ഡോ. മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവകലാശാല വി.സിയായി പുനർനിയമനം
text_fieldsതിരുവനന്തപുരം: അസാധാരണ നടപടിയിലൂടെ സർക്കാറിനെ ഞെട്ടിച്ച്, ആരോഗ്യ സർവകലാശാലയിൽ നാളെ കാലാവധി പൂർത്തിയാകുന്ന വി.സി ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം നൽകി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉത്തരവിട്ടു. അഞ്ച് വർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ ആണ് പുനർനിയമനം. ഇതിന് പുറമെ മോഹനൻ കുന്നുമ്മൽ അധിക ചുമതല വഹിക്കുന്ന കേരള സർവകലാശാല വി.സി പദവിയിലും ചുമതല നീട്ടി നൽകി.
ആരോഗ്യ സർവകലാശാല വി.സി നിയമനത്തിന് മൂന്നംഗ സെർച് കമ്മിറ്റി രൂപവത്കരിച്ച് സെപ്റ്റംബർ അഞ്ചിന് രാജ്ഭവൻ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിച്ചാണ് നിലവിലുള്ള വി.സിക്ക് തന്നെ പുനർനിയമനം നൽകിയത്. ഈ വിജ്ഞാപനത്തിനെതിരെ നേരത്തെ സർക്കാർ ഹൈകോടതിയെ സമീപിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. 2019ൽ സർക്കാർ മുന്നോട്ടുവെച്ച മുൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. പ്രവീൺലാൽ കുറ്റിച്ചിറയുടെ പേര് വെട്ടിയാണ് ബി.ജെ.പി താൽപര്യപ്രകാരം പാനലിലെ മൂന്നാമനായിരുന്ന മോഹനൻ കുന്നുമ്മലിനെ ഗവർണർ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്.
സർക്കാർ താൽപര്യം പരിഗണിക്കാതെ ഇദ്ദേഹത്തിന് 2022 ഒക്ടോബർ 24 മുതൽ കേരള സർവകലാശാല വി.സിയുടെ അധിക ചുമതല കൂടി നൽകി. ഇതേ നടപടിയാണ് ഗവർണർ പുതിയ ഉത്തരവുകളിലൂടെ ഇപ്പോൾ ആവർത്തിച്ചത്. സംസ്ഥാനത്ത് വി.സി പദവിയിൽ പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെയാളാണ് മോഹനൻ. നേരത്തെ സർക്കാർ താൽപര്യപ്രകാരം കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് വിവാദമായിരുന്നു.
വി.സിക്ക് പുനർനിയമനം നൽകാമെന്നും ഇതിന് സെർച് കമ്മിറ്റിയോ പ്രായപരിധിയോ ബാധകമല്ലെന്നും അന്ന് സർക്കാറിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ഗവർണർക്ക് നൽകിയ നിയമോപദേശം ആയുധമാക്കിയാണ് മോഹനന് സെർച് കമ്മിറ്റിയും പ്രായപരിധിയും നോക്കാതെ പുനർനിയമനം നൽകിയത്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈകോടതിയും സുപ്രീംകോടതി ശരിവെച്ചെങ്കിലും നിയമനത്തിൽ സർക്കാർ ഗവർണറെ സ്വാധീനിച്ചെന്ന പേരിലാണ് സുപ്രീംകോടതി അസാധുവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.