ട്രോളി പരിശോധന ഷാഫിയുടെ നാടകമെന്ന് സരിൻ; ആ നാടകത്തിലെ നടന്മാരാണോ എം.ബി. രാജേഷും റഹീമുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: ഹോട്ടൽ പരിശോധന തെറ്റായ വിവരം നല്‍കി ഷാഫി പറമ്പില്‍തന്നെ നടത്തിയ നാടകമാകാനാണ് സാധ്യതയെന്ന ഇടതു സ്ഥാനാര്‍ഥി ഡോ. പി. സരിന്റെ പ്രസ്താവന വിവാദമായി. ‘ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് താല്‍ക്കാലിക ലാഭമുണ്ടാക്കാനുള്ള ഷാഫിയുടെ മാസ്റ്റര്‍ പ്ലാനാകാനാണ് സാധ്യത. ബി.ജെ.പി-സി.പി.എം ബന്ധമെന്ന പുകമറ സൃഷ്ടിക്കാനാണിത്’ -സരിൻ പറഞ്ഞു. പിന്നാലെ സരിന്‍റെ വാദം സി.പി.എം നേതൃത്വം തള്ളി. ഹോട്ടലിലേക്ക് കള്ളപ്പണം എത്തിയിട്ടുണ്ടെന്നും ഷാഫിയും രാഹുലും നുണപരിശോധനക്ക് തയാറുണ്ടോയെന്നും പാര്‍ട്ടി നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സരിന്റെ വാദത്തെ കോൺഗ്രസ് നേതാക്കളും പരിഹസിച്ചു. തങ്ങളുടെ നാടകത്തില്‍ അഭിനയിക്കുന്ന നടന്മാരാണോ എം.ബി. രാജേഷും റഹീമുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ഇങ്ങനെ ഗോള്‍പോസ്റ്റ് മാറ്റി തങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഗോളടിപ്പിക്കല്ലേയെന്നും രാഹുല്‍ പറഞ്ഞു. ജില്ല സെക്രട്ടറിക്ക് അവരുടെ സ്ഥാനാർഥിയെപ്പോലും കാര്യം പറഞ്ഞ് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പാതിരാ പരിശോധന: തുടർനടപടി സാധ്യമല്ലെന്ന് പൊലീസ് വിലയിരുത്തൽ
പാലക്കാട്: കള്ളപ്പണം ഹോട്ടലിലെത്തിയെന്ന ആരോപണവും പരിശോധനയും മുന്നണികൾക്ക് രാഷ്ട്രീയ ആയുധമാക്കാമെങ്കിലും പണം പിടിച്ചെടുക്കാത്തതിനാൽ തുടർനടപടികൾ സാധ്യമല്ലെന്ന് പൊലീസ് വിലയിരുത്തൽ. പണം ഹോട്ടലിലെത്തിയെന്ന വിവരം ആദ്യമറിഞ്ഞത് പാലക്കാട് സൗത്ത് സി.ഐയാണെങ്കിലും റെയ്ഡ് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞത് ഏറെ വൈകിയാണ്.
റെയ്ഡിനു മുമ്പ് തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാതിരുന്നതും വീഴ്ചയായതായാണ് പൊലീസിനുള്ളിലെ വിലയിരുത്തൽ. വനിത നേതാക്കളുടെ മുറി പരിശോധിക്കുമ്പോൾ നടപടിക്രമം പാലിച്ചില്ല.
സാധാരണ തെരഞ്ഞെടുപ്പു കമീഷൻ രൂപവത്കരിക്കുന്ന ഇലക്ഷൻ മോണിറ്ററിങ് സെല്ലാണ് കള്ളപ്പണം പിടികൂടാറുളളത്. ആ സംഘത്തിന് സംരക്ഷണം നൽകുന്ന ജോലിയാണ് പൊലീസിനുള്ളത്.
തെരഞ്ഞെടുപ്പ് സ്ക്വാഡിനെ കൂടെ കൂട്ടാതിരുന്നത് തിരിച്ചടിയായി. സി.സി ടി.വി ദൃശ്യങ്ങളിൽ ട്രോളി കൊണ്ടുപോകുന്നുണ്ടെന്നല്ലാതെ പണം അതിലുണ്ടെന്നതിന് തെളിവും കിട്ടിയിട്ടില്ല.
ജില്ലയില്‍ നിന്നുള്ള മന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശാനുസരണം പാലക്കാട് എസ്.പി റെയ്ഡിന് നിര്‍ദേശം നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം. അത് ശരിയെങ്കില്‍ മന്ത്രിയും പെരുമാറ്റച്ചട്ട ലംഘനമാണ് നടത്തിയിട്ടുണ്ടാകുക.
പതിവ് പരിശോധനയുടെ ഭാഗമാണെന്നായിരുന്നു പാലക്കാട് എ.എസ്.പി പറഞ്ഞിരുന്നത്. എന്നാൽ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നാണ് കലക്ടർ പറഞ്ഞത്. അനധികൃത പണം വന്നെന്നും അത് ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നുമാണ് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് വ്യക്തമാക്കിയത്.
കള്ളപ്പണ വിവാദത്തിനിടെ ഭീഷണിയും വെല്ലുവിളിയുമായി നേതാക്കൾ
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ കള്ളപ്പണ വിവാദം സംബന്ധിച്ച വാർത്തസമ്മേളനങ്ങളിൽ പരസ്പരം വെല്ലുവിളിയും ഭീഷണിയുമായി സി.പി.എം-കോൺഗ്രസ് നേതാക്കൾ. പരിശോധന മന്ത്രി എം.ബി. രാജേഷിന്‍റെയും ഭാര്യാസഹോദരന്‍റെയും ഗൂഢാലോചനയാണെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രി റോഡിൽ ഇറങ്ങുന്നത് കാണിച്ചുതരാമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞിരുന്നു. പകരം ചോദിക്കുമെന്നും മന്ത്രി ചെവിയിൽ നുള്ളി വെച്ചോ എന്നും കൂട്ടിച്ചേർത്തിരുന്നു. ഇതിന് മറുപടിയായി വ്യാഴാഴ്ച സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവും മന്ത്രി എം.ബി. രാജേഷും നടത്തിയ വാർത്തസമ്മേളനങ്ങളിലും വെല്ലുവിളിയും ഭീഷണിയും നിറഞ്ഞു.
എം.ബി. രാജേഷിനെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നും തെരഞ്ഞെടുപ്പിനുശേഷം ഔദ്യോഗിക കാറിൽ പ്രതിപക്ഷ നേതാവ് പാലക്കാട്ട് കാൽ കുത്തില്ലെന്നുമായിരുന്നു ഇ.എൻ. സുരേഷ് ബാബുവിന്‍റെ വെല്ലുവിളി. പാലക്കാട്ട് തന്നെ കയറ്റാതിരിക്കാന്‍ പിണറായി വിജയന്‍ വിചാരിച്ചാല്‍ നടക്കില്ല, പിന്നെയല്ലേ ഈ ഓലപ്പാമ്പ് എന്നായിരുന്നു വി.ഡി. സതീശൻ നൽകിയ മറുപടി. പ്രതിപക്ഷ നേതാവിന്റെ ഭീഷണി കേട്ട് അയ്യോ സതീശേട്ടാ എന്നുവിളിച്ച് ചെല്ലുന്ന ആളല്ല താനെന്നും ഭീഷണി തന്റടുത്ത് വിലപ്പോകില്ലെന്നുമാണ് ഇതിന് മന്ത്രി എം.ബി. രാജേഷ് മറുപടി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.