Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്യങ്ങളില്ലാതെയാണ്...

നാട്യങ്ങളില്ലാതെയാണ് ആരോഗ്യ രംഗത്ത് കേരളം പണ്ടേ മുന്നിലായത്, ആ ചരിത്രം മാത്രം വായിച്ചു പഠിച്ചാൽ മതി -എസ്.എസ് ലാൽ

text_fields
bookmark_border
നാട്യങ്ങളില്ലാതെയാണ് ആരോഗ്യ രംഗത്ത് കേരളം പണ്ടേ മുന്നിലായത്, ആ ചരിത്രം മാത്രം വായിച്ചു പഠിച്ചാൽ മതി -എസ്.എസ് ലാൽ
cancel

കോഴിക്കോട്: നിപ വൈറസ് പടർന്ന സ്ഥലത്ത് പോയ ആരോഗ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പൊതുജനരോഗ്യ വിദഗ്ധനുമായ ഡോ. എസ്. എസ് ലാല്‍. സാംക്രമിക രോഗം പടർന്ന സ്ഥലത്തു തന്നെ മന്ത്രി എത്തുന്നത് അവിടെ വീണ്ടും ആൾക്കൂട്ടമുണ്ടാകാൻ കാരണമാകും. രോഗവ്യാപനത്തിന് അതും കാരണമാകും. രോഗാണുക്കൾക്ക് വി.ഐ.പിമാരെ തിരിച്ചറിയാനുള്ള മാർഗമില്ലാത്തതിനാൽ അവയ്ക്കു മുന്നിൽ ചെന്നുപെടാതെ നോക്കണം. മന്ത്രി ചെയ്യേണ്ടത് മാത്രം മന്ത്രി ചെയ്താല്‍ മതിയെന്നും നാട്യങ്ങളോ സിനിമയെടുക്കലോ അവാര്‍ഡോ ഒന്നുമില്ലാതെയാണ് ആരോഗ്യ രംഗത്ത് കേരളം പണ്ടേ മുന്നിലായതെന്നും ഡോ. എസ്.എസ്. ലാല്‍ ചൂണ്ടിക്കാട്ടി.

ഡോ. എസ്.എസ്. ലാലിന്റെ കുറിപ്പിന്റെ പൂർണരൂപം

മന്ത്രി ചെയ്യേണ്ടത് മാത്രം മന്ത്രി ചെയ്യണം - ആരോഗ്യ മന്ത്രിക്ക് ഒരു തുറന്ന കത്ത്

അപകട സാദ്ധ്യതയുള്ള സാംക്രമിക രോഗങ്ങൾ പടരുന്ന അവസ്ഥയിൽ ആരോഗ്യമന്ത്രിമാർ നേതൃത്വം ഏറ്റെടുക്കുന്നതും ചികിത്സകരുടെ മനസിനൊപ്പം നിന്ന് അവർക്ക് ആത്മധൈര്യം കൊടുക്കുന്നതും ഒക്കെ നല്ലതാണ്. രോഗബാധയുള്ള ജില്ലയുടെ ആസ്ഥാനത്ത് ചെന്ന് ആദ്യ ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി സഹായിക്കുന്നതും നല്ല കാര്യമാണ്. ഈ രീതിയിൽ മുൻ ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർ നടത്തിയതും ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ് നടത്തുന്നതുമായ പ്രവർത്തനങ്ങൾ പശംസാർഹമാണ്. മുൻപുള്ള ആരോഗ്യ മന്ത്രിമാരും ഇതൊക്കെ ഇങ്ങനെ തന്നെ ചെയ്തിട്ടുണ്ട്. അവരും പ്രശംസ അർഹിക്കുന്നു.

ഇനി പറയാനുള്ളത് അതിലും പ്രധാനപ്പെട്ട കാര്യമാണ്. മന്ത്രി നേതൃത്വം കൊടുക്കുക എന്നു പറഞ്ഞാൽ രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയുടെ ഐ.സി യൂണിറ്റിൽ വരെ മന്ത്രി കയറിച്ചെല്ലണം എന്നല്ല. അവിടെയൊക്കെ പണിയറിയാവുന്നവർ തന്നെയാണുള്ളത്. അതില്ലെങ്കിൽ പരിഹരിക്കേണ്ടത് ഇങ്ങനത്തെ അടിയന്തിര ഘട്ടത്തിലുമല്ല.

മന്ത്രിമാർ മുന്നിൽ നിന്ന് രോഗവുമായി യുദ്ധം ചെയ്യണമെന്ന കീഴ്‌വഴക്കം ഉണ്ടായത് തന്നെ തെറ്റാണ്. പലപ്പോഴും മന്ത്രിമാരുടെ സാന്നിദ്ധ്യം ആശുപത്രി പ്രവർത്തനങ്ങൾക്ക് തടസമാണ്. ചികിത്സയിലെ ശ്രദ്ധമാറി മന്ത്രിയുടെ പ്രോട്ടോക്കോൾ വിഷയങ്ങളിലേയ്ക്ക് ചർച്ച മാറും. പെരുമൺ ദുരന്തം ഉണ്ടായപ്പോഴും അതുപോലെ മറ്റു ചില അവസരങ്ങളിലും ഇത്തരം സാഹചര്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തന്നെ നേരിട്ട് കണ്ടിട്ടുണ്ട്. അത്യാഹിത വിഭാഗം സന്ദർശിച്ച മന്ത്രിമാരുടെ ചിത്രമെടുക്കാനുള്ള മാദ്ധ്യമത്തിരക്ക്. ആ ഫോട്ടയിൽ കയറിക്കൂടാൻ ചില ആശുപത്രി അധികൃതരുടെ മത്സരം. അതിനിടയിൽ രോഗികൾ വിസ്മരിക്കപ്പെട്ട സന്ദർഭങ്ങൾ. ഒടുവിൽ ചില പ്രമുഖരോട് തിരികെ വീട്ടിൽ പോകാൻ അഭ്യർത്ഥിക്കേണ്ടി വന്നു. സ്വൈരമായി ചികിത്സ നൽകാൻ.

സാംക്രമിക രോഗം പടർന്ന സ്ഥലത്തു തന്നെ മന്ത്രി എത്തുന്നത് അവിടെ വീണ്ടും ആൾക്കൂട്ടമുണ്ടാകാൻ കാരണമാകും. രോഗവ്യാപനത്തിന് അതും കാരണമാകും. രോഗാണുക്കൾക്ക് വി.ഐ.പി മാരെ തിരിച്ചറിയാനുള്ള മാർഗമില്ലാത്തതിനാൽ അവയ്ക്കു മുന്നിൽ ചെന്നുപെടാതെ നോക്കണം. മന്ത്രിമാരുടെ ജീവനും പ്രധാനപ്പെട്ടതാണ്. ആരോഗ്യ പ്രവർത്തകർക്ക് അവർ പഠിച്ച സുരക്ഷാ മാർഗങ്ങൾ ഓർമ്മയുണ്ടാകും. ഇത് പഠിച്ചിട്ടില്ലാത്ത മന്ത്രിമാരും ചുറ്റം കൂടുന്നവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കും. ലാത്തിച്ചാർജിനും തീയണയ്ക്കാനും ഒക്കെ ആഭ്യന്തര മന്ത്രി നേരിട്ട് പോകാറില്ല എന്ന് ഓർത്താൽ മതി.

കേരളത്തിൽ ഒരു മന്ത്രിസഭ ഇല്ലെങ്കിലും ആരോഗ്യ രംഗം പ്രവർത്തിക്കും. കാരണം അത്തരത്തിൽ വിശാലവും വികേന്ദ്രീകൃതവുമാണ് ആരോഗ്യരംഗം. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ അധികാരി ആരോഗ്യ വകുപ്പ് ഡയറക്ടർ ആണ്. മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ ഒന്നുമല്ല. ആരോഗ്യവകുപ്പ് ഡയറക്ടർ മുതൽ വകുപ്പിന്റെ ഏറ്റവും അറ്റത്തുള്ള പൊതുജനാരോഗ്യ ജീവനക്കാരും ആശാ വർക്കർമാർ തുടങ്ങിയ സന്നദ്ധ സേവകരും മെഡിക്കൽ കോളേജുകളും സ്വകാര്യാശുപത്രികളും ഒക്കെ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതുകൊണ്ടാണ് ആരോഗ്യരംഗം ഇങ്ങനെ നിലനിൽക്കുന്നത്. രോഗങ്ങൾ കൃത്യമായി ചികിത്സിക്കപ്പെടുന്നത്. അല്ലാതെ മന്ത്രിമാരെ കണ്ടോ സർക്കാർ ഉത്തരവുകളെ ഭയന്നോ രോഗാണുക്കൾ തിരിഞ്ഞോടുന്നതല്ല. സിനിമകളിൽ മാത്രമാണ് അതൊക്കെ സംഭവിക്കുന്നത്. ആശുപതികളിൽ അങ്ങനെയല്ല.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഇപ്പോൾ ആർക്കും അറിയാത്ത ഏതോ മനുഷ്യനാണ്. കൊവിഡ് വന്നപ്പോൾ ഉണ്ടായ മറ്റൊരു നഷ്ടം ഇതാണ്. ആദ്യ ദിനങ്ങളിൽ നേതൃത്വം കൊടുത്ത ആരോഗ്യ വകുപ്പ് ഡയറക്ടറിൽ നിന്നും ആരോഗ്യ മന്ത്രി അത് തട്ടിയെടുത്തു. ആരോഗ്യ മന്ത്രിയിൽ നിന്ന് അത് മുഖ്യമന്ത്രി തട്ടിയെടുത്തു. സമർത്ഥയായ ഒരു വനിത ഡോക്ടർ ആയിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടർ. കൊവിഡിനിടയിൽ അവർ ജോലി ഉപേക്ഷിച്ചു പോയി. ഇപ്പോൾ നിയന്ത്രണം ആരോഗ്യ സെക്രട്ടറിയുടെ കൈയിൽ ആണത്രെ. വലിയ ദുരിതത്തിനിടയിലും ആരോഗ്യ വകുപ്പിനെ വീണ്ടും അടിമുടി ശക്തിപ്പെടുത്താനുള്ള അവസരമായിരുന്നു കൊവിഡ്. അതും നഷ്ടപ്പെടുത്തി.

ജില്ലകളിലും കാര്യങ്ങൾ വ്യത്യസ്തമല്ല. പലയിടത്തും കൊവിഡിന്റെ ജില്ലാ അവലോകന യോഗങ്ങൾ നയിക്കുന്നത് പൊലീസ് സൂപ്രണ്ടുമാരാണ്. പൊതുജനാരോഗ്യ പ്രശ്നമായ കൊവിഡിനെ അങ്ങനെ ക്രമസമാധാന പ്രശ്നമാക്കി. പലയിടത്തും ജില്ലാ മെഡിക്കൽ ഓഫീസർമാർ നോക്കുകുത്തികളായി മാറി. ആരോഗ്യ വകുപ്പിനെ വളരെ ആസൂത്രിതമായി തകർത്തതുപോലെയാണ് ഇപ്പോഴത്തെ കാര്യങ്ങൾ. മുൻ ആരോഗ്യ മന്ത്രിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ, ഈ തകർച്ചയ്ക്ക് അവർ കൂടി ഉത്തരവാദിയാണ്. മുഖ്യമന്ത്രിയും.

ലോകത്തെ മിക്ക മനുഷ്യർക്കും ഇഷ്ടമല്ലാത്ത അമേരിക്കൻ മുൻ പ്രസിഡന്റ് ട്രമ്പ് പോലും അദ്ദേഹത്തിനൊപ്പം ഡോക്ടർ ഫൗച്ചി എന്ന വിദഗ്ദ്ധനെ കൂട്ടിയാണ് പത്ര സമ്മേളനങ്ങൾ നടത്തിയിരുന്നത്. ശാസ്ത്രത്തേയും ഫൗച്ചിയേയും വെറുത്തിരുന്ന ട്രമ്പ് പോലും ആ മഹാമനസ്കത കാണിച്ചു. എല്ലാ അധികാരവും ഉള്ള താൻ ഒരു ശാസ്ത്രജ്ഞനല്ല എന്ന കാര്യം ട്രമ്പ് പോലും തിരിച്ചറിഞ്ഞു. അതിനാൽ ഇക്കാര്യത്തിൽ നമ്മുടെ ആരോഗ്യമന്ത്രി ട്രമ്പിനെയെങ്കിലും മാതൃകയാക്കണം. ഇന്നത്തെ പത്രസമ്മേളനത്തിൽ മന്ത്രി ബുദ്ധിമുട്ടുന്നത് കണ്ടിട്ടാണ് ഇത് പറയുന്നത്. ഞാൻ കണ്ട വാർത്തയിൽ മന്ത്രി മാത്രമാണ് സംസാരിച്ചത്. വിദഗ്ദ്ധർ ഉളളതായി കണ്ടില്ല.

ആരോഗ്യ മന്ത്രിയായ ദിവസം തന്നെ ആരോഗ്യ വിഷയങ്ങളിലെല്ലാം വൈദഗ്ദ്ധ്യം ഉണ്ടാകില്ല. ആരും അത് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നുമില്ല. സമയമെടുക്കും, അടിസ്ഥാന കാര്യങ്ങൾ പോലും മനസിലാകാൻ. അതുവരെയും അതിന് ശേഷവും ആരോഗ്യ വകുപ്പ് ഡയറക്ടറെയോ അദ്ദേഹം നിയോഗിക്കുന്ന വിദദ്ധരെയോ ഒപ്പം കൂട്ടുക. ശാസ്ത്ര കാര്യങ്ങൾ വരുമ്പോൾ അവരെക്കൊണ്ട് പറയിക്കുക. അതിന് വിശ്വാസ്യത കൂടും. ജില്ലകളിൽ അവിടത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാരെ കൂട്ടുക. കഴിവില്ലാത്തവർ ആ കസേരകളിൽ ഉണ്ടാകാൻ വഴിയില്ല. അഥവാ ഉണ്ടെങ്കിൽ അവരെ പരിശീലിപ്പിക്കുക. എന്നിട്ടും മെച്ചപ്പെടുന്നില്ലെങ്കിൽ അവരെ മാറ്റുക. ഇത്തവണയും നിപ്പ കൃത്യ സമയത്ത് തന്നെ കണ്ടുപിടിക്കുന്നതിൽ താമസമുണ്ടായെങ്കിൽ അതന്വേഷിക്കണം. അക്കാര്യത്തിൽ തങ്കളോടൊപ്പമാണ്.

നിപ്പയുടെ പേരു പറഞ്ഞ് വീണ്ടും വലിയ ഭീതിയുണ്ടാക്കുന്നവരെ ഒഴിവാക്കുക. ആ അജണ്ട തെറ്റാണ്. വിദഗ്ദ്ധരെയാണ് അവിടെ ആവശ്യം. മന്ത്രിമാരെയും പാർട്ടിക്കാരെയുമല്ല. ആരോഗ്യ വകുപ്പിന്റെ ഉദ്യാഗസ്ഥന്മാരെ ശാക്തീകരിക്കാനായി ഓരോ അവസരവും ഉപയോഗിക്കുക. കാരണം അവരാണ് ഇവിടെ ബാക്കിയുണ്ടാകുക. മന്ത്രിസഭയും മന്ത്രിമാരും മാറി വരും. ഒരിക്കൽ ആരോഗ്യ മന്ത്രിയായ ആൾ പിന്നീട് ആരോഗ്യ മന്ത്രി പോയിട്ട് മന്ത്രി തന്നെ ആകണമെന്നില്ല. കൂടുതൽ വിശദമാക്കേണ്ടല്ലോ.

ആരോഗ്യ മന്ത്രി ഈ കുറിപ്പ് വായിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. എഴുതിയ ആൾ കോൺഗ്രസാണ് എന്നൊക്കെ ചില കുബുദ്ധി ഉപദേശകർ പറഞ്ഞു തരും. മന്ത്രിയത് കാര്യമാക്കരുത്. ഈ ഉപദേശകരാണ് കൊവിഡിൽ കേരളത്തെ ഇവിടംവരെ എത്തിച്ചത്. ഞാനൊരു വിദഗ്ദ്ധനാന്നെന്ന് സ്വയം അവകാശപ്പെടുന്നില്ല. എന്നാൽ ലോകത്ത് പലയിടത്തും പൊതുജനാരോഗ്യം പഠിപ്പിക്കുന്ന ഒരദ്ധ്യാപകനാണ്. അദ്ധ്യാപക ദിനമായ ഇന്ന് ഒരദ്ധ്യാപകൻ പറഞ്ഞ വരികളായി മാത്രം ഇതിനെ കരുതിയാൽ മതി. ഒരു കുഴപ്പവും ഉണ്ടാകില്ല.

ആരോഗ്യമന്ത്രിയെന്ന നിലയിൽ തങ്കളുടെ ഓരോ ചുവടും ഭദ്രമാകേണ്ടത് ഞങ്ങൾ മുഴുവൻ പേരുടേയും ആവശ്യമാണ്. താങ്കൾക്ക് പിഴച്ചാൽ അപകടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ മനുഷ്യരാണ്. പാർട്ടി വ്യത്യാസമോ ജാതിമത വ്യത്യാസമോ ഇല്ലാതെ. അതിനാൽ താങ്കളുടെ വിജയം സംസ്ഥാനത്തിന്റെ വിജയമായിരിക്കും. അതിന് നാട്യങ്ങളോ സിനിമയെടുക്കലോ അവാർഡോ ഒന്നും വേണ്ട. ഇതൊന്നുമില്ലാതെയാണ് ആരോഗ്യ രംഗത്ത് കേരളം പണ്ടേ മുന്നിലായത്. ആ ചരിത്രം മാത്രം വായിച്ചു പഠിച്ചാൽ മതി. അതിന്റെ മുകളിൽ ബാക്കി പണി ചെയ്താൽ മതി. തെറ്റുകൂടാതെ.

ചുവടുകൾ പിഴയ്ക്കുന്നതായി തോന്നിയാൽ ഇനിയും ചൂണ്ടിക്കാട്ടും. തിരുത്തിയില്ലെങ്കിൽ ഇനിയും എതിർക്കും. മുഖം നോക്കാതെ. ശക്തമായി.

വ്യക്തിയെന്ന നിലയിൽ താങ്കളോടുള്ള സകല ബഹുമാനത്തോടെയും.

ഡോ: എസ്.എസ്. ലാൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah Virusdr ss lal
News Summary - Dr SS Lal on Nipah Virus
Next Story