ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ
text_fieldsതിരുവല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തെരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നേരത്തേ നിർദേശിച്ചിരുന്നതാണ്. ഇതിന് മലങ്കര അസോസിയേഷൻ ഒൗദ്യോഗിക അംഗീകാരം നൽകുകയായിരുന്നു. അടുത്തദിവസം തന്നെ വാഴിക്കൽ ചടങ്ങ് നടക്കും. സഭാധ്യക്ഷന്‍റെ പുതിയ പേര് വാഴിക്കൽ ചടങ്ങിലാണ് പ്രഖ്യാപിക്കുക.
പരുമല പള്ളിയിലെ പ്രാർഥനക്കുശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്ര നടത്തി പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തെരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്‍റ് കുര്യാക്കോസ് മാർ ക്ലിമ്മീസ് പ്രഖ്യാപിച്ചു. ഇത് അസോസിയേഷൻ അംഗങ്ങൾ കയ്യടിച്ച് പാസ്സാക്കുകയും ആചാരവെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ ഇന്നുതന്നെ സുന്നഹദോസ് ചേരും. നാളെ തന്നെ പരുമലയിൽ സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുമെന്നാണ് വിവരം.
1949 ഫെബ്രുവരി 12നാണ് മറ്റത്തിൽ ചെറിയാൻ അന്ത്രയോസിന്‍റെയും പാമ്പാടി വാലേൽ വടക്കേകടുപ്പിൽ മറിയാമ്മയുടെയും മകനായി ഡോ. മാത്യൂസ് മാർ സേവേറിയോസ് ജനിച്ചത്. സെന്‍റ് പീറ്റേഴ്സ് എൽ.പി സ്കൂൾ, സെന്‍റ് പോൾസ് ഹൈസ്കൂൾ, വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ പഠനം. പ്രീഡിഗ്രി വാഴൂർ എസ്.വി. ആർ എൻ.എസ്.എസ് കോളജിലും ഡിഗ്രി (കെമിസ്ട്രി) കോട്ടയം സി.എം.എസ് കോളജിലുമായിരുന്നു.
പിന്നീട് ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പഠിച്ച് സെറാംപൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. ലെനിൻഗ്രാഡ തിയോളജിക്കൽ അക്കാദമിയിൽ നിന്നാണ് പി.ജി ഡിപ്ലോമ ഇൻ സെഞ്ചുറി ബൈസൻറ്റൈൻ ഓർത്തഡോക്സ് തിയോളജി നേടിയത്. റോമിലെ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും മാബൂഗിലെ മാർ പീലക്സിനോസ് പിതാവിന്‍റെ ക്രിസ്തുശാസ്ത്രം വിഷയത്തിൽ പിഎച്ച്.ഡിയും നേടി.
1978 ജൂൺ 30നാണ് വൈദിക പട്ടം നേടുന്നത്. മേൽപട്ട സ്ഥാന തിരഞ്ഞെടുപ്പ് 1989 ഡിസംബർ 28നും റമ്പാൻ സ്ഥാനം 1990 മാർച്ച് 31നും എപ്പിസ്കോപ്പാ സ്ഥാനാഭിഷേകം 1991 ഏപ്രിൽ 30നും നടന്നു. 1993 സെപ്റ്റംബർ 22നാണ് മെത്രാപ്പൊലീത്താ പദവി ലഭിച്ചത്. 1993 സെപ്റ്റംബർ 26ന് കണ്ടനാട് ഭദ്രാസന മെത്രാപ്പൊലീത്തയും 2002ൽ കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്തയുമായി. കോട്ടയം സെൻട്രൽ, കണ്ടനാട്, ഇടുക്കി (രണ്ടു തവണ), മലബാർ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തായായിരുന്നു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി സ്ഥാനം രണ്ട് തവണ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.