‘വിഷം തുപ്പാൻ നടക്കുന്നവരെ ചരിത്രം ഓർമിപ്പിച്ചിട്ട് കാര്യമില്ല രാമേട്ടാ... ഇടംകൈ കാരണഭൂതന്റെ കാൽക്കലും വലംകൈ ജീയുടെ കാൽക്കലുമാണ്’
text_fieldsകൊച്ചി: കള്ളം പറയാനും വിഷം തുപ്പാനും നടക്കുന്നവരോട് ചരിത്രം ഓർമ്മിപ്പിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗത്തിന് മറുപടി പറഞ്ഞ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമനോട് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. മുസ്‌ലിം സമുദായത്തിൽപ്പെട്ടവരെ മാത്രമാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കുന്നത് എന്ന വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് യു.സി രാമൻ കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. ഞാൻ പട്ടിക ജാതിക്കാരനായത് കൊണ്ടാണോ രണ്ടുതവണ ഞാൻ ലീഗ് എംഎൽഎ ആയത് താങ്കളുടെ കണ്ണിൽപ്പെടാത്തത് എന്നായിരുന്നു യു.സി രാമന്റെ ചോദ്യം.
‘അന്നയാൾ കള്ള് കച്ചവടത്തിന്റെ തിരക്കിലായിരുന്നു. കള്ളം പറയാനും വിഷം തുപ്പാനും നടക്കുന്നവരോട് ചരിത്രം ഓർമ്മിപ്പിച്ചിട്ട് കാര്യമില്ല രാമേട്ടാ. കള്ളക്കച്ചവടത്തിന്റെ കണക്കുകൾ കൈയ്യോടെ പിടിക്കാതിരിക്കാൻ ഇടതുകൈ കാരണഭൂതന്റെ കാൽക്കലും വലതുകൈ ജീയുടെ കാൽക്കലും പിടിച്ച് കിടക്കുന്നവർക്ക് എന്ത് ചരിത്രബോധം! വെറുപ്പ് പറയുക, വർഗീയ വിളവെടുപ്പ് നടത്തുക അതുമാത്രമാണ് മുതലാളിയുടെ ഉദ്ദേശ്യം. ഈവക മുതലൊക്കെയാണ് കേരള നവോത്ഥാന സമിതിയുടെ ചെയർമാൻ എന്നൊരു ദുര്യോഗ നാടകവും സഹിക്കണമല്ലോ’ -ജിന്റോ ജോൺ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
നൂറുകണക്കിന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും ലീഗ് ബാനറിൽ മറ്റു സമുദായങ്ങളിൽ നിന്ന് ഉണ്ടായിട്ടുണ്ടെന്നും യു.സി രാമൻ വെള്ളാപ്പള്ളിക്കെഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും കൂടുതൽ പട്ടികജാതിക്കാരെയും ആദിവാസി സമുദായക്കാരെയും ചേർത്ത് പിടിക്കുന്നതും അവർക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നതും മുസ്‌ലിം ലീഗ് ആണെന്നും അദ്ദേഹം പറഞ്ഞു. സവർണ സമുദായത്തിലെ മനുഷ്യർ പോലും മുസ്‌ലിം ലീഗിന്റെ പ്രഭാഷകരും നേതാക്കളുമായി ഇന്ന് പ്രവർത്തിക്കുന്നുണ്ട്. അങ്ങേക്ക് സംശയമുണ്ടെങ്കിൽ അക്കമിട്ട് സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും പ്രവർത്തകരുമായ മുസ്‌ലിം ലീഗിലെ ഇതര മതസ്ഥരുടെ മുഴുവൻ വിശദവിവരങ്ങളും തരാൻ താൻ തയ്യാറാണ്. എല്ലാ വിഭാഗം ജനങ്ങളുടെ വിശ്വാസ്യത ആർജിച്ചുകൊണ്ട് മുന്നേറുന്ന മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ അപക്വമായ പ്രസ്താവന പിൻവലിച്ചു കേരളീയ സമൂഹത്തോട് വെള്ളാപ്പള്ളി മാപ്പ് പറയണമെന്നും യു.സി രാമൻ ആവശ്യപ്പെട്ടു.
യു.സി രാമന്റെ കത്തിന്റെ പൂർണരൂപം:
പ്രിയപ്പെട്ട വെള്ളാപ്പള്ളി നടേശന്
മുസ്‌ലിം വിഭാഗത്തിൽ നിന്നല്ലാതെ ഒരാളെയെങ്കിലും മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കിയിട്ടുണ്ടോ എന്ന് അങ്ങ് ചോദിച്ചതായി കേട്ടു. വിനീതനായ ഞാൻ രണ്ടു തവണ മുസ്‌ലിം ലീഗിന്റെ എംഎൽഎ ആയിരുന്നു എന്നത് താങ്കൾക്കറിയില്ലേ, അതോ ഞാൻ പട്ടികജാതിക്കാരനായത് കൊണ്ട് കണ്ണിൽപെടാത്തത് കൊണ്ടാണോ? ഞാനിന്ന് മുസ്‌ലിം ലീഗ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.
ഞാൻ മാത്രമല്ല അങ്ങനെ എത്ര പേര് ജനപ്രതിനിധികളാകുകയും മത്സരിക്കുകയും ചെയ്തു മുസ്‌ലിം ലീഗിൽ. സാമാന്യ വർത്തമാന ചരിത്രം പോലും മനസ്സിലാക്കാതെയാണോ താങ്കൾ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുന്നത്?
നൂറുകണക്കിന് ത്രിതല ജനപ്രതിനിധികളും ത്രിതല സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും മുസ്‌ലിം ലീഗ് ബാനറിൽ മറ്റ് സമുദായങ്ങളിൽ നിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. ഏറ്റവും കൂടുതൽ പട്ടികജാതിക്കാരെയും ആദിവാസി സമുദായക്കാരെയും ചേർത്ത് പിടിക്കുന്നതും അവർക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നതും മുസ്‌ലിം ലീഗ് എന്ന എന്റെ പാർട്ടിയാണ് എന്ന് ഞാൻ അഭിമാനത്തോടെ പറയും.
സവർണ സമുദായത്തിലെ മനുഷ്യർ പോലും മുസ്‌ലിം ലീഗിന്റെ പ്രഭാഷകരും നേതാക്കളുമായി ഇന്ന് പ്രവർത്തിക്കുന്നുണ്ട്. അങ്ങേക്ക് സംശയമുണ്ടെങ്കിൽ അക്കമിട്ട് സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും പ്രവർത്തകരുമായ മുസ്‌ലിം ലീഗിലെ ഇതര മതസ്ഥരുടെ മുഴുവൻ വിശദവിവരങ്ങളും തരാൻ ഞാൻ തയ്യാറാണ്.
എല്ലാ വിഭാഗം ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിച്ചു കൊണ്ട് തെളിച്ചമുള്ള വെളിച്ചമായി കേരളത്തിൽ മുന്നേറുന്ന മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ അപക്വമായ പ്രസ്താവന എത്രയും പെട്ടെന്ന് പിൻവലിച്ചു കേരളീയ സമൂഹത്തോട് താങ്കൾ മാപ്പ് പറയണമെന്ന് അഭ്യർത്ഥിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.