'ആർക്കും എളുപ്പം ലഭിക്കാവുന്ന ശിക്ഷയായി യു.എ.പി.എ മാറുന്നു; കൊറോണയെക്കാൾ ഭീതിതമാണ് ഫാഷിസം'
text_fieldsകോഴിക്കോട്: രാജ്യത്ത് ആർക്കും എളുപ്പം ലഭിക്കാവുന്ന ശിക്ഷയായി യു.എ.പി.എ മാറുകയാണെന്ന് ചിന്തകനും അധ്യാപകനുമായ ഡോ. പി.കെ. പോക്കർ. ഹാഥറസിലേക്കു പോയ മലയാളി പത്രക്കാരൻ സിദ്ദീഖ് കാപ്പൻ ഇപ്പോൾ യു.എ.പി.എ ചുമത്തി ജയിലിൽ ആണ്. നമ്മൾ മറക്കുമെന്ന് അവർക്കറിയാം. ചിന്തിക്കാത്ത, പ്രതികരിക്കാത്ത, അടിമ മനോഭാവം പുലർത്തുന്ന ഒരു ജനതയെയാണ്, അവരെ മാത്രമാണ് നിലനിർത്താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദിനേന എന്നോണം പലരും യു.എ.പി.എ ചുമത്തപ്പെട്ട് രാജ്യത്തു തടവിലാകുന്നുണ്ട്. ബോംബുകൾ ഉണ്ടാക്കിയവരോ, കൊലക്കുറ്റത്തിന് പ്രതിയായവരോ, ആളുകളെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്തവരോ അല്ല ഇങ്ങിനെ തടവിലാക്കപ്പെട്ടത്. രാജ്യരക്ഷക്ക് ഇവരൊന്നും ഭീഷണിയായതിനും ഇതുവരെയും തെളിവില്ല.
രണ്ടാം ബി.ജെ.പി ഭരണം സമ്പൂർണ ഫാഷിസത്തിലേക്കാണ് നീങ്ങുന്നത്. ചിന്തിക്കാത്ത, പ്രതികരിക്കാത്ത, അടിമ മനോഭാവം പുലർത്തുന്ന ഒരു ജനതയെയാണ് നിലനിർത്താൻ ഉദ്ദേശിക്കുന്നത്. മറവി കൊണ്ടും മൗനം കൊണ്ടും ഇതെല്ലം മറഞ്ഞുപോകുമോ. കൊറോണയെക്കാൾ ഭീതിതമാണ് ഫാഷിസം. അത് നാളെ എവിടേയും ആരിലേക്കും എത്താം. ഒരുപക്ഷേ മൗനിയായിരുന്നാൽ നിങ്ങളിലേക്കും അവരെത്തുമെന്നും ഡോ. പി.കെ. പോക്കർ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഹാഥറസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാനുള്ള യാത്രക്കിടെ മലയാളി പത്രപ്രവർത്തകനും കെ.യു.ഡബ്ല്യു.ജെ ഡൽഹി സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.