പ്രഫ. എം.കെ. ജയരാജ് കാലിക്കറ്റ് വി.സി
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി പ്രഫ. എം.കെ. ജയരാജിനെ നിയമിച്ച് ചാൻസലറായ ഗവർണർ വിജ്ഞാപനമിറക്കി. സർക്കാർ അനുകൂല പാനലിൽനിന്നാണ് ഡോ. ജയരാജിനെ വി.സിയായി നിയമിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചത്. നിലവിൽ കൊച്ചിൻ ശാസ്ത്ര സാേങ്കതിക സർവകലാശാല ഫിസിക്സ് വിഭാഗത്തിൽ പ്രഫസറും മുൻ സിൻഡിക്കേറ്റംഗവുമാണ് ഡോ. ജയരാജ്. കാലിക്കറ്റ് വി.സി നിയമനം സംബന്ധിച്ച് ഗവർണറുടെ തീരുമാനം രണ്ട് മാസമാണ് വൈകിയത്.
എം.ജി സർവകലാശാലയിൽ പ്രഫസറായിരുന്ന ഡോ. കെ.എം. സീതി, ഡോ. എം.കെ. ജയരാജ്, എം.ജി സർവകലാശാല പ്രോ വൈസ്ചാൻസലർ ഡോ. അരവിന്ദകുമാർ എന്നിവരുടെ പേരടങ്ങിയ പാനലാണ് സെർച് കമ്മിറ്റി അംഗങ്ങളായ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രനും സമർപ്പിച്ചത്. എന്നാൽ യു.ജി.സി പ്രതിനിധിയായ ജെ.എൻ.യു സർവകലാശാല വി.സി ഡോ. ജഗദീഷ് കുമാർ സമർപ്പിച്ച പാനലിൽ ഉൾപ്പെട്ട തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി.എ. ജയപ്രകാശിനെ നിയമിക്കാൻ ഗവർണർക്ക് മേൽ കേന്ദ്രസർക്കാർതലത്തിൽ സമ്മർദമുണ്ടായിരുന്നു.
ഡോ. കെ.എം. സീതിയെ വി.സിയായി നിയമിക്കണമെന്ന താൽപര്യം സർക്കാർ ഗവർണറെ അറിയിച്ചിരുന്നെങ്കിലും തീരുമാനം നീളുകയായിരുന്നു. മേയ് എട്ടിന് സെർച് കമ്മിറ്റി ചേരുകയും ഒമ്പതിന് പാനലുകൾ രാജ്ഭവന് കൈമാറുകയും ചെയ്തു. തീരുമാനം വൈകിയതോടെ സർക്കാർ അനുകൂല പാനലിൽ ഒന്നാമതുണ്ടായിരുന്ന ഡോ. കെ.എം. സീതിക്ക് മേയ് 28ന് 60 വയസ്സ് പൂർത്തിയാവുകയും അയോഗ്യനാവുകയും ചെയ്തു.
ഡോ. ജയരാജ് കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്നാണ് ഫിസിക്സിൽ ബിരുദം നേടിയത്. എം.എസ്സി, പിഎച്ച്.ഡി ബിരുദങ്ങൾ കുസാറ്റിൽനിന്നാണ്. 1990-91ൽ കേന്ദ്ര സർക്കാറിന് കീഴിൽ അഹ്മദാബാദിലുള്ള ഫിസിക്കൽ സയൻസ് ലബോറട്ടറിയിൽ പ്രവർത്തിച്ചു. പിന്നീട് തിരുവനന്തപുരത്തെ റീജനൽ റിസർച് ലബോറട്ടറിയിലെത്തി. ഇറ്റാലിയൻ സർക്കാറിന് കീഴിലുള്ള ഇ.എൻ.ഇ.എയിൽ വിസിറ്റിങ് സയൻറിസ്റ്റായി.
1992ൽ കുസാറ്റിൽ അസി. പ്രഫസറും 2009 ആഗസ്റ്റിൽ പ്രഫസറുമായി. ടോേക്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ വിസിറ്റിങ് പ്രഫസർ കൂടിയാണ്. തൃക്കാക്കര ജഡ്ജിമുക്കിൽ താമസിക്കുന്ന ഡോ. ജയരാജ് തൃശൂർ അവിനിശേരി സ്വദേശിയാണ്. ഭാര്യ: ഡോ. വനജ (അസി. പ്രഫസർ, എറണാകുളം മഹാരാജാസ് കോളജ്). മക്കൾ: അനൂജ ജയരാജ് (ഗവേഷക, നോർത്ത് ടെക്സസ് യൂനിവേഴ്സിറ്റി), ആഞ്ജല ജയരാജ് (ലക്സംബർഗ് യൂനിവേഴ്സിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.