ഷഹനയുടെ മരണം: റുവൈസിന്റെ പിതാവിനെ പ്രതിചേർത്തു
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. ഷഹന മരിച്ച സംഭവത്തിൽ ഡോ. ഇ.എ. റുവൈസിന്റെ പിതാവിനെയും പ്രതിയാക്കി. കരുനാഗപ്പള്ളി കോഴിക്കോട് ഇടയില വീട്ടിൽ അബ്ദുൽ റഷീദിനെയാണ് രണ്ടാംപ്രതിയാക്കിയത്. പെൺകുട്ടിയുടെ മരണത്തിന് കാരണമായ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയെന്നതിനാലാണ് ഇയാളെ പ്രതിയാക്കിയത്. കൂടുതൽപേർ പ്രതികളാകുമോയെന്നത് പൊലീസ് പരിശോധിച്ചുവരികയാണ്. റുവൈസിന്റെ പിതാവ് ഉൾപ്പെടെ ബന്ധുക്കൾ സ്ത്രീധനത്തുക ചോദിക്കുകയും അതിനായി സമ്മർദം ചെലുത്തുകയും ചെയ്തതായി ഷഹനയുടെ മാതാവ് പൊലീസിന് മൊഴിനൽകിയിരുന്നു.
റിമാൻഡിലായ ഒന്നാംപ്രതി റുവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മെഡിക്കൽ കോളജ് പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച ഹാജരാക്കുന്നതിന് കോടതി ജയിൽ അധികൃതർക്ക് നിർദേശം നൽകി. റുവൈസിനെ അന്നുതന്നെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കലും കൂടുതൽ ചോദ്യം ചെയ്യലുമുണ്ടാകും. ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട്ടിലും കരുനാഗപ്പള്ളിയിലും ചില ചടങ്ങുകൾ നടന്നു. ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കും.
ഷഹന എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അതിലെ വരികളുടെയും പെൺകുട്ടിയുടെ ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റുവൈസിനെയും പിതാവിനെയും പ്രതിയാക്കിയത്. പിതാവ് റഷീദിനെ കരുനാഗപ്പള്ളിയിലും ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ മെഡിക്കൽ കോളജ് പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതോടെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.