ഗേറ്റിനുമുന്നിൽ രൈരു ഡോക്ടറുടെ കുറിപ്പ്: ‘ജോലി ചെയ്യാനുള്ള ആരോഗ്യമില്ല, അതുകൊണ്ട് പരിശോധന നിർത്തുന്നു’
text_fieldsകണ്ണൂർ: ആതുരസേവനം കച്ചവടമാകുന്ന കാലത്ത് സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ രൈരു ഗോപാൽ പരിശോധന നിർത്തി. 18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് ഡോക്ടർ വിശ്രമജീവിതത്തിലേക്ക് കടക്കുന്നത്. ‘എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണെന്ന ബോർഡ് ഗേറ്റിൽ തൂക്കിയാണ് അമ്പത് വർഷത്തിലേറെ രോഗികൾക്കൊപ്പം ജീവിച്ച ഡോക്ടർ ലളിതമായി ജോലിയിൽനിന്ന് വിരമിച്ചത്.
ഇങ്ങനെയൊരു ഡോക്ടർ വേറെയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്. രണ്ടു രൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാൽ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാൽപ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്നും വാങ്ങുക.
പരിശോധനക്കായി ഒരുവീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചയാണ് പരിശോധന. യൗവനകാലത്ത് പുലർച്ച മൂന്ന് മുതൽ ഡോക്ടർ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകും.
പുലർച്ചെ 2.15ന് എഴുന്നേൽക്കുന്നതോടെയാണ് ഒരുദിവസം ആരംഭിക്കുന്നത്. നേരെ പശുത്തൊഴുത്തിലേക്ക്. തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാൽ കറന്നെടുക്കും. ശേഷം കുളികഴിഞ്ഞ് പൂജാമുറിയേിലേക്ക്. അഞ്ചര മുതൽ പത്രം വായനയും പാൽ വിതരണവും. താണ മാണിക്ക കാവിനടുത്തെ വീട്ടിൽ രാവിലെ ആറര മുതൽ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കൻ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയിൽ സഹായിക്കാനുണ്ടാകും. മകൻ ഡോ. ബാലഗോപാലും ഈ വഴിയിൽ തന്നെ. പരിശോധിക്കാൻ വയ്യാതായതോടെയാണ് ഒ.പി നിർത്തുന്നത്. കണ്ണൂക്കര സ്കൂളിന്റെ മുൻ വശമുള്ള വാടക വീട്ടിലും മുമ്പ് പരിശോധന നടത്തിയിരുന്നു.
പിതാവ് കണ്ണൂരിലെ ഡോ. എ. ഗോപാലൻ നമ്പ്യാരുടെ വഴിയിലാണ് മക്കളായ നാല് ആൺമക്കളും കടന്നുപോകുന്നത്. ഡോ. രൈരു ഗോപാലനും ഡോ. വേണുഗോപാലും ഡോ. രാജഗോപാലും സന്നദ്ധ സേവനം ജീവിതവ്രതമാക്കി. പണമുണ്ടാക്കാനാണെങ്കിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛൻ നൽകിയ ഉപദേശം. അതുകൊണ്ടുതന്നെ പരിശോധന ഫീസ് തുച്ഛമായ തുകയാക്കി. വിലകുറഞ്ഞ ഗുണമേന്മയുള്ള മരുന്നുകളാണ് ഡോക്ടർ കുറിക്കുക.
മരുന്നുകമ്പനികളുടെയും കോർപറേറ്റുകളുടെയും മോഹനവാഗ്ദാനങ്ങളിലൊന്നും ഡോക്ടർ വീഴാത്തതിനാൽ കമ്പനി പ്രതിനിധികളൊന്നും ആ പടി കയറാറില്ല. സേവനത്തിലൂടെ ലഭിക്കുന്ന സുഖം അതുവേറെയാണെന്ന് രൈരു ഗോപാലൻ ഡോക്ടർ പറയുമ്പോൾ അതു മനസറിഞ്ഞാണ്. അമ്പതിലേറെ വർഷം കണ്ണൂരുകാരുടെ ആരോഗ്യം കാത്ത ശേഷമാണ് ജനകീയ ഡോക്ടർ പരിശോധന നിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.