കണക്കപിള്ളയുടെ വീട്ടിൽ വറക്കലും പൊരിക്കലും, കണക്കു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലുമെന്ന് ഡോ.കെ.ടി റാംമോഹൻ
text_fieldsകണ്ണൂർ: സംസ്ഥാനത്തെ ധനകാര്യം നോക്കുമ്പോൾ കണക്കപിള്ളയുടെ വീട്ടിൽ വറക്കലും പൊരിക്കലും, കണക്കു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിമെന്ന് സാമ്പത്തിക ചരിത്രകാരൻ ഡോ.കെ.ടി റാംമോഹൻ. മന്ത്രി കെ.എൻ ബാലഗോപാലിന് എഴുതിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ കിഫ്ബിയിൽ നിന്ന് കുറച്ച് പണം കടം വാങ്ങണോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മറ്റൊന്നിനും വേണ്ടിയല്ലെങ്കിൽ, സാമൂഹിക സുരക്ഷാ പെൻഷനുകൾ പാവപ്പെട്ടവർക്ക് നൽകാനെങ്കിലും അത് ചെയ്തുകൂടെയെന്നും റാംമോഹൻ സർക്കാരിനെ പരിഹസിക്കുന്നു.
ധനമന്ത്രിക്ക് എഴുതിയ കത്തിന്റെ പൂർണരൂപം
കണക്കപിള്ളയുടെ വീട്ടിൽ വറക്കലും പൊരിക്കലും, കണക്കു നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും
കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് കാർണിവലുകളും ആർഭാടങ്ങളും നിലച്ചിരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച, പാതിവെന്ത കെയ്‌നേഷ്യൻ സാമ്പത്തിക ശാസ്ത്രം നിലംപതിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സ്ഥാപനത്തിലെ ശമ്പളവും പെൻഷനും വളരെക്കാലമായി ക്രമരഹിതമായ നിലയിലാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി, ദുർബല വിഭാഗങ്ങൾക്കുള്ള സാമൂഹിക സുരക്ഷാ പെൻഷനുകൾ മുടങ്ങിക്കിടക്കുന്നു. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ലാണ് ഏറ്റവും ഒടുവിൽ തലവേദനയായി നിൽക്കുന്നത്.
ഈ മാസത്തെ ശമ്പളവും പെൻഷനും നൽകുന്നതിലെ വീഴ്ചയെക്കുറിച്ച് സർക്കാർ മുന്നോട്ട് വച്ച ആദ്യത്തെ ഒഴികഴിവ് - ''സാങ്കേതിക തകരാറ്"- വ്യക്തമായും ഒരു പച്ചക്കള്ളമാണ്: ഒറ്റയടിക്ക് ശമ്പളം കൊടുക്കാൻ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നതെന്ന് സമ്മതിക്കാൻ തക്കവണ്ണം താങ്കൾ ഇന്ന് സത്യസന്ധനായി മാറിയിരിക്കുന്നു.
ജി.എസ്.ടി നിലവിൽ വന്നതും കേന്ദ്ര ഗവൺമെൻറിന്റെ സാമ്പത്തിക വിഹിതത്തിലെ കാലതാമസവും കമ്മിയുമാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമെന്ന് നിങ്ങൾ പറയുന്നു. എന്നാൽ അത് മാത്രമായിരിക്കുമോ കാരണം? പ്രതിസന്ധികൾ കടന്നുവരാമെന്ന് അറിഞ്ഞിട്ടും അതിനെ നേരിടാൻ സജ്ജമാകുന്നതിൽ സർക്കാർ പരാജയപ്പെട്ടോ?
ജി.എസ്.ടി സംസ്ഥാനത്തിന്റെ നികുതി അടിത്തറയെ ഗുരുതരമായി ചുരുക്കിയിരിക്കുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, ജി.എസ്.ടി നിലവിൽ വന്നതിനുശേഷം സർക്കാരിന് മുന്നിൽ അവശേഷിക്കുന്ന ചുരുക്കം ചില സ്രോതസുകളിലൊന്നായ മോട്ടോർ വാഹന നികുതിയുടെ 50 ശതമാനം നൽകാനുള്ള മുൻ എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം എത്ര വിവേകപൂർണമായിരുന്നു?; കൂടാതെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡിന് (കിഫ്ബി) ഒരു ലിറ്റർ ഇന്ധനത്തിന് ഒരു രൂപയുടെ ഇന്ധന സെസ് നൽകാനുള്ള തീരുമാനം എത്രമാത്രം ഉചിതമായിരുന്നു?
സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്‌മെൻറിലെ ഓപ്ഷനുകൾ കിഫ്ബി ഗൗരവമായി പരിമിതപ്പെടുത്തിയിട്ടില്ലേ? സർക്കാർ അതിന്റെ അഹംഭാവം വെടിഞ്ഞ് കിഫ്ബിയെക്കുറിച്ച് ഗൗരവമായ എന്തെങ്കിലും പുനർവിചിന്തനം നടത്തുമോ? കിഫ്ബിയോടുള്ള പ്രതിബദ്ധത കുറയ്ക്കണോ? അതോ, നിലവിലെ പ്രതിസന്ധി മറികടക്കാൻ കിഫ്ബിയിൽ നിന്ന് കുറച്ച് പണം കടം വാങ്ങണോ? മറ്റൊന്നിനും വേണ്ടിയല്ലെങ്കിൽ, സാമൂഹിക സുരക്ഷാ പെൻഷനുകൾ പാവപ്പെട്ടവർക്ക് നൽകാനെങ്കിലും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.