ഡോ. നജ്‌മക്ക് വേണ്ടി ശബ്ദമുയർത്തും; 'വായടപ്പിക്കൽ' വ്യവസ്‌ഥിതിയുടെ ഭാഗം -ഡോ. ഷിംന അസീസ്
text_fieldsമലപ്പുറം: സംസാരിച്ചതിെൻറ പേരിൽ ഡോ. നജ്‌മ വേട്ടയാടപ്പെട്ടാൽ അവർക്ക് വേണ്ടി ശബ്‌ദമുയർത്തുക തന്നെ ചെയ്യുമെന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസ്. താൻ സേവനമനുഷ്ഠിക്കുന്ന കളമശ്ശേരി മെഡിക്കൽ കോളജിലെ അനാസ്ഥക്കെതിരെ പ്രതികരിച്ചതിന് സൈബർ ആക്രമണം നേരിടുന്ന ഡോ. നജ്‌മക്ക് ഫേസ്ബുക്കിലൂടെയാണ് ഷിംന അസീസ് പിന്തുണ പ്രഖ്യാപിച്ചത്.
സ്‌ഥിരജോലിയില്ലാത്ത, സംഘടനാബലമില്ലാത്ത എല്ലാവരും 'വായടപ്പിക്കൽ നയം' അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ വ്യവസ്‌ഥിതിയുടെ ഭാഗമായതായും ഷിംന സൂചിപ്പിച്ചു. സ്‌ഥിരജോലിയുള്ള ചില മുതിർന്ന സ്‌റ്റാഫിൽ നിന്നും ഈ പറഞ്ഞ വിവേചനം കോൺട്രാക്‌ട് അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന എനിക്കും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട്. മാറി നിന്ന് സുലഭമായി പാര പണിയുന്നതും അനുഭവിച്ചിട്ടുണ്ട്. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചിട്ടുണ്ട്. ഇപ്പോൾ അതും ശീലമാണ്. ഡോ. നജ്‌മ ഒരു പെൺകുട്ടി ആയത് കൊണ്ട് ദുഷ്‌പ്രചരണങ്ങൾ ഏത് തലം വരെ പോയേക്കാമെന്നതിന് മുൻ അനുഭവമുണ്ട്. പ്രിയ സഹപ്രവർത്തകയെ ഒരിക്കലും ഒറ്റപ്പെടുത്തില്ല. ഡോക്‌ടറോടൊപ്പം തന്നെയാണ് -ഡോ. ഷിംന വ്യക്തമാക്കി.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണ രൂപം:
ഡോ. നജ്‌മ, കളമശ്ശേരി മെഡിക്കൽ കോളേജിൽ കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയാണ്. നേരിട്ട് പരിചയമില്ല. സംസാരിച്ചിട്ടില്ല. അവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിച്ചതിന്റെ സത്യാവസ്‌ഥയും എനിക്കറിയില്ല. അത്തരം കാര്യങ്ങൾ ഉന്നതതലത്തിൽ സംസാരിക്കേണ്ടതും ചർച്ച ചെയ്യേണ്ടതും ആവശ്യമെങ്കിൽ നടപടികൾ എടുക്കേണ്ടതുമാണ്. അതല്ല വിഷയം.
ഒരു വിഷയത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അവരിന്ന് ഒറ്റപ്പെട്ട് നിൽക്കുകയാണ് എന്നത് വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോണ്ട്രാക്‌ട് അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന ഒരാളെന്ന നിലക്ക് ആ അവസ്‌ഥ പൂർണ്ണമായും മനസ്സിലാവും.
സ്‌ഥിരജോലിയുള്ള ചില മുതിർന്ന സ്‌റ്റാഫിൽ നിന്നും ഈ പറഞ്ഞ വിവേചനം എനിക്കും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട്. മാറി നിന്ന് സുലഭമായി പാര പണിയുന്നതും അനുഭവിച്ചിട്ടുണ്ട്. ആദ്യമൊക്കെ വല്ലാതെ വിഷമിച്ചിട്ടുണ്ട്. ഇപ്പോൾ അതും ശീലമാണ്.
മറുവശത്ത്, സ്‌നേഹത്തോടെയും കരുതലോടെയും കണ്ടിട്ടുള്ള ഏതൊരു പ്രതിസന്ധിയിലും ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചിട്ടുള്ള ഒട്ടേറെ സീനിയേഴ്‌സുണ്ട്. അവരോട് ഒരായുസ്സിന്റെ കടപ്പാടുമുണ്ട്. അവരെ മറന്ന് കൊണ്ടല്ലിത് പറയുന്നത്. പല ദുർഘടമായ അവസ്‌ഥകളിലും അവർ ശക്‌തമായി കൂടെ നിന്നത് കൊണ്ട് മാത്രം കഴിഞ്ഞ് കൂടിയിട്ടുണ്ട്.
'വായടപ്പിക്കൽ' നയം സ്‌ഥിരജോലിയില്ലാത്ത, സംഘടനാബലമില്ലാത്ത എല്ലാവരും അനുഭവിക്കേണ്ടി വരുന്നത് നമ്മുടെ വ്യവസ്‌ഥിതിയുടെ ഭാഗമാണിവിടെ. ഡോ. നജ്‌മ ഒരു പെൺകുട്ടി ആയത് കൊണ്ട് ദുഷ്‌പ്രചരണങ്ങൾ ഏത് തലം വരെ പോയേക്കാമെന്നതും മുൻ അനുഭവമുണ്ട്.
അവർ അനുഭവിച്ച് കൊണ്ടിരിക്കുന്ന മനോവ്യഥ പൂർണ്ണമായും മനസ്സിലാക്കുന്നു, അനിയത്തിയെ ചേർത്ത് പിടിക്കുന്നു. സംസാരിച്ചതിന്റെ പേരിൽ ഡോക്ടർ വേട്ടയാടപ്പെടേണ്ടി വന്നാൽ അവർക്ക് വേണ്ടി ശബ്‌ദമുയർത്താൻ, ഞങ്ങളുടെ രോഗികൾക്ക് വേണ്ടി, സഹപ്രവർത്തകർക്ക് വേണ്ടി നില കൊള്ളാൻ ഡോ. നജ്‌മയോടൊപ്പമുണ്ടാകുക തന്നെ ചെയ്യും.
അന്വേഷണങ്ങൾ കൃത്യമായി അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ. പ്രിയ സഹപ്രവർത്തകയെ ഒരിക്കലും ഒറ്റപ്പെടുത്തില്ല.
ഡോക്‌ടറോടൊപ്പം തന്നെയാണ്.
Dr. Shimna Azeez
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.