Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സ്ത്രീകളെ വെറും...

'സ്ത്രീകളെ വെറും ഭാര്യമാർ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് മനസിലാകില്ല; എന്റെ മേൽവിലാസം ഞാൻ ഉണ്ടാക്കിയത്' -ഡോ. സൗമ്യ സരിൻ

text_fields
bookmark_border
dr soumya sarin
cancel

പാലക്കാട്: സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഡോ. സൗമ്യ സരിൻ. തന്‍റെ പങ്കാളി രാഷ്ട്രീയ പ്രവർത്തകനാണ്. രാഷ്ട്രീയത്തിൽ എന്തും എപ്പോഴും സംഭവിക്കാം. അങ്ങനെ വരുമ്പോൾ ഭാര്യ എന്ന നിലയിൽ തന്‍റെ നേരെ ആക്രമണം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ താൻ ഇവിടെ തന്നെയുണ്ടാകുമെന്നും കമെന്റ് ബോക്സ്‌ ഓഫ്‌ ചെയ്യില്ലെന്നും പി. സരിന്‍റെ പങ്കാളിയായ ഡോ. സൗമ്യ സരിൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോൺഗ്രസ് സരിനെതിരെ അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയിരുന്നു.

കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ പോലും വെറുപ്പ് വിളമ്പുകയാണ്. താനും സരിനും വ്യത്യസ്ത വ്യക്തികൾ ആണ്. സ്ത്രീകളെ വെറും ഭാര്യമാർ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് താൻ പറയുന്നത് മനസിലാകില്ലെന്നും ഡോ. സൗമ്യ സരിൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

ഡോ. സൗമ്യ സരിന്‍റെ പോസ്റ്റ്

ഞങ്ങൾ ഡോക്ടർമാർ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തു നിന്നുള്ള അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം!

ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീർത്തിട്ടുണ്ട്. പുറത്തു നിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാൻ 😊.

അങ്ങിനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂർവം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങൾ കൊണ്ട്.

1. ഞാൻ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി ഇടപെടുന്ന ഒരാൾ ആണ്. പല വിഷയങ്ങളും സംസാരിക്കാനുണ്ട്. അതിൽ ഇപ്പോൾ വേണമെങ്കിലും ഒരു വിവാദം ഉയർന്നു വരാം. വന്നിട്ടുണ്ട് പലതവണ. അതുകൊണ്ട് തന്നെ ഈ പ്ലാറ്റഫോമിൽ നില്കുന്നിടത്തോളം നല്ലൊരു തൊലിക്കട്ടി ആവശ്യമാണ് എന്ന ബോധ്യം കാലക്രമേണ വന്നു ചേർന്നതാണ്.

2. എന്റെ പാർട്ണർ അദ്ദേഹത്തിന്റെ വഴിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമാണ്. അവിടെയും എന്തും എപ്പോഴും സംഭവിക്കാം. അതെന്റെ കയ്യിൽ അല്ല. അങ്ങിനെ സംഭവിക്കുമ്പോൾ ഭാര്യ എന്ന നിലയിൽ എനിക്ക് നേരെയും ആക്രമണം ഉണ്ടാകും. സ്വാഭാവികം.

ഇനി ഇപ്പോൾ തെറി വിളിക്കുന്നവരോടാണ്. ഞാൻ ഇവിടെ തന്നെയുണ്ട്. കമെന്റ് ബോക്സ്‌ ഓഫ്‌ ചെയ്യാൻ പലരും ഉപദേശിച്ചു. ഒരിക്കലും ചെയ്യില്ല. നിങ്ങൾക്ക് എന്ത് വേണമെങ്കിലും പറയാം.

പക്ഷെ എനിക്ക് എന്റേതായ ബോധ്യങ്ങൾ ഉണ്ട്. അത് എന്റെ ഭർത്താവ് എവിടെ നില്കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല. കാരണം ഞങ്ങൾ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണ്. കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേർ. ഞങ്ങളെ ഒരുമിച്ചു നിർത്തുന്നത് വ്യക്തിപരമായി ഞങ്ങൾക്കിടയിലുള്ള മറ്റു പലതുമാണ്. അത് ഞങ്ങളുടെ വീടിന്റെ വാതിലിന്റെ ഇപ്പുറത്താണ്. അല്ലാതെ അപ്പുറത്തുള്ള രാഷ്ട്രീയമോ നിലപാടുകളോ ഒന്നുമല്ല. പക്ഷെ സ്ത്രീകളെ വെറും ഭാര്യമാർ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും എനിക്കറിയാം. അവരുടെ മേൽ ഭർത്താക്കന്മാരുടെ ലേബൽ പതിപ്പിക്കപ്പെടുന്നതും സ്വാഭാവികം.

ഞാൻ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകൾ എന്താണെന്നു എപ്പോഴെങ്കിലും ഞാൻ ചർച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല.

ഞാൻ സമൂഹത്തിൽ എന്റെ റോൾ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാൾ ആണ്. വ്യക്തിപരമായി എനിക്കും മകൾക്കും എതിരെ അധിക്ഷേപങ്ങൾ വന്നപ്പോൾ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാൻ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആർജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബർ പോരാളികളുടെയും സഹായം വേണ്ട.

ഒരു കാലത്ത് എന്നേ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരുന്നവർ ഇന്ന് എതിർപക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാൻ ആ സ്പിരിറ്റിൽ മാത്രമേ കാണുന്നുള്ളൂ. കാരണം നിങ്ങൾ ആരും എന്നേ ' സൗമ്യ ' ആയി കണ്ടു ഞാൻ എന്താണെന്നു മനസ്സിലാക്കി സ്നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാൻ പതറില്ല.

ഞാൻ, ഡോ. സൗമ്യ സരിൻ, ഈ പേര് ഈ സമൂഹത്തിൽ കുറച്ചു പേർക്കെങ്കിലും അറിയുമെങ്കിൽ അതിനു പുറകിൽ എന്റെ വിയർപ്പാണ്. എന്റെ അധ്വാനമാണ്. എന്റെ മേൽവിലാസം ഞാൻ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടർ എന്ന നിലയിൽ എന്നാൽ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഈ പേജു പോലും അതിനു വേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളു.

ഇന്ന് കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകൾക്ക് ഞാൻ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല.

എങ്കിലും പറയുകയാണ്.

എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്.

അതിൽ ചെളി പറ്റിക്കാൻ ഉള്ള കെൽപ് തത്കാലം എന്റെ കമ്മെന്റ് ബോക്സിനില്ല!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyber AttackP sarinDr Soumya Sarin
News Summary - Dr. Soumya Sarin Responding to cyber attack
Next Story