ഡോ. ഷഹനയുടെ ആത്മഹത്യ; സ്ത്രീധനം നൽകാൻ കഴിയാത്തതിനാലെന്ന് ഉറപ്പിച്ച് അന്വേഷണ റിപ്പോർട്ടുകൾ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിനി ഡോ. ഷഹനയുടെ ആത്മഹത്യക്ക് കാരണം ഡോ. റുവൈസും പിതാവും വിവാഹത്തിന് ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനെതുടർന്നാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ വിവിധ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്.
സിറ്റി പൊലീസ് കമീഷണർ നാഗരാജു നേരിട്ടും ജില്ല കലക്ടർക്കുവേണ്ടി പ്രതിനിധിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ജില്ല സ്ത്രീധന നിരോധന ഓഫിസറും ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് ഇതു വ്യക്തമാക്കുന്നത്.
ഷഹനയുടെ മരണം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം മെഡിക്കൽ കോളജ് തലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും കമീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ബന്ധുക്കൾ ഡോ. ഷഹനയുടെ വീട്ടിൽ വിവാഹാലോചന നടത്തിയതിനെതുടർന്ന് വിവാഹം നടക്കില്ലെന്ന് ഡോ. റുവൈസ് തന്നെ അറിയിച്ചിരുന്നെന്നും ഇതിൽ ഷഹന ദുഃഖിതയായിരുന്നെന്നും മെഡിക്കൽ കോളജ്തല സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ മൂന്നിന് രാത്രി താമസ സ്ഥലത്തെത്തിയ ശേഷം ഉണ്ടായ സംഭവത്തിന്റെ അനന്തരഫലമായാണ് ഷഹനയുടെ മരണം സംഭവിച്ചതെന്ന് അനുമാനിക്കാമെന്നും കോളജ്തല അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. ഷഹനയുടെ ബന്ധുക്കൾ കരുനാഗപ്പള്ളിയിലെ റുവൈസിന്റെ വീട്ടിൽ വന്ന് സംസാരിച്ചപ്പോൾ റുവൈസും പിതാവും വലിയതോതിലുള്ള സ്ത്രീധനം ആവശ്യപ്പെട്ടതായി ഷഹനയുടെ ബന്ധുക്കൾ വ്യക്തമാക്കിയതായി ജില്ല കലക്ടറുടെ റിപ്പോർട്ടിലും പറയുന്നു.
തങ്ങളാൽ കഴിയാവുന്ന സ്ത്രീധനം നൽകാമെന്ന് അറിയിച്ചെങ്കിലും ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായും ലഭിക്കണമെന്നും ഇക്കാര്യം റുവൈസ് പലതവണ ഷഹനയോട് പറഞ്ഞതായും സഹോദരൻ ജാസിംനാസ് വെളിപ്പെടുത്തിയതായും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ ഇഷ്ടപ്പെട്ട വിവാഹം മുടങ്ങിപ്പോകുമെന്ന ഉത്കണ്ഠയിലാണ് ഡോ. ഷഹന ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് കലക്ടർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
സ്ത്രീധനത്തിന്റെ പേരിൽ വിവാഹാലോചന മുടങ്ങിയതിൽ ഷഹനക്ക് മനോവിഷമം ഉള്ളത് ബന്ധുക്കൾ അറിയിച്ചത് ജില്ല സ്ത്രീധന നിരോധന ഓഫിസറുടെ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ റുവൈസ് പിന്മാറിയതിലുള്ള വിഷമം ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയാണ് ഷഹന ആത്മഹത്യ ചെയ്തതെന്ന് സിറ്റി പൊലീസ് കമീഷണറുടെ റിപ്പോർട്ടിലും പറയുന്നു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുവേണ്ടി ജോയന്റ് ഡയറക്ടർ ഡോ. ഗീത രവീന്ദ്രൻ, ആർ.എം.ഒ ഡോ. മോഹൻ റോയ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.വി. ജയ എന്നിവരും കമീഷൻ മുമ്പാകെ ഹാജരായി. കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന പൊലീസിന്റെ ഉൾപ്പെടെ ആവശ്യം അംഗീകരിച്ച് കേസ് കമീഷന്റെ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിയതായി ചെയർമാൻ അഡ്വ.എ.എ. റഷീദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.