ജന്മനാടായിരുന്നു ആ ഹൃദയത്തിന്റെ താളം
text_fieldsലോകമറിയുന്ന ഭിഷഗ്വരനായി വളർന്നപ്പോഴും ഡോ. എം.എസ്. വല്യത്താന്റെ വലിയ ഹൃദയം നിറയെ ജന്മനാടായ മാവേലിക്കരയായിരുന്നു. എത്ര തിരക്കുണ്ടായാലും തന്റെ പ്രധാന ആഘോഷങ്ങളെല്ലാം അവിടെയാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അറുപതാം പിറന്നാളും എഴുപതാം പിറന്നാളും അനന്തരവനായ പ്രകാശ് വല്യത്താന്റെ വീടായ ഉത്സവമഠം കൊട്ടാരത്തില്‍ താമസിച്ചാണ് ആഘോഷിച്ചത്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കടുത്ത ഭക്തനുമായിരുന്നു.
കൊട്ടാരം സ്കൂള്‍ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ മാവേലിക്കര എല്‍.പി.ജി.എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഗോപാലകൃഷ്ണന് വല്യത്താന്, ചന്ദ്രമതിയമ്മ എന്നിവർ കൂടാതെ ബാല്യകാലത്തുതന്നെ മരിച്ച രണ്ട് സഹോദരിമാരുമുണ്ടായിരുന്നു. മാവേലിക്കര ടി.ടി.ഐ ബോയ്സ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ എം.ബി.ബി.എസ് പഠനത്തിന് ചേർന്നത്. അച്ഛന്റെ മരണശേഷം അമ്മ ജാനകിയുമൊത്തായിരുന്നു തിരുവനന്തപുരത്തെ പഠനകാല ജീവിതം. പിന്നീട് സമയം ലഭിക്കുമ്പോഴൊക്കെ മാവേലിക്കരയില്‍ എത്തുമായിരുന്നു. മെട്രിക്കുലേഷന്‍ വരെയുള്ള വിദ്യാഭ്യാസകാലത്തുതന്നെ നിരവധി സുഹൃത്തുക്കളുണ്ടായിരുന്നു. മാവേലിക്കരയില്‍ ചെലവഴിച്ച ബാല്യകാലമാണ് ആരോഗ്യരംഗത്തേക്ക് ചുവടുവെക്കാൻ പ്രേരണയായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മാവേലിക്കര മിഡിൽ സ്കൂൾ ഹെഡ് മാസ്റ്ററും ഹിന്ദി കോളജ് സ്ഥാപകനുമായിരുന്ന ഉദയവർമ ഡോ. വല്യത്താന്റെ അമ്മയുടെ അച്ഛനാണ്. തിരുവിതാംകൂറിൽനിന്ന് ആദ്യമായി എഡിൻബറോ സർവകലാശാലയിൽ പഠിച്ച് എം.ഡി നേടിയ ഡോ. വി.എസ്. വല്യത്താൻ വലിയമ്മാവനും. മുത്തച്ഛൻ ഉദയവർമയുടെ സഹോദരിയാണ് എ.ആർ. രാജരാജവർമയുടെ ഭാര്യ മഹാപ്രഭ തമ്പുരാട്ടി. കേരളവർമ വലിയകോയിത്തമ്പുരാനാകട്ടെ മുതുമുത്തച്ഛന്റെ സഹോദരനും. സംഗീതജ്ഞനായിരുന്ന മാവേലിക്കര പ്രഭാകരവർമയും സാഹിത്യകാരനായിരുന്ന മാവേലിക്കര രാജരാജവർമയും അടുത്ത ബന്ധുക്കളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.