ഡോ. മുബാറക് പാഷ ഓപൺ സർവകലാശാലയുടെ പടിയിറങ്ങി
text_fieldsകൊല്ലം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാല വൈസ് ചാൻസലർ പദവി വിട്ടൊഴിഞ്ഞിറങ്ങി ഡോ.പി.എം. മുബാറക് പാഷ. ഫെബ്രുവരി 22ന് മുബാറക് പാഷ സമർപ്പിച്ച രാജി ചാൻസലർകൂടിയായ ഗവർണർ അംഗീകരിച്ചതോടെയാണ് അദ്ദേഹം പദവിയൊഴിഞ്ഞത്. സർവകലാശാല നിയമമനുസരിച്ച് രാജി നോട്ടീസ് കലാവധി ഒരു മാസം പൂർത്തിയായ മാർച്ച് 22ന് പദവി ഒഴിയേണ്ടതായിരുന്നു. എന്നാൽ, 22ന് ഗവർണര്‍ രാജി നിരാകരിക്കുകയും വൈസ് ചാന്‍സലര്‍മാര്‍ക്കെതിരായ കേസ് തീര്‍പ്പാക്കുന്നതുവരെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പാഷ സർവകലാശാലയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് ഹൈകോടതിയെ സമീപിച്ചതോടെയാണ് 25ന് ഗവർണർ രാജി അംഗീകരിച്ചത്. കൊച്ചിന് സർവകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രഫ. ഡോ.വി.പി. ജഗതിരാജിന് വി.സിയുടെ ചുമതല നല്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
2020 ഒക്ടോബർ 19നാണ് മുബാറക് പാഷ ചുമതലയേറ്റത്. മികവിന്റെ കേന്ദ്രമാക്കി സർവകലാശാലയെ മാറ്റാൻ ലക്ഷ്യമിട്ടുള്ള മുന്നേറ്റത്തിൽ 2021 ജനുവരിയിൽ 2 (എഫ്) പ്രകാരം യു.ജി.സി അംഗീകാരം ലഭിച്ചു. 28 പ്രോഗ്രാമുകൾക്ക് (യു.ജി, പി.ജി) യു.ജി.സിയുടെ അംഗീകാരം നേടി. യു.ജി.സി വഴി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഒരു കോടി ഗ്രാന്റ് ലഭിച്ച അപൂർവ നേട്ടത്തിന്റെ ആഹ്ലാദത്തിനിടെയാണ് വി.സി സ്ഥാനമൊഴിഞ്ഞത്.
സ്വന്തമായി ആസ്ഥാന മന്ദിരം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രാഥമിക നടപടികൾ മുന്നേറുകയാണ്. ഇന്നത്തെ നേട്ടത്തിലെത്താൻ ഏറ്റവും വലിയ പിന്തുണ നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അതില്ലായിരുന്നെങ്കിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്ര മുന്നേറാൻ കഴിയില്ലായിരുന്നെന്നും ഡോ. മുബാറക് പാഷ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിയമ നടപടികൾ തുടരുമെന്ന് ചാൻസലർ
കൊച്ചി: ശ്രീനാരായണ ഓപൺ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. പി.എം. മുബാറക് പാഷയെ വിടുതൽ ചെയ്തെങ്കിലും നിയമനം നിയമപ്രകാരമായിരുന്നോയെന്ന് പരിശോധിക്കുന്ന നിയമ നടപടികൾ തുടരുമെന്ന് ചാൻസലർ കൂടിയായ ഗവർണർ ഹൈകോടതിയിൽ. രാജി സ്വീകരിച്ച് പദവിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. പി.എം. മുബാറക് പാഷ നൽകിയ ഹരജിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ പരിഗണിച്ചത്.
ചാൻസലറുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി. സർവകലാശാല നിയമപ്രകാരം നോട്ടീസ് കാലാവധി തീരുന്ന മുറക്ക് പദവിയിൽനിന്ന് ഒഴിവാകും. അതിനുശേഷം തുടരണമെന്ന് ആവശ്യപ്പെടാൻ ചാൻസലർക്ക് കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, കഴിഞ്ഞദിവസം ഗവർണർ മുബാറക് പാഷയുടെ രാജി സ്വീകരിച്ച് വിടുതൽ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.