മാധ്യമങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് പിന്നാലെ: ഡോ. കഫീൽ ഖാൻ
text_fieldsഫറോക്ക്: രാഷ്ട്രത്തിെൻറ ആത്മാവിനെ കൊല്ലുന്ന ഭരണകൂടത്തിന് നേർവഴി കാണിക്കുന്നതിന് പകരം ദുഷ്ടരാഷ്ട്രീയത്തെ പിന്തുണക്കുകയാണ് പല വൻകിട മാധ്യമങ്ങളുമെന്ന് ഡോ. കഫീൽ ഖാൻ.ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച ‘വർത്തമാനകാല ഇന്ത്യയിലെ ഒരു മുസ്ലിം ഡോക്ടറുടെ ജീവിതം’ എന്ന ചർച്ചയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആഗസ്റ്റിൽ ഗോരഖ്പുർ മെഡിക്കൽ കോളജിലെ കൂട്ട ശിശുമരണം പുറത്തുവന്നത് താൻ കാരണമായിരുന്നു. ആശുപത്രിയിലെ ഡോക്ടർ എന്നതിലുപരി പൊതുസേവകനായി മരണം ഒഴിവാക്കാൻ ശ്രമം നടത്തി. അധികാരികളെ യഥാസമയം അറിയിച്ചിട്ടും പ്രതികരണമില്ലാതായപ്പോൾ സ്വയം ഓക്സിജൻ സിലിണ്ടർ സംഘടിപ്പിച്ചു. പിടിവിട്ടപ്പോൾ തനിക്കെല്ലാം തുറന്നുപറയേണ്ടിവന്നു. കൂട്ടശിശുമരണ സംഭവം പുറത്തറിഞ്ഞ നാൾ തന്നെ ‘ഭഗവാനാ’യി വാഴ്ത്തിയ മാധ്യമങ്ങൾ രാഷ്ട്രീയ താൽപര്യം എതിരാണെന്നു കണ്ടപ്പോൾ കൂറുമാറി.
പിന്നീട് രാഷ്ട്രീയ-മാധ്യമ കൂട്ടുകെട്ട് തന്നെ കൊലയാളിയാക്കാനുള്ള കരുക്കൾ നീക്കുകയും ഒമ്പതു മാസം ജയിലിലടക്കപ്പെടുകയും ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കേണ്ട നാലാംതൂൺ വലിയ വേഗത്തിൽ ഉത്തരവാദിത്തം മറക്കുമ്പോൾ സമൂഹമാധ്യമ രംഗം വലിയ പ്രതീക്ഷയാണ് നൽകുന്നത്.നന്മക്കുവേണ്ടി പ്രതികരിക്കാൻ സോഷ്യൽ മീഡിയ നൽകുന്ന അവസരങ്ങൾ യഥോചിതം ഉപയോഗിക്കാൻ അദ്ദേഹം വിദ്യാർഥികളാട് ആവശ്യപ്പെട്ടു. പേരിലെ ‘ഖാൻ’ കാരണം ഭരണകൂട വിവേചനത്തിനിരയായ ആളാണ് താൻ. നാട്ടിൽ എല്ലാതരം വിവേചനവും ഇല്ലാതാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. പ്രിൻസിപ്പൽ കെ.എം. നസീർ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി എം. ഷിലു ജാസ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.