തലമുറകൾക്ക് വഴികാട്ടി
text_fieldsവിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും ഉൾപ്പെടെ തലമുറകൾക്ക് വഴികാട്ടിയ വ്യക്തിയായിരുന്നു ഡോ.എം.എസ്. വല്യത്താൻ. കാർഡിയോളി രംഗത്തെ ന്യൂതന ചികിത്സാ മേഖലകളിലുൾപ്പെടെ കൈയൊപ്പ് ചാർത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ക്ലാസുകളും കേൾക്കാൻ എപ്പോഴും വലിയൊരു കൂട്ടം ആളുകൾ കാതോർത്തിരുന്നു. തന്റെ വാക്കുകളിലൂടെ മറ്റുള്ളവരെ കർമനിരതരാക്കാനും പ്രചോദനം നൽകാനും വല്യത്താന് സാധിച്ചു.
അതു നാടിനും ജനങ്ങൾക്കും കാലമെത്ര കഴിഞ്ഞാലും മറക്കാനാകില്ല. 1980കളിൽ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ ഞാൻ ഡി.എം പഠിക്കുമ്പോൾ അവിടെ അദ്ദേഹം പ്രഭാഷണത്തിനെത്തി. അന്നുമുതലാണ് അദ്ദേഹവുമായി അടുപ്പത്തിലാകുന്നത്. അന്ന് അവിടെ പഠിച്ചിരുന്ന മലയാളികൾ അദ്ദേഹത്തെ പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു.
ഞാൻ മെഡിക്കൽ കോളജിലും അദ്ദേഹം ശ്രീചിത്രയിലുമായിരുന്നതിനാൽ ഒരുമിച്ച് ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. അത് എന്റെ ജീവിതത്തിലെ എക്കാലത്തെയും നഷ്ടങ്ങളിലൊന്നാണ്. എന്നാൽ, കാർഡിയോളജിയുമായി ബന്ധപ്പെട്ട കോൺഫറൻസുകളിലും മറ്റു ചർച്ചകളിലൂടെയും അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടാൻ സാധിച്ചു. അവസാന നാളുകളിലും കർമപഥത്തിൽ സജീവമായിരുന്നു അദ്ദേഹം.
(തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ കാർഡിയോളജി മേധാവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.