ഡോ. ശാന്തകുമാർ: വിടപറഞ്ഞത് മലബാറിലെ മനോരോഗ ചികിത്സയുടെ അംബാസഡർ
text_fieldsകോഴിക്കോട്: മനോരോഗ ചികിത്സയും അധ്യാപനവും എഴുത്തും സാമൂഹികപ്രവർത്തനവുമുൾെപ്പടെ വിവിധ മേഖലകളിൽ ഒരേസമയം തിളങ്ങിനിന്ന പ്രതിഭയെയാണ് ഡോ. എസ്. ശാന്തകുമാറിന്‍റെ വിയോഗത്തിലൂടെ നഷ്ടമായത്. മലബാറിലെ മനോരോഗ ചികിത്സയുടെ അംബാസഡറാണ് ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് പത്തുനാൾ മുമ്പ് കിടപ്പാവുന്നതുവരെ ഇദ്ദേഹം രോഗികളുടെ മനസ്സ് ‘തുറന്നു’പരിശോധിച്ചിരുന്നു.
കോഴിക്കോടിെൻറ സ്വന്തമെന്നു വിശേഷിപ്പിക്കാവുന്ന ഡോ. എസ്. ശാന്തകുമാറിന്‍റെ ചികിത്സയിലൂടെ മാനസിക ശാന്തി നേടിയത് നൂറുകണക്കിനാളുകളാണ്. ആതുര സേവനരംഗത്തെ ദേശീയ പുരസ്കാരമായ ഡോ. ബി.സി. റോയ് അവാർഡുൾെപ്പടെ നേടിയിട്ടുണ്ട്. 2005ൽ മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിൽ നിന്നാണ് പുരസ്കാരം സ്വീകരിച്ചത്.
1931ൽ ആലപ്പുഴ ചേർത്തലയിൽ ജനിച്ച ഡോക്ടറും കുടുംബവും പിന്നീട് കോഴിക്കോട്ടേക്ക് ചേക്കേറുകയായിരുന്നു. മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് നേടിയ ശാന്തകുമാർ ഇന്ത്യയിൽ മൂന്ന് എം.ആർ.സി.പി ബിരുദങ്ങൾ സ്വന്തമാക്കിയ ഏക വ്യക്തിയാണ്. സർക്കാറിന്‍റെ മാനസികാരോഗ്യ ഉപദേഷ്ടാവ്, ശ്രീകണ്ഠേശ്വര ക്ഷേത്ര ഭരണസമിതിയംഗം തുടങ്ങിയ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു. കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സൈക്യാട്രി സീനിയർ അധ്യാപകനായും മനോരോഗ ചികിത്സകനായും പ്രവർത്തിച്ചു.
1962ൽ കുതിരവട്ടത്ത് അസി.സർജനായാണ് ഡോ. ശാന്തകുമാർ മാനസികാരോഗ്യ ചികിത്സ തുടങ്ങിയത്. പിന്നീട് ഊളമ്പാറയിലും വീണ്ടും കുതിരവട്ടത്തുമായി നിയമിതനായി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വൈസ് പ്രിൻസിപ്പലായാണ് വിരമിച്ചത്. ഹിപ്നോട്ടിസവും മാനസികപ്രശ്നങ്ങളും, ക്യാമ്പസ് കൗമാരം, മനഃസമാധാനം ഉണ്ടാവാൻ, മനസ്സും വയസ്സും, ആത്മീയ മാർഗങ്ങളും മനഃസമാധാനവും, ധ്യാനവും മാനസികാരോഗ്യവും തുടങ്ങി 60ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പത്രങ്ങളിലും ആനുകാലികങ്ങളിലും ആരോഗ്യ പംക്തികൾ എഴുതിയും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. െഎ.എം.എ അവാർഡ്, മദർ തെരേസ അവാർഡ്, ബോംബെ സൈക്യാട്രി സൊസൈറ്റി ബെസ്റ്റ് അച്ചീവ്മെൻറ് അവാർഡ്, എസ്.െക. പൊറ്റെക്കാട്ട് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.