Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ​കെ.കെ. ഉസ്മാൻ:...

ഡോ. ​കെ.കെ. ഉസ്മാൻ: ആശുപത്രിയിൽനിന്ന് സമൂഹത്തിലേക്ക് ഇറങ്ങി നടന്ന സേവകൻ

text_fields
bookmark_border
ഡോ. ​കെ.കെ. ഉസ്മാൻ: ആശുപത്രിയിൽനിന്ന് സമൂഹത്തിലേക്ക് ഇറങ്ങി നടന്ന സേവകൻ
cancel
camera_alt

ഡോ. കെ.കെ. ഉസ്മാന്റെ ആത്മകഥയായ ‘എന്റെ കഥ, അവരുടെയും’ പുസ്തകത്തിന്റെ പുറംചട്ട

ആലുവ: അമേരിക്കയിലെ ഡിട്രോയ്‌റ്റ് മെഡിക്കൽ സെന്ററിൽ പഠിച്ച് ഉദരരോഗ വിദഗ്ധനായി പേരെടുത്ത ഡോക്ടർ. കാനഡയിലും അമേരിക്കയിലും ദീർഘകാലം പ്രവർത്തി പരിചയം. നാട്ടിൽ തിരിച്ചെത്തി പറവൂർ കവലയിൽ ആൽവായ് മെഡിക്കൽ സെന്റർ എന്ന പേരിൽ ഏറെക്കാലം ക്ലിനിക്ക് നടത്തി. ആലുവ നജാത്ത് ആശുപത്രിയിലും സേവനം... തിരക്കിട്ട ആതുരസേവനത്തിനിടയിലും പക്ഷേ, ഡോ. ​കെ.കെ. ഉസ്മാൻ നിറഞ്ഞുനിന്നത് മത, സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി മേഖലകളിൽ കൂടിയായിരുന്നു. സംഭവബഹുലമായ ജീവിതത്തിനാണ് ഇന്ന് അദ്ദേഹത്തിന്റെ അന്ത്യത്തോടെ തിരശ്ശീല വീണത്. താൻ ഇടപെട്ട എല്ലാ മേഖലയിലും സജീവ സാന്നിധ്യവുമായിരുന്ന ഡോക്ടറുടെ വിയോഗം സംഘടനകൾക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണുണ്ടാക്കിയത്.

എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമത്തിൽ 1939 ഒക്ടോബർ 23നായിരുന്നു ജനനം. എടവനക്കാട് കിഴക്കേവീട്ടിൽ കാദർഹാജിയും കക്കാട്ട് സൈനബയുമാണ് മാതാപിതാക്കൾ. എടവനക്കാട് സർക്കാർ സ്കൂ‌ൾ, എടവനക്കാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. അലിഗഡ് മുസ്‍ലിം സർവകലാശാല, പാലക്കാട് ചിറ്റൂർ ഗവ കോളജ് എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ കസ്‌തൂർബാ മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദമെടുത്തു. രണ്ടുവർഷം സർക്കാർ സർവിസിൽ ജോലി ചെയ്ത അദ്ദേഹം ആലുവ ഗവ. ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ ഡിട്രോയ്‌റ്റ് മെഡിക്കൽ സെന്ററിലായിരുന്നു ഉപരിപഠനം.

ആതുര സേവനത്തിനിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സമയം കണ്ടെത്തി. ഇത്തരം പ്രവർത്തനങ്ങളിലുള്ള ആത്മാർത്ഥത അദ്ദേഹത്തെ അധികം താമസിയാതെ വിവിധ സംഘടനകളുടെ അമരത്തെത്തിച്ചു. പൊതുസമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കുകയും എഴുതുകയും ചെയ്ത അദ്ദേഹം മുസ്‍ലിം സമുദായത്തിന്റെ വിദ്യാഭ്യാസ - തൊഴിൽ മേഖലകളുടെ ഉന്നമനത്തിന് സവിശേഷ ശ്രദ്ധ നൽകി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പല പരിപാടികളിലും പങ്കെടുത്തു.

ഫോറം ഫോർ ഫെയ്ത്ത് ആൻ്റ് ഫ്രട്ടേനിറ്റി ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. ഏറെ നാൾ സംഘടനയെ ചലിപ്പിച്ചിരുന്നതും അദ്ദേഹമായിരുന്നു. സോഷ്യൽ അഡ്വാൻസ്മെൻറ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (സാഫി) സ്ഥാപക ട്രസ്റ്റി, കൗൺസിൽ ഫോർ കമ്യൂണിറ്റി കോഓപറേഷൻ (സി.സി.സി), മുസ്‍ലിം സൗഹൃദ വേദി പ്രഥമ സമിതി അംഗം, സച്ചാർ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച മുസ്‍ലിം സംഘടനകളുടെ സംസ്ഥാന കൺവീനർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. സൗത്ത് ഇന്ത്യൻ മുസ്‍ലിം കോൺഫറൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പ്രസ്ഥാനത്തിൻറെ നേതൃപദവി അലങ്കരിച്ചു.

സച്ചാർ കമ്മിറ്റിക്ക് വിശദമായി ഡാറ്റകൾ നൽകി റിപ്പോർട്ട് നടപ്പിലാക്കാനുള്ള പാലോളി കമീഷനിലും ഡോ. ഉസ്മാന്റെ സേവനം വിലമതിക്കാത്തതായിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് ഉന്നത വിദ്യഭ്യാസ പരിശീലനം നൽകുന്ന ആലുവ സെൻറർ ഫോർ എക്സലൻസിന്റെ സ്ഥാപകൻ, ആലുവ ഫ്രൈഡേ ക്ലബ്, ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി രക്ഷാധികാരി, പരിസ്ഥിതി സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അൽ ഹാർമണി മാസിക, ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രട്ടേനിറ്റി പ്രസിദ്ധീകരിച്ച ദിസ് ഈസ് ഇസ്‌ലാം (ഇംഗ്ലീഷ്) പുസ്തകം എന്നിവയുടെ ചീഫ് എഡിറ്ററായിരുന്നു. ‘‘എന്റെ കഥ, അവരുടെയും’’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forum for Faith and FraternityDr KK Usman
News Summary - Dr. K.K. Usman memoir
Next Story