ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി ഡോ. കെ.പി. കണ്ണൻ
text_fieldsകൊച്ചി: പ്രളയാനന്തരം 'ഹരിത ബദലുകളുടെ നവകേരളം' സൃഷ്ടിക്കാനുള്ള സുവർണാവസരം കിഫ്ബി കളഞ്ഞുകുളിച്ചുവെന്ന് സാമ്പത്തിക വിദഗ്ധർ. നവകേരളം സൃഷ്ടിക്കാനുള്ള 'റീബിൽഡ് കേരള' എന്ന പരിപാടിയിൽ നഷ്ടപ്പെട്ട പ്രകൃതിയുടെ പുനർനിർമിതിയായിരുന്നു ലക്ഷ്യം.
എന്നാൽ അത് എവിടെ എത്തി, ഭാവിയെന്ത് എന്ന് ആർക്കും അറിയില്ലെന്നും വിശദാംശങ്ങൾ സർക്കാർ വെളിപ്പെടുത്തിയിട്ടില്ലെന്നും സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) മുൻ ഡയറക്ടർ ഡോ. കെ.പി. കണ്ണൻ മാധ്യമത്തോട് പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്തത് ലോകബാങ്കിൽനിന്ന് കുറച്ച് പണം കടം വാങ്ങിയത് മാത്രമാണ്. ആ വായ്പ എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ല. ഇതുസംബന്ധിച്ച യു.എൻ റിപ്പോർട്ടിൽ കേരളത്തിെൻറ ഭാവിക്ക് വേണ്ടി ധാരാളം കാര്യങ്ങൾ നിർദേശിച്ചിരുന്നു.
ഒന്നാമതായി ചൂണ്ടിക്കാണിച്ചത് സ്ഥല-ജല മാനേജ്മെൻറാണ്. ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമാണ പ്രവർത്തനം, കോൺക്രീറ്റ് നിർമാണ സംസ്കാരം നിയന്ത്രിക്കുക, ഡാമുകളിലെ മണ്ണുവാരുക, കുളങ്ങൾ, ജലാശയങ്ങൾ, കായലുകൾ എന്നിവ വീണ്ടെടുക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ടായിരുന്നു. ലക്ഷക്കണക്കിന് ബിരുദധാരികൾക്ക് ജോലി ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.
ഇപ്പോൾ നവകേരളത്തെ കുറിച്ച് സർക്കാർ നിശ്ശബ്ദത പാലിക്കുന്നുവെന്ന് കണ്ണൻ കുറ്റപ്പെടുത്തി. മന്ത്രി തോമസ് ഐസക്കിെൻറ പുതിയ വാഗ്ദാനം കിഫ്ബിയിലൂടെ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നൽകാമെന്നാണ്. കഴിഞ്ഞ അഞ്ചുവർഷം സർക്കാർ എത്രപേർക്ക് തൊഴിൽ നൽകി എന്ന് വ്യക്തമാക്കുകയാണ് വേണ്ടത്.
ആഗോള മൂലധന വിപണിയിൽനിന്ന് കടമെടുത്തും ബഹുരാഷ്ട്ര കമ്പനിയിൽനിന്ന് ഉയർന്ന പലിശക്ക് നിക്ഷേപം സ്വീകരിച്ചും ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പുള്ള വൻകിട നിർമാണ പദ്ധതികളാണ് കിഫ്ബി വഴി ആവിഷ്കരിക്കുന്നത്.
എന്നിട്ടും ശാസ്ത്ര സാഹിത്യ പരിഷത്ത് കിഫ്ബി പദ്ധതിയെ പിന്തുണക്കുകയാണ്. പരിഷത്ത് എന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതിനൊക്കെ വിരുദ്ധമാണ് കിഫ്ബി.
കിഫ്ബി മാതൃകയുടെ നിയോലിബറൽ കെണി മനസ്സിലാവാതെയാവണം പലരും പരസ്യമായി ന്യായീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.