേ. അഖിലേന്ത്യാ തലത്തിൽ ക്രൈസ്തവരെ വേട്ടയാടുകയും കൊന്നൊടുക്കുകയും ചെയ്യുന്ന സംഘപരിവാർ സംഘടനകളെ നിലയ്ക്ക് നിർത്താനുള്ള ശേഷി കൂടി സഭയ്ക്ക് ഉണ്ടാകണ്ടേ. രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള അവകാശബോധവും ആർജ്ജവവും കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും നടത്താത്തത് എന്താണെന്ന് മനസ്സിലാകുന്നേയില്ല. കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്തും സഭയ്ക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശേഷിയില്ലേ? അതോ നമ്മൾ കേരളത്തിൽ മാത്രമൊതുങ്ങുന്ന ഒരു പ്രാദേശിക കൂട്ടായ്മ മാത്രമോ? ജബൽപ്പൂർ രൂപതയുടെ ജൂബിലി ആഘോഷത്തിലും തീർത്ഥാടനത്തിലും പങ്കെടുത്ത ക്രൈസ്തവ പുരോഹിതരെയും വിശ്വാസികളെയും ആക്രമിച്ച സംഘപരിവാർ സംഘടനകളെ ചെറുക്കാൻ മധ്യപ്രദേശിൽ സഭ ഒരു പാർട്ടി രൂപീകരിക്കണം. പുരോഹിതനെ പള്ളിയിൽനിന്ന് പിടിച്ചിറയ്ക്കി അക്രമിച്ച ഒഡിഷയിലെ ബി.ജെ.പി പൊലീസിനെ ചെറുക്കാനും ഒരു പാർട്ടി രൂപീകരിക്കണം. സമയം കിട്ടുമെങ്കിൽ ഒരുപാട് ക്രൈസ്തവരുടെ രക്തം വീണുചുവന്ന കാന്ധമാലിൽ ഒരു പ്രാദേശിക കമ്മിറ്റിയും രൂപീകരിക്കണം. ഛത്തീസ്ഘട്ടിലും രാജസ്ഥാനിലുമടക്കം ഇന്ത്യയിലെമ്പാടും കമ്മിറ്റികൾ രൂപീകരിച്ച് ശക്തി തെളിയിക്കണം’ -ജിന്റോ ​പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ദിവസങ്ങൾക്കു മുമ്പ് കാസയും പറഞ്ഞത് പോലെ സഭ തീർച്ചയായും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണം. ബിജെപിക്ക് വേണ്ടി മുഖം മറച്ചു പണിയെടുക്കുന്ന കാസയുടെ ലക്ഷ്യപ്രാപ്തിക്കായി പരസ്യപ്രസ്താവന നടത്തുന്ന പിതാക്കന്മാർ ആരെയാണ് വെല്ലുവിളിക്കുന്നത് എന്നറിയാൻ താല്പര്യമുണ്ട്. കേരളത്തിൽ രണ്ട് തവണയായി അടുപ്പിച്ചു ഭരിക്കുന്ന എൽഡിഎഫിനോടോ കേന്ദ്രത്തിൽ മൂന്നാംവട്ടം തുടരുന്ന മോദി സർക്കാരിനോടോ. വിരട്ടുമ്പോൾ വ്യക്തതയോടെ വേണം. ഇടയന്മാർക്ക് ധാരണ കുറഞ്ഞാൽ ആടുകൾക്ക് വഴിതെറ്റും.

കേരളത്തിലേയും കേന്ദ്രത്തിലേയും ജനദ്രോഹ സർക്കാരുകൾക്ക്‌ എതിരായ വോട്ടുകൾ എങ്ങനെയെങ്കിലും ഭിന്നിപ്പിച്ച് കോൺഗ്രസ് അധികാരത്തിൽ വരുന്നത് തടയാനായി നമ്മുടെ സഭയും ഒരു രാഷ്ട്രീയപാർട്ടി ഉണ്ടാക്കണം. വെള്ളാപ്പള്ളിയുടെ കാർമികത്വത്തിൽ ബിഡിജെഎസ്‌ ഉണ്ടാക്കി ബിജെപിയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയപോലെ. മേൽനോട്ട ചുമതല കാസയും ക്രോസുംനടത്തുകയും ചെയ്യും. അതോടെ ഭരണവിരുദ്ധ വോട്ടുകളിൽ ഒരു വിഭാഗം പിളർത്തിമാറ്റി കോൺഗ്രസ് ജയിക്കുന്ന സാഹചര്യമൊഴിവാക്കുകയും ചെയ്യാം. ബിജെപി വിഭാവനം ചെയ്യുന്ന കോൺഗ്രസ്‌ വിമുക്ത ഭാരതവും സിപിഎം ആഗ്രഹിക്കുന്ന കോൺഗ്രസ് വിമുക്ത കേരളവും സൃഷ്ടിച്ചു കൊടുക്കാൻ സഹായിക്കുന്നതിൽ സഭയ്ക്കും സന്തോഷിക്കാം.

രാഷ്ട്രീയപാർട്ടി രൂപീകരിക്കാനുള്ള അവകാശബോധവും ആർജ്ജവും കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തും നടത്താത്തത് എന്താണെന്ന് മനസ്സിലാകുന്നേയില്ല. കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്തും സഭയ്ക്ക് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ശേഷിയില്ലേ? അതോ നമ്മൾ കേരളത്തിൽ മാത്രമൊതുങ്ങുന്ന ഒരു പ്രാദേശിക കൂട്ടായ്മ മാത്രമോ? ജബൽപ്പൂർ രൂപതയുടെ ജൂബിലി ആഘോഷത്തിലും തീർത്ഥാടനത്തിലും പങ്കെടുത്ത ക്രൈസ്തവ പുരോഹിതരെയും വിശ്വാസികളെയും ആക്രമിച്ച സംഘപരിവാർ സംഘടനകളെ ചെറുക്കാൻ മധ്യപ്രദേശിൽ സഭ ഒരു പാർട്ടി രൂപീകരിക്കണം. പുരോഹിതനെ പള്ളിയിൽനിന്ന് പിടിച്ചിറയ്ക്കി അക്രമിച്ച ഒഡിഷയിലെ ബി.ജെ.പി പൊലീസിനെ ചെറുക്കാനും ഒരു പാർട്ടി രൂപീകരിക്കണം. സമയം കിട്ടുമെങ്കിൽ ഒരുപാട് ക്രൈസ്തവരുടെ രക്തം വീണുചുവന്ന കാന്ധമാലിൽ ഒരു പ്രാദേശിക കമ്മിറ്റിയും രൂപീകരിക്കണം. ഛത്തീസ്ഘട്ടിലും രാജസ്ഥാനിലുമടക്കം ഇന്ത്യയിലെമ്പാടും കമ്മിറ്റികൾ രൂപീകരിച്ച് ശക്തി തെളിയിക്കണം.

നമുക്ക് വലിയ ബുദ്ധിമുട്ടില്ലാതെ കുർബാന കൂടാൻ പറ്റുന്ന കേരളത്തിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കാതെ, കുർബാന ചൊല്ലിയാൽ പുരോഹിതർക്ക് കുത്ത് കിട്ടുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലല്ലേ പാർട്ടി രൂപീകരണമെന്ന ഭീഷണി ആദ്യം പൊട്ടിക്കേണ്ടത്. അറ്റ്ലീസ്റ്റ് സഭാവസ്ത്രം അണിഞ്ഞുകൊണ്ട് പൊതുനിരത്തിൽ സഞ്ചരിക്കാനുള്ള അവകാശമെങ്കിലും അവിടുത്തെ നമ്മുടെ സഹോദരങ്ങൾക്ക് സംഘപരിവാറിൽ നിന്ന് നേടിയെടുക്കേണ്ടതല്ലേ. അഖിലേന്ത്യാ തലത്തിൽ ക്രൈസ്തവരെ വേട്ടയാടുകയും കൊന്നൊടുക്കുകയും ചെയ്യുന്ന സംഘപരിവാർ സംഘടനകളെ നിലയ്ക്ക് നിർത്താനുള്ള ശേഷി കൂടി സഭയ്ക്ക് ഉണ്ടാകണ്ടേ.

തൃശ്ശൂരിൽ മാതാവിന് സ്വർണ്ണംപൂശിയ ചെമ്പുകിരീടം കിട്ടിയപ്പോൾ ഡൽഹിയിലെ മാതാവിന്റെ തല തന്നെയവർ തകർത്തില്ലേ. 300 രൂപ റബ്ബറിന് കിട്ടുമെന്ന് വിശ്വസിച്ച് ഒരു എം.പിയെ സമ്മാനിച്ചപ്പോൾ 2024ൽ മാത്രം 640 ആസൂത്രിത അക്രമങ്ങൾ അവർ തിരികെ സമ്മാനിച്ചത് കണ്ടില്ലല്ലോ നല്ലവരെ നിങ്ങൾ. എംപിയെ കൊടുത്ത ശേഷവും റബ്ബറിന് 300 രൂപ കിട്ടാത്തതിൽ പ്രതിഷേധിക്കാൻ രാഷ്ട്രീയപ്പാർട്ടി തന്നെ വേണമെന്നില്ലല്ലോ, ആത്മധൈര്യം പോരെ.

തൃശ്ശൂരിൽ കുരുത്തോലയിൽ കരവിരുത് കാണിക്കുന്ന കുരങ്ങുവേല കണ്ട് നിങ്ങൾ കൂട്ടിപ്പിടിച്ചവരുടെ കൂട്ടക്കാർ തന്നെ ഡൽഹിയിൽ നമ്മുടെ ക്രൂശിതരൂപം തല്ലി തകർക്കുന്നതും സമ്മാനിച്ചില്ലേ. അവിടെയൊക്കെ സഭ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ശക്തി തെളിയിക്കണം. പതിനായിരക്കണക്കിന് മനുഷ്യർ വേട്ടയാടപ്പെടുകയും 70,000ല ധികം ആളുകൾ ഭവനരഹിതരാവുകയും മുന്നൂറിലധികം പള്ളികൾ ആക്രമിക്കപ്പെടുകയും അത്രത്തോളം തന്നെ മനുഷ്യർ കൊലചെയ്യപ്പെടുകയും ചെയ്ത മണിപ്പൂരിൽ അതിശക്തമായ ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചു ബിജെപിയെ അധികാരത്തിൽ നിന്ന് തൂത്തെറിയാനുള്ള ശേഷി കൂടി സഭ കാണിക്കേണ്ടതല്ലേ?

കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒൻപത് കൊല്ലമായി സംഘപരിവാറിന്റെ ആശയങ്ങൾ നടപ്പാക്കി കൊണ്ടിരിക്കുമ്പോൾ സമസ്ത മേഖലയിലും ദുരിതങ്ങൾ മാത്രം അനുഭവിക്കുന്ന ഈ ജനതയ്ക്ക് കൈത്താങ്ങാകാൻ സഭയ്ക്ക് സാധിക്കണ്ടേ. അങ്ങനെയെങ്കിൽ ജനപക്ഷ നിലപാടുയർത്തി നിരന്തര സമരങ്ങളിലൂടെ മോദി - പിണറായി സർക്കാർ വിരുദ്ധ പോരാട്ടം നയിക്കുന്ന യുഡിഎഫിനെ പിന്തുണക്കുകയല്ലേ വേണ്ടത്. പകരം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കോൺഗ്രസിനെയും യുഡിഎഫിനും ദുർബലപ്പെടുത്താനുള്ള സർവ്വ സന്ദേശങ്ങളും പകർന്നുനൽകുന്നത് പിണറായി സർക്കാരിന് തുടരാൻ മണ്ണൊരുക്കുന്നതല്ലേ.

അന്ധമായ മുസ്‍ലിം വിരോധത്തിൽ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വർഗീയത ഊട്ടിയുറപ്പിച്ച് ബിജെപിക്ക് അരമനകൾ വഴി കേരളത്തിലേക്ക് കടന്നു വരാനുള്ള വഴിയൊരുക്കലല്ലേ നിരുത്തരവാദപരമായ ഈ പ്രസ്താവനകൾ. രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും വിലക്കയറ്റവും റേഷനും പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യവും ഇന്ധനവിലയും വൈദ്യുതിചാർജും വെള്ളക്കരവും വീട്ടുകരവും ഭൂകരവും വർദ്ധിപ്പിച്ച് സകലവിധത്തിലും മനുഷ്യൻ ജീവിക്കാൻ പറ്റാത്തത്ര ദുസ്സഹമായ ഭരണ സാഹചര്യത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ മോദി-പിണറായി ഇരട്ടയെഞ്ചിൻ സർക്കാരുകൾക്ക് ഒരു സഹായമാകും സഭയുടെ രാഷ്ട്രീയപാർട്ടി.

വന്യജീവികൾ മനുഷ്യരെ കൊന്നൊടുക്കുമ്പോൾ, മലയോരമേഖലയിലെ കർഷകരെ വഞ്ചിക്കുമ്പോൾ അതേ സർക്കാരുകൾക്ക്‌ തന്നെ തുടർച്ചനൽകാൻ സഭയുടെ രാഷ്ട്രീയപാർട്ടിക്ക്‌ സാധിക്കും. വന്യജീവികൾ മലയോര കർഷകരുടെ ജീവിതം തകർക്കുമ്പോൾ, മനോരോഗികളായ സംഘികളും സംഘാക്കളും മയക്കുമരുന്ന് അടിമകളായവരും കേരളത്തിൽ കൊലപാതക പരമ്പര നടത്തുമ്പോൾ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സഭയുടെ രാഷ്ട്രീയ പാർട്ടിക്ക് സാധിക്കും.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2025ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും കേരളത്തിലെമ്പാടും ബിജെപിയും സിപിഎമ്മിനും ഭരണവിരുദ്ധ ജനവികാരത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് ജയിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കാൻ സഭയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലൂടെ സാധിക്കും.

ഫിക്സഡ് ഡെപ്പോസിറ്റായി കത്തോലിക്ക സഭയെ ആരും കാണേണ്ടന്ന് പറയുന്നവർ ഓർക്കേണ്ട ഒരുകാര്യമുണ്ട്. കത്തോലിക്കാ സഭ എന്നുപറഞ്ഞാൽ വല്ലവന്റെയും നെറ്റിയിലെ വിയർപ്പ് കൊണ്ട് മഴ കൊള്ളാതെയും വെയില് കൊള്ളാതെയും വിയർക്കാതെയും ജീവിക്കുന്ന ചെറുകൂട്ടം മാത്രമല്ല. മഴനനഞ്ഞും വെയിൽകൊണ്ടും പണിയെടുത്ത് വിയർത്തും ജീവിക്കുന്ന ലക്ഷക്കണക്കിന് അല്മായർ കൂടി ചേരുന്നതാണ്. അവരുടെ ജനാധിപത്യ ബോധത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് മേലധ്യക്ഷന്മാരുടെ മേലങ്കിയുടെ പോക്കറ്റിലാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. സാധാരണ ക്രൈസ്തവർക്കറിയാം മേലധ്യക്ഷന്മാരിൽ ചിലരുടെ ഫിക്സഡ് ഡെപ്പോസിറ്റ് ബിജെപിയുടെ ജോയിന്റ് അക്കൗണ്ടിൽ എത്തിയിട്ട് കാലം കുറെയായെന്ന്. ബാക്കി എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അത് പിണറായി വിജയന്റെ എകെജി സെന്ററിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലുമാണ്. ബിജെപിക്ക് കൊടുത്ത ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയാണ് മണിപ്പൂരിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഒറീസയിലും ഡൽഹിയിലും വടക്കേയിന്ത്യയിലെമ്പാടും ദക്ഷിണ കർണ്ണാടകയിലുമൊക്കെ കിട്ടിക്കൊണ്ടിരിക്കുന്നത്. പതുക്കെ പതുക്കെ കേരളത്തിലും വന്നു തുടങ്ങുന്നുണ്ട്.

എത്ര ആക്രമിച്ചാലും സാരമില്ലെന്ന് മോദി സർക്കാരിനെ കയ്യയച്ച് സഹായിച്ചതിന്റെ ഫലമായ ചെക്ക് ബൗൺസാകുമ്പോൾ മാത്രമാണ് ജന്തർ മന്ദറിൽ പ്രതിഷേധയോഗവും സുപ്രീംകോടതിയിൽ ഹർജിയും ദീപികയിൽ മുഖപ്രസംഗവും സത്യദീപത്തിൽ ലേഖനവും ആചാരം പോലെ നടത്തുന്നത്. അല്മായർക്ക് മെഴുകുതിരി കത്തിച്ചു നഗരപ്രദക്ഷിണവും വിശ്വാസികളുടെ പ്രാർത്ഥന സഹായാഭ്യർത്ഥനയുമൊക്കെ നടത്തുമ്പോൾ അക്രമത്തിനിരയായവർക്ക് നീതി ഉറപ്പാക്കപ്പെടില്ല. മധുരച്ചിരിയുമായി ബിജെപി അരമനകൾ സന്ദർശിക്കുമ്പോൾ, അതുവരെ നമ്മുടെ വിശ്വാസികളുടെ നെഞ്ചത്ത് കുത്തിയ സംഘപരിവാറിന്റെ തൃശ്ശൂലം മറന്നുപോകുമ്പോൾ വീണ്ടും കുറേപ്പേർ കുരിശിലേറ്റപ്പെടുന്നുണ്ട്.

അവർ മനുഷ്യവേട്ടയുടെ ഓർമ്മകൾ ഒളിക്കാൻ മലകയറി മുട്ട് തേഞ്ഞ് അരമനകളിൽ എത്തിനോക്കുമ്പോൾ നിങ്ങളവർക്ക് കേക്കും വീഞ്ഞും നൽകുന്നു. അവരത് കഴിച്ചിട്ട് പുറത്തിറങ്ങി വിശ്വാസികളുടെ കഴുത്തിന് പിടിക്കുമ്പോഴും മേൽപ്പട്ടക്കാർക്ക് കോൺഗ്രസ്സിനെ കുറ്റം പറഞ്ഞ് നിശ്വസിക്കാം. കോൺഗ്രസ്സിനെ വിരട്ടുന്നവർക്ക്‌ ആറര പതിറ്റാണ്ടുകൾ വലിയ പ്രയാസമില്ലാതെ ഈ രാജ്യത്ത് വിശ്വസിച്ചും പ്രാർത്ഥിച്ചും ജീവിച്ചുപോരാൻ പറ്റിയത് കോൺഗ്രസ് ഉണ്ടായിരുന്നത് കൊണ്ടാണ്.

2014 ന് ശേഷമല്ല പിതാവേ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത്. പക്ഷേ 2014 ന് ശേഷമാണ് പ്രതിവർഷം 600 ലധികം ആസൂത്രിത അക്രമങ്ങൾ ക്രൈസ്തവർ നേരിടേണ്ടി വരുന്നത്. 2024 ൽ മാത്രം 640 ആസൂത്രിത അക്രമങ്ങൾ ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ അരങ്ങേറിയപ്പോൾ ഒരക്ഷരം പോലും ചോദിക്കാൻ നാവുപൊങ്ങാത്തവർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെമ്പാടും പ്രത്യക്ഷവും പരോക്ഷവുമായ ബിജെപി അനുകൂല പ്രസ്താവനകൾ നടത്തി നരേന്ദ്രമോദിക്ക് ഒരു എംപിയെ സംഭാവന ചെയ്തതും ആരും മറക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന് തുടർഭരണം കിട്ടിയതിൽ കാര്യമായ സഹകരണം നടത്തിയിട്ടുണ്ടെന്നും ഞങ്ങൾക്കറിയാം. ഞങ്ങളെ ഇനിയും വിരട്ടി വിഷമിക്കല്ലേ നിഷ്കളങ്കരേ നിങ്ങൾ.

കോൺഗ്രസിന് ഈ രാജ്യത്ത് ഒരു മതസാമുദായിക നേതാക്കന്മാരെയും മതമേലധ്യക്ഷന്മാരെയും ഭയമില്ല. കോൺഗ്രസിന് കേൾക്കേണ്ടത് പട്ടിണിയിലും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയും രൂക്ഷമായ വിലക്കയറ്റത്തിലും നിത്യജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രയാസപ്പെടുന്ന സാധാരണക്കാരെ മാത്രമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റിൽ കോൺഗ്രസ് വിജയിച്ചതും ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടിയതും സാധാരണക്കാർ വോട്ട് ചെയ്തതുകൊണ്ടാണ്. അതിൽ പല മതവിശ്വാസികളും ഉണ്ടാകും. അതൊക്കെ പക്ഷേ ഏതെങ്കിലും മത സാമുദായിക സംഘടനകളുടെ അക്കൗണ്ടിൽപ്പെടുത്തി ഇനിയും വിരട്ടല്ലേ.

താമരശ്ശേരി പിതാവിനെ നികൃഷ്ടജീവിയെന്ന് വിളിച്ചയാളുടെ പാർട്ടിക്ക് അതേ മണ്ണിൽ നിന്നു തന്നെ ഒരു എംഎൽഎയെ കൊടുക്കാൻ യാതൊരു മടിയും കാണിക്കാത്തവർ ഞങ്ങളെ ഇനിയും അങ്ങോട്ട് പേടിപ്പിക്കരുത്. തിരിച്ചറിവുണ്ടായാൽ എല്ലാവർക്കും നല്ലതാണ്. നിങ്ങൾ കോൺഗ്രസിനെ സഹായിച്ചത് കൊണ്ടല്ല കോൺഗ്രസ് ഈ രാജ്യത്ത് ഉണ്ടായതുകൊണ്ടാണ് നിങ്ങൾക്ക് പലരെയും സഹായിക്കാൻ പറ്റുന്ന രീതിയിൽ ജീവിക്കാൻ പറ്റിയത്. കോൺഗ്രസ് ഈ രാജ്യത്ത് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴൊക്കെ നിങ്ങൾ അക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. പക്ഷേ എത്ര അക്രമങ്ങൾ കിട്ടിയാലും "മീനവിയൽ എന്തായാവോ" എന്നു പറയുന്ന ശ്രീനിവാസൻ കഥാപാത്രം പോലെ ഇനിയും അടിച്ചോ ഇനിയും അടിച്ചോ എന്ന് ക്യൂ നിന്ന് അടിമേടിക്കുന്നവന്റെ മാനസികാവസ്ഥയിലേക്ക് മാറുന്നത് മടിയിൽ കനമുള്ളതുകൊണ്ടുള്ള ഭയം കൊണ്ടാണോ?

ക്രൈസ്തവർ ഒരുമിച്ച് നിന്നാൽ ക്രൈസ്തവരെ തേടി രാഷ്ട്രീയക്കാർ എത്തുമെന്ന് കല്ലറങ്ങാട്ട് പിതാവ് പറയുന്നത് ശരിയാണ്. ശക്തിയുള്ളവനെ തേടി രാഷ്ട്രീയക്കാർ മാത്രമല്ല പ്രതിയോഗികൾ വരെയെത്തും. സഭ രാഷ്ട്രീയ പാർട്ടിയുണ്ടാക്കും എന്നുള്ളത് തെറ്റായ സന്ദേശമാണെന്നുള്ള നിരീക്ഷണവും ശരിയാണ്. കാരണം, കാസ പറഞ്ഞ വാക്കുകൾ ഉത്തരവാദിത്തപ്പെട്ട പിതാക്കന്മാരുടെ നാവിൽ നിന്ന് കേൾക്കുമ്പോൾ സഭാ പിതാക്കന്മാർ കാസക്കും ക്രോസിനും സംഘപരിവാറിന്റെ വിരട്ടിനും കീഴടങ്ങിക്കൊടുത്തുവെന്ന തോന്നലുണ്ടാക്കും.

സഭയ്ക്കെന്നല്ല ഈ നാട്ടിലെ ഏതൊരു വ്യക്തിക്കും രാഷ്ട്രീയപാർട്ടി ഉണ്ടാക്കാം. പക്ഷേ ആ രാഷ്ട്രീയപാർട്ടി ഉണ്ടാക്കുന്നതിന്റെ ലക്ഷ്യം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഭരണവിരുദ്ധ തരംഗത്തെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ളതാക്കരുത്. ഭരണവിരുദ്ധ തരംഗത്തെ തടയിട്ടു കൊണ്ട് വീണ്ടും ഈ കൊള്ളക്കാരുടെ സർക്കാരിന് തുടർഭരണം നൽകാനുള്ള ലക്ഷ്യമാണെങ്കിൽ അത് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയും തമ്പുരാൻ കർത്താവ് ക്രൈസ്തവർക്ക് കൊടുത്തിട്ടുണ്ടെന്ന് മറക്കണ്ട. കുറച്ചുകാലം മുമ്പ് നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ (!!) സംഘടിപ്പിച്ചുകൊണ്ട് ബി.ഡി.ജെ.എസ് ഉണ്ടാക്കി ബി.ജെ.പിക്ക് കൊണ്ടുപോയി കൊടുത്ത വെള്ളാപ്പള്ളിയുടെ പണിയെടുക്കരുത്.

ആ ഒരൊറ്റ ഇടപാടിലൂടെ സിപിഎമ്മിന് തുടർഭരണവും ബി.ജെ.പിക്ക് 20% വോട്ടും കിട്ടി; വെള്ളാപ്പള്ളിയുടെ പുറകിൽ നടന്ന നായാടി മുതൽ നമ്പൂതിരി വരെയുള്ളവർക്ക് ദുരിതങ്ങളും. മുതലാളിയുടെ മൈക്രോ ഫിനാൻസ് കേസ് ഒതുക്കപ്പെട്ടു, മുതലാളിയുടെ മകന് ബി.ജെ.പിയുടെ മുന്നണിയിൽ മുന്തിയ സ്ഥാനവും കിട്ടി, ബി.ജെ.പിക്കാർ വിളമ്പുന്ന വെറുപ്പും വർഗീയതയും വിളമ്പുന്ന ഒരു വിഷനാവും. പിതാക്കന്മാർക്ക് തിരിച്ചറിവുണ്ടാകണം. ആർക്കെതിരെയാണ് യുദ്ധം ചെയ്യുന്നതിനുള്ള ബോധ്യമുണ്ടാകണം. വിമോചന ദൈവ ശാസ്ത്രത്തിന്റെ സമസ്ത തലങ്ങളെ കുറിച്ച് അല്മായർക്കും വിശ്വാസികൾക്കും ക്ലാസ്സെടുക്കുന്ന പുരോഹിത ശ്രേഷ്ഠന്മാർ വിമോചന ദൈവശാസ്ത്രം സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവന് വേണ്ടിയിട്ടാണെന്ന് മറന്നുകൂടാ.

അധികാരത്തിൽ നിന്നും സൗകര്യങ്ങളിൽ നിന്നും സുഖലോലുപതയിൽ നിന്നും ഏറ്റവും അങ്ങേയറ്റത്തേക്ക് തള്ളി മാറ്റപ്പെട്ട മനുഷ്യരുടെ വേവലാതികൾ നിങ്ങൾ കണ്ണതുറന്ന് കാണണം. അവരുടെ നിത്യജീവിതത്തിന്റെ പ്രയാസങ്ങളെ അഡ്രസ് ചെയ്യുന്ന യുഡിഎഫിനെ, കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയപാർട്ടി പ്രഖ്യാപനമെന്നുള്ള വാറോല കാണിച്ച് വിരട്ടാൻ നോക്കരുത്. ചിലപ്പോൾ പിതാക്കന്മാർക്ക് ഒപ്പം വിശ്വാസികൾ നിന്നില്ലായെന്ന് വരും. അല്ലെങ്കിൽ തന്നെ ഈ വിരട്ടൊക്കെ മംഗലാപുരത്തിനപ്പുറത്തല്ലേ ആദ്യം നടപ്പാക്കേണ്ടതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mar Joseph PamplanyJinto John
News Summary - Dr. Jinto John against Mar Joseph Pamplany
Next Story