ഡോക്ടർ പി.ആർ. കുമാർ അന്തരിച്ചു
text_fieldsഅയ്മനം: കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ, പരിപ്പ് മെഡികെയർ എന്നീ ആശുപത്രികളുടെ ഉടമയും അയ്മനത്തിന്‍റെ ജനപ്രിയ ഡോക്ടറുമായ പി.ആർ കുമാർ (64) അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയും ചെയ്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അയ്മനം ഗ്രാമത്തിലെ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു കുമാർ ഡോക്ടർ എന്നു വിളിച്ചു വന്നിരുന്ന ഡോ. പി.ആർ കുമാർ. അയ്മനം കല്ലുമടയ്ക്കു സമീപം കുഴിത്താറിൽ ആശുപത്രി സ്ഥാപിച്ച് സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കി. അടിയന്തിര ഘട്ടങ്ങളിൽ വീടുകളിൽ എത്തിയും ചികിത്സിച്ചു. മുൻപ് ഗതാഗത സൗകര്യം ഇല്ലാതിരുന്ന പഞ്ചായത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി സേവനം നൽകിയിരുന്നു.
സോഷ്യൽ സർവീസ് ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006, എൻ.എസ്.എസ് ട്രസ്റ്റ് സോഷ്യൽ സർവീസ് അവാർഡ് 2008, ഗോവിന്ദ മേനോൻ ബർത്ത് സെന്‍റനറി അവാർഡ് - 2009 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വഞ്ചിപ്പാട്ട് വിദഗ്ധനായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ വള്ളത്തിന്‍റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോ. രാധ (കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ മേധാവി). മക്കൾ: ഡോ. രോഹിത് രാംകുമാർ, ശരത് രാംകുമാർ (എൻജിനീയർ).
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.