കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി വനിതകളുടെ സംഘങ്ങൾ രൂപീകരിക്കണമെന്ന് ഡോ.ആർ. ബിന്ദു
text_fieldsതിരുവനന്തപുരം: ഭിന്നശേഷിക്കാരായ വനിതകളുടെ സാമൂഹിക ശാക്തീകരണം ലക്ഷ്യംവച്ച് കുടുബശ്രീ മാതൃകയിൽ വനിതാ സ്വയംസഹായ സംഘങ്ങൾ രൂപീകരിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ദേശീയ വനിതാ കമ്മിഷന്റെ സഹകരണത്തോടെ 'ഭിന്നശേഷി സ്ത്രീകളുടെ അവകാശങ്ങൾ' എന്ന വിഷയത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഭിന്നശേഷിക്കാരായ വനിതകളെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തേണ്ടതു സാമൂഹിക ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്കു സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനു നിലനിൽക്കുന്ന തടസങ്ങൾ പൂർണമായി ഇല്ലാതാക്കണം. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ 'ബാരിയർ ഫ്രീ കേരളം' യാഥാർഥ്യമാക്കാൻ സർക്കാർ പരിശ്രമിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന വനിതകൾ ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങൾക്ക് ഇരയാകാറുണ്ട്. പലപ്പോഴും ഇതിനെതിരേ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കഴിയാതെ നിശബ്ദരായിരിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിനെതിരായ നിയമ നിർമാണം ശക്തിപ്പെടുത്തണം. നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തത വലിയ നിലയിൽ ചൂണ്ടിക്കാണിച്ചു മുന്നോട്ടുപോകണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട 2016ലെ റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും ഭിന്നശേഷിക്കാർക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പോരായ്മകൾ പരിഹരിക്കുകയും വേണം.
ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യംവച്ചു സംസ്ഥാന സർക്കാർ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അസിസ്റ്റിവ് ടെക്നോളജിയുടെ മേഖലയിൽ കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ സാമൂഹ്യ നീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ശാരീരിക പരിമിതികളെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലുള്ള സഹായ ഉപകരണങ്ങളുടെ സഹായത്തോടെ മറികടക്കാനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം. ചെന്നൈ ഐഐടിയുമായി ചേർന്ന് ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.