ഡോ. എം. രമ ഒരു മാസത്തേക്ക് അവധിയിൽ
text_fieldsകാസർകോട്: വിവാദങ്ങളെ തുടർന്ന് കാസർകോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ട ഡോ. എം. രമ അവധിയില്‍ പ്രവേശിച്ചു. മാര്‍ച്ച് 31 വരെയാണ് രമ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാണെന്നാണ് വിശദീകരണം. വിദ്യാർഥികൾക്കെതിരെ അപവാദപ്രചരണം നടത്തിയ ഡോ. രമയെ കോളജില്‍ തടയുമെന്ന് എസ്.എഫ്.ഐ പറഞ്ഞിരുന്നു. വിദ്യാർഥികളെ അപമാനിക്കുന്ന പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കോളജിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിനെ ഉപരോധിച്ച എസ്.എഫ്.എക്കാരെ ചേംബറിൽ പൂട്ടിയിട്ടതിനെ തുടർന്നാണ് ഡോ. രമയെ പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് നീക്കിയത്. ഇതിന് പിന്നാലെ എസ്.എഫ്.എക്കെതിരെ വ്യാപക ആരോപണവുമായി ഡോ. രമ രംഗത്തെത്തിയിരുന്നു. കോളജിൽ വ്യാപക ലഹരി ഉപയോഗമുണ്ടെന്നും റാഗിങും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുത്തതാണ് തനിക്കെതിരെ നീങ്ങുന്നതിന് കാരണമെന്നും ഡോ. രമ പറഞ്ഞിരുന്നു.
അതിനിടെ, റിസർവേഷനിൽ കോളജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന രമയുടെ പ്രസ്താവനയും വിവാദമായി. ഇതിൽ മാപ്പു പറഞ്ഞുകൊണ്ട് ഡോ. രമ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. റിസർവേഷനിൽ കോളജിലെത്തിയ മാർക്ക് കുറഞ്ഞ കുട്ടികളാണ് കുഴപ്പക്കാരെന്ന് താൻ പറഞ്ഞത് നാക്കുപിഴയാണെന്നും ആ വാചകം അപ്പോൾ തന്നെ തിരിച്ചറിഞ്ഞ് ഒരിക്കലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് ഇവർ വിശദീകരിച്ചത്.
ചില വിദ്യാർഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കപ്പെടാൻ ഇടവന്നിട്ടുണ്ടെങ്കിൽ അത് ഖേദകരമാണ്. വിദ്യാർഥികൾക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങൾക്കും കോളജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനും നിർവ്യാജം മാപ്പു പറയുന്നുവെന്ന് ഡോ. രമ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.