സർക്കാർ പിടിക്കുന്നത് പട്ടികജാതി വിദ്യാർഥികളുടെ കഴുത്തിനാണെന്ന് ഡോ. എം. കുഞ്ഞാമൻ
text_fieldsതിരുവനന്തപുരം: സർക്കാരിന് ധനപ്രതിസന്ധി നേരിടുമ്പോൾ ആദ്യം പിടിക്കുന്നത് എസ്.സി-എസ്.ടി വിദ്യാർഥികളുടെ കഴുത്തിനാണെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. എം. കുഞ്ഞാമൻ. പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകുന്നതിൽ സർക്കാർ വീഴ്ചവരുത്തിയെന്ന മാധ്യമം ഓൺലൈൻ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്.സി- എസ്.ടി ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാരിന് സുതാര്യതയില്ല. കാരണം പട്ടികജാതിക്കാർ നിസഹായരാണ്. സ്കോളർഷിപ്പ് ലഭിച്ചില്ലെങ്കിൽ പട്ടികവിഭാഗ വിദ്യാർഥികൾക്ക് ഒന്നും ചെയ്യാനാവില്ല. സർക്കാരിന്റെ ഫണ്ട് വകമാറ്റലിന്റെ ഇരകളാവുന്നത് വിദ്യാർഥികളാണ്. അവർ പൊതുവിൽ ജീവിതത്തിന്റെ ദുരിതക്കയത്തിലാണ്. സർക്കാരിൽനിന്ന് സ്കോളർഷിപ്പ് ലഭിക്കുന്നതിനാലാണ് പഠനം തുടരാൻ കഴിയുന്നത്.
ഹോസ്റ്റൽ ഫീസ് അടക്കം സർക്കാർ സമയബന്ധിതമായി നൽകിയില്ലെങ്കിൽ പഠനം അവസാനിപ്പിക്കുക മാത്രമാണ് മുന്നിലുള്ള വഴി. സർക്കാരിന് എളുപ്പത്തിൽ വകമാറ്റാൻ കഴിയുന്ന ഫണ്ടാണ് പട്ടികജാതി-വർഗക്കാരുടേത്. ആരും അത് ചോദ്യം ചെയ്യില്ല. സർക്കാർ എല്ലാകാലത്തും അത് ചെയ്തു. മറ്റ് വിഭാഗങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വമുള്ളവരാണ്. അവർക്ക് ഈ വിദ്യാർഥികൾ അനുഭവിക്കുന്ന വേദന അറിയില്ല. പട്ടികവിഭാഗ വിദ്യാർഥികളുടെ ജീവിതത്തെയാണ് അത് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന് ധനപ്രതിസന്ധിയില്ലെന്ന് ആവർത്തിക്കുന്ന മന്ത്രി കെ.എൻ. ബാലഗോപാൽ സാധാരണക്കാരെ പറ്റിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. സ്കോളർഷിപ്പ് കുടിശ്ശികയായത് പട്ടികജാതി വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണ്. സർക്കാർ അത് ഗൗരവപൂർവം പരിഗണിക്കേണ്ട കാര്യമാണ്. വിദ്യാർഥികളോടുള്ള സർക്കാരിന്റെ ഈ സമീപനം അംഗീകരിക്കാനാവില്ല.
ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതെ കൊടുക്കാനാണ് സർക്കാർ ശ്രദ്ധിക്കുന്നത്. അതിന് എവിടെനിന്നും സർക്കാർ കടം വാങ്ങും. ധനപ്രതിസന്ധി ചർച്ച ചെയ്യാൻപോലും സർക്കാർ തയാറല്ല. വളരെ അപടകരമായ സ്ഥിതിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണം. സർക്കാരിന് ധനപ്രതിസന്ധിയില്ലെന്ന് മന്ത്രി നിരന്തരം പറഞ്ഞിട്ട് കാര്യമില്ല. കർഷകരുടെ വിള ഇൻഷുറൻസ്, നെല്ല് സംഭരണം, വിവിധ കോൺട്രാക്ടർമാർക്കുള്ള പണം അങ്ങനെ വകുപ്പിലും കുടിശ്ശികയാണ്. പട്ടികജാതി വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നൽകുന്നതിന് പോലും ധനവകുപ്പ് അലോട്ട്മെന്റ് സീലിങ് ഏർപ്പെടുത്തിയതിന് കാരണമെന്താണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ജോസ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.