ഡോ.ഖമറുദ്ദീൻ സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
text_fieldsകേരളത്തിലെ പ്രമുഖ സസ്യശാസ്ത്രജ്ഞനും പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തിയ പ്രധാന വ്യക്തികളിൽ ഒരാളുമായ ഡോ. എം. ഖമറുദ്ദീന്റെ പേരിലുള്ള പരിസ്ഥിതി പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു. പശ്ചിമഘട്ടത്തെയും അതിലെ ജൈവ വൈവിധ്യത്തെയും നിത്യഹരിതമായി നിലനിർത്തണമെന്ന് സ്വപ്നം പരിസ്ഥിതി പ്രവർത്തകനാണ് ഡോ. എം. ഖമറുദ്ദീൻ. അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഡോ.ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേർസിറ്റി കൺസർവേഷൻ (KFBC) ആണ് പുരസ്കാരം നൽകുന്നത്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികൾക്കാണ് ഇപ്രാവശ്യം നോമിനേഷൻ സമർപ്പിക്കാവുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട് അറിയിച്ചു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 30 വരെ ഓൺലൈൻ വഴിയാണ് നാമനിർദേശം നൽകേണ്ടത്. 25,000 രൂപയും, പ്രശംസ പത്രവും മെമൊന്റൊയും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഡോ ഖമറുദീൻ ഓർമദിനമായ നവംബർ 13നു കാര്യവട്ടം ബോട്ടണി ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും. പുരസ്കാരത്തിനായി അപേക്ഷിക്കേണ്ട ലിങ്ക് https://bit.ly/3SrYvd5 ആണ്. കൂടുതൽ വിവരങ്ങൾക്ക് 9446103690, 89210 86484 എന്നീ നമ്പരുകളിലും ബന്ധപ്പെടണം.
ഡോ.ഖമറുദ്ദീൻ ഫൗണ്ടേഷൻ
രാജ്യത്തിന്റെ കാർഷിക സംസ്കൃതിയിലും ജനജീവിതത്തിലും പശ്ചിമഘട്ട മലനിരകൾക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് സുസ്ഥിര വികസനത്തിലൂടെ ജൈവ വൈവിധ്യ സമൃദ്ധമായ പരിസ്ഥിതിയെ പരിപോഷിപ്പിച്ച് സംരക്ഷിക്കുക എന്നതാണ് ഡോ. ഖമറുദീൻ ഫൗണ്ടേഷന്റെ പ്രഖ്യാപിത ലക്ഷ്യം.
പരിസ്ഥിതി സംരക്ഷണത്തിലൂടെ മാനവികതയുടെ ഐക്യപ്പെടലും, ജനാധിപത്യ സംരക്ഷണവും ഫൗണ്ടേഷന്റെ പ്രവർത്തന മണ്ഡലങ്ങളിൽ വരുന്നു. പശ്ചിമഘട്ടത്തിന്റെ സന്തതികളും യഥാർത്ഥ സംരക്ഷകരുമായ ആദിവാസി വിഭാഗങ്ങൾ ആട്ടിപ്പായിക്കപ്പെടുകയും അന്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നതും, നീതിപൂർവമായി വിഭവങ്ങൾ പങ്ക് വയ്ക്കപ്പെടാത്ത ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയും ചെയ്യുക എന്നതും ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.
കേരള യൂനിവേഴ്സിറ്റി ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന ഡോ.ഖമറുദ്ദീൻ പെരിങ്ങമ്മല ഇക്ബാൽ കോളേജ്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം ,എൽ.എൽ.ബി, എൽ.എൽ.എം. എന്നിവയിൽ റാങ്ക് ഹോൾഡറായിരുന്നു. നിരവധി അവാർഡുകളും അംഗീകാരങ്ങളും കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ഡോക്ടറേറ്റ് നേടി.
പശ്ചിമഘട്ടത്തെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിൽ കമ്മീഷൻ (പശ്ചിമഘട്ട പരിസ്ഥിതി, പരിസ്ഥിതി വിദഗ്ധ പാനൽ) റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ പഠനത്തെ പറ്റി പരാമർശമുണ്ട്. എന്നാൽ, റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ അവഗണിക്കപ്പെടുന്നതായി കണ്ടതോടെ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി. പരിസ്ഥിതി പ്രവർത്തകനെന്ന നിലയിൽ, പ്രകൃതിയോടുള്ള തെറ്റായ സമീപനങ്ങളെ അദ്ദേഹം എല്ലായ്പ്പോഴും ചോദ്യം ചെയ്യുകയും വനമേഖലയുടെയും അതിന്റെ വൈവിധ്യമാർന്ന ജീവിത രൂപങ്ങളുടെയും സംരക്ഷണത്തിനായി നിലകൊള്ളുകയും ചെയ്തു.
പെരിങ്ങമ്മല പഞ്ചായത്തിൽ നടന്ന അക്കേഷ്യ മാഞ്ചിയം സമരം, കാട്ടുജാതിക്ക ശുദ്ധജല ചതുപ്പിനോട് ചേർന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഐ,എം,എ മെഡിക്കൽ മാലിന്യ പ്ലാന്റിനെതിരായ സമരം,പെരിങ്ങമ്മല ഖരമാലിന്യ വിരുദ്ധ സമരം എന്നിവയിലും അമരക്കാരനായിരുന്നു. പഞ്ചായത്തിലെ ജൈവ വൈവിധ്യ മാനേജ്മെന്റ കമ്മിറ്റി(ബിഎംസി)യുടെ കോ ഓർഡിനേറ്റർ ആയിരുന്നു. പ്രകൃതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുവാനും ജനങ്ങളെ സേവിക്കാനും ജീവിതം സമർപ്പിച്ച അദ്ദേഹം 2019 നവംബർ 13 നാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.