യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കമാകുമെന്ന് ഡോ.ആർ. ബിന്ദു
text_fieldsകൊച്ചി: പോളിടെക്നിക്ക് കോളജുകളുടെ ആദ്യ സംസ്ഥാനതല ടെക്നിക്കൽ എക്സിബിഷൻ കളമശ്ശേരിയിൽ ഫെബ്രുവരി 22ന് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പോളിടെക്‌നിക് കോളേജ് വിദ്യാർഥികളിൽ നൂതനാശയ രൂപീകരണം പ്രോത്സാഹിപ്പിക്കാനും സാങ്കേതികവിദ്യാ സഹായത്തോടെ സാമൂഹികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമാണ് സംസ്ഥാനതലത്തിൽ ആദ്യമായി പ്രൊജക്റ്റ് എക്സിബിഷനും ടെക് ഫെസ്റ്റും ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ പുതുതായി രൂപീകരിച്ച യങ് ഇന്നോവഷൻ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) എന്ന പേരിൽ പ്രൊജക്റ്റ് എക്സിബിഷനും ടെക് ഫെസ്റ്റും.
ഫെബ്രുവരി 22 മുതൽ 24 വരെ നടക്കുന്ന യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) കളമശ്ശേരി ഗവ. പോളിടെക്നിക്കിൽ മന്ത്രി നിർവഹിക്കും. വിജ്ഞാന സമ്പദ്-ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന തരത്തിൽ പോളിടെക്‌നിക് വിദ്യാർഥികളെ സജ്ജരാക്കാൻ യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റ് (വൈ -സമ്മിറ്റ് 2024) സഹായകരമാകുമെന്ന് ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ എൺപതോളം പോളിടെക്‌നിക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ അവരുടെ നൂതനാശയങ്ങൾ പൊതുജനങ്ങൾക്കും വ്യവസായ മേഖലയിലെ പ്രതിനിധികൾക്കും മുന്നിൽ പ്രദർശിപ്പിക്കും.
പോളിടെക്‌നിക് മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപക - വിദ്യാർഥി പ്രതിനിധികൾ, സ്റ്റാർട്ട് അപ്പ്-വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ഇൻഡസ്ടറി - ഇൻസ്റ്റിറ്റ്യൂട്ട് മീറ്റപ്പ് വൈ-സമ്മിറ്റിൽ അരങ്ങേറും. വിദ്യാർഥികളും നിലവിലുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും തമ്മിലുള്ള അന്തരം പരിഹരിക്കാനാണ് ഇൻഡസ്ടറി -ഇൻസ്റ്റിറ്റ്യൂട്ട് മീറ്റപ്പ്. അമ്പതിൽപരം വ്യവസായസ്ഥാപനങ്ങളുടെ പ്രതിനിധികളും തിരഞ്ഞെടുത്ത അധ്യാപക -വിദ്യാർഥി പ്രതിനിധികളും പങ്കെടുക്കുന്ന ഇൻഡസ്ടറി -ഇൻസ്റ്റിറ്റ്യൂട്ട് മീറ്റപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അമ്പത്തഞ്ചോളം നൂതന പ്രൊജക്റ്റുകളുടെയും എഞ്ചിനീയറിങ് കോളജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തഞ്ചോളം നൂതനാശയങ്ങളുടെയും പ്രദർശനമാണ് ടെക്നിക്കൽ എക്സിബിഷനിൽ നടക്കുക. . സംസ്ഥാനത്തെ വിവിധ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഇരുന്നൂറോളം വിദ്യാർത്ഥികൾ ടെക്നിക്കൽ എക്സിബിഷനിൽ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക്കുകളിൽ നിന്നും തിരഞ്ഞെടുത്ത 36 പേപ്പറുകൾ മൂന്നു വേദികളിലായി വിദ്യാർഥികൾ അവതരിപ്പിക്കും.
നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ വോളന്റീയർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ യൂനിറ്റുകൾ ചേർന്ന് കേരള കൾച്ചറൽ ഫെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി സൂഫി നൃത്തം, തിരുവാതിരക്കളി, ദഫ് മുട്ട്, ഒപ്പന, ചവിട്ടുനാടകം തുടങ്ങി നൂറിൽപ്പരം കേരളീയ കലാരൂപങ്ങളും അരങ്ങേറും. സംസ്ഥാനത്തെ വിവിധ എൻ.എസ്.എസ് യൂനിറ്റുകളാണിവ അവതരിപ്പിക്കുക. വൈ-സമ്മിറ്റിന്റെ ഭാഗമായി കമേഴ്ഷ്യൽ സ്റ്റാളുകളും കുടുംബശ്രീ നടത്തുന്ന ഫുഡ് ഫെസ്റ്റും തയാറാക്കിയെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.