വിടവാങ്ങിയത് രാജ്യത്തെ സഭ നേതാക്കളിൽ മുഖ്യസ്ഥാനീയൻ
text_fieldsപത്തനംതിട്ട: ദൈവരാജ്യ ദർശനത്തിനൊപ്പം വ്യക്തമായ സാമൂഹിക വീക്ഷണവും പുലർത്തുന്നതായിരുന്നു അന്തരിച്ച ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ വ്യക്തിത്വം. സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടങ്ങളിലും ജീവകാരുണ്യ മേഖലയിലും സഭാ ഐക്യപ്രസ്ഥാനങ്ങളിലും നേതൃസ്ഥാനത്ത് തിളങ്ങിയ ജോസഫ് മാർത്തോമ രാജ്യത്തെ ക്രൈസ്തവസഭ നേതാക്കളിൽ മുഖ്യസ്ഥാനീയനായിരുന്നു. സാമ്പത്തിക അസന്തുലിതാവസ്ഥ, പരിസ്ഥിതി, ജീവകാരുണ്യം തുടങ്ങി സാമൂഹിക ജീവിതത്തിെൻറ വിവിധ മേഖലകളിൽ അദ്ദേഹം ഉറച്ച നിലപാട് സ്വീകരിച്ചു.
ആഗോളീകരണവും സാമ്പത്തിക ഉദാരവത്കരണവും സൃഷ്ടിക്കുന്ന സാമൂഹിക പ്രതിസന്ധികളും പാരിസ്ഥിതിക പ്രശ്നങ്ങളും 21ാം നൂറ്റാണ്ടിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് നിരന്തരം ഉദ്ബോധിപ്പിച്ച അദ്ദേഹം, അടിത്തട്ടിലുള്ളവരുടെ ഉന്നമനത്തിലൂടെയേ സാമൂഹിക പുരോഗതി കൈവരിക്കാനാകൂവെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുെവച്ചത്. അശരണർ, രോഗികൾ, ദരിദ്രർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങിയവർ ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി നിരന്തരം പ്രവർത്തിച്ചു.
45 വർഷത്തെ മേൽപട്ട ശുശ്രൂഷയും 13 വർഷത്തെ സഭയുടെ പരമാധ്യക്ഷ ശുശ്രൂഷയും ഉൾെപ്പടെ 63 വർഷത്തെ അജപാലന ശുശ്രൂഷയിലൂടെ മലങ്കര സഭയിൽ പ്രഥമഗണനീയനായ ഇടയ ശ്രേഷ്ഠനായി. ദീർഘവീക്ഷണവും പ്രായോഗികതയും ഊഷ്മള സൗഹൃദവും ക്രൈസ്തവ സഭകളിൽ ആദരണീയ വ്യക്തിത്വമാക്കി. സഭകൾ തമ്മിെല തർക്കങ്ങളിൽ പലപ്പോഴും മധ്യസ്ഥനായി.
മഹാരാഷ്ട്രയിലെ ലാത്തുർ, ഗുജറാത്ത്, ആന്ധ്ര, ഒഡിഷ, വെസ്റ്റ് ബംഗാൾ എന്നിവടങ്ങളിലെ ഭൂകമ്പ-പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാഗാലാൻഡ്, മണിപ്പൂർ, ഈസ്റ്റ് ടിമോർ, സംഘർഷമേഖലകളിൽ പീസ് മിഷനിൽ അംഗമായി സമാധാന ശ്രമങ്ങളിൽ പങ്കുചേർന്നു.
യു.എൻ അസംബ്ലി ഹാളിൽ നടന്ന ലോക മതനേതാക്കളുടെ സമ്മേളനത്തിൽ സംസാരിച്ചിട്ടുണ്ട്. ട്രാൻസ്ജെൻഡറുകൾക്കായി മാരാമൺ കൺെവൻഷൻ വേദി തുറന്നുനൽകിയതും സ്ത്രീകൾക്കുകൂടി രാത്രിയോഗത്തിൽ പങ്കെടുക്കാൻ കൺെവൻഷെൻറ വൈകീട്ടത്തെ യോഗസമയം ക്രമീകരിച്ചതും അദ്ദേഹത്തിെൻറ പരിഷ്കാരങ്ങളാണ്. ജോസഫ് മാർത്തോമ വിയോഗേത്താടെ മലങ്കരസഭ ചരിത്രത്തിലെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
അന്ത്യാഞ്ജലി അർപ്പിച്ചു
തിരുവല്ല: സഭാ ആസ്ഥാനത്തെ അലക്സാണ്ടർ മാർത്തോമ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനുെവച്ച ഭൗതികശരീരത്തിൽ സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കെ. രാജു പുഷ്പചക്രം സമർപ്പിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഓൺലൈനായി അനുശോചനം രേഖപ്പെടുത്തി. വിവിധ സഭാ മേലധ്യക്ഷന്മാരായ കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ജോഷ്വ മാർ ഇഗ്നാത്തിയോസ്, തോമസ് മാർ കൂറിലോസ്, ജോസഫ് മാർ തിമോത്തിയോസ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, എം.പിമാരായ ആേൻറാ ആൻറണി, ഷാനിമോൾ ഉസ്മാൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, രാജു എബ്രഹാം, വീണാ ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. ജോർജ്, ശബരീനാഥ്, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.എൻ. ബാലഗോപാൽ, സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ഷിബു ബേബി ജോൺ തുടങ്ങിയവർ അേന്ത്യാപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.