ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പൻ
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ റോക്കറ്റിന്റെയും സ്പേസ് ക്രാഫ്റ്റുകളുടെയും വേഗവും ചലനവും നിയന്ത്രിക്കുന്ന ഡോ. വി. നാരായണന് ഇനി ആകാശത്ത് പുതിയ ദൗത്യം. ഈ മാസം 14ന് മലയാളിയായ ഡോ. സോമനാഥ് ഒഴിയുന്ന ഐ.എസ്.ആർ.ഒ ചെയർമാൻ കസേരയിലേക്കാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ ചുമതലയേൽക്കുന്നത്.
ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ സുപ്രധാന കാൽവെപ്പായ ക്രയോജനിക് എൻജിൻ സാങ്കേതികവിദ്യയുടെ സ്രഷ്ടാക്കളിൽ പ്രധാനികളിലൊരാളാണ് വി. നാരായണൻ. ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽ.പി.എസ്.സി) ഡയറക്ടറായി 2024 മേയിൽ വിരമിച്ചെങ്കിലും പ്രവർത്തന മികവ് കണക്കിലെടുത്ത് എൽ.പി.എസ്.സി ഡയറക്ടർ സ്ഥാനം ഒരു വർഷത്തേക്ക് നീട്ടി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുവർഷത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ പദവികൂടി നൽകിയത്.
റോക്കറ്റ്, സ്പേസ് ക്രാഫ്റ്റ് പ്രൊപൽഷൻ മേഖലയിൽ നാലുദശകത്തോളം അനുഭവ പരിജ്ഞാനമുള്ള ശാസ്ത്രജ്ഞനാണ് നാരായണൻ. ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂർവ വിദ്യാർഥിയാണ്. 1984ലാണ് ഐ.എസ്.ആർ.ഒയിലെത്തുന്നത്. 1989ൽ ക്രയോജനിക് എൻജിനീയറിങ്ങിൽ ഒന്നാം റാങ്കും 2001ൽ എയ്റോസ്പേസ് എൻജിനീയറിങ്ങിൽ പിഎച്ച്.ഡിയും നേടി. ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് എം.ടെക്കിൽ ഒന്നാം റാങ്കിന് വെള്ളി മെഡലും ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്വർണ മെഡലും കരസ്ഥമാക്കി.
ജോലിയുടെ ആദ്യഘട്ടത്തിൽ വി.എസ്.എസ്.സിയിലെ സൗണ്ടിങ് റോക്കറ്റുകളുടെയും ഓഗ്മെന്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എ.എസ്.എൽ.വി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി.എസ്.എൽ.വി) എന്നിവയുടെ സോളിഡ് പ്രൊപൽഷൻ ഏരിയയിലും പ്രവർത്തിച്ചു.
റോക്കറ്റിനും അനുബന്ധ സാങ്കേതികവിദ്യകൾക്കുമുള്ള എ.എസ്.ഐ അവാർഡ്, ഹൈ എനർജി മെറ്റീരിയൽസ് സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള ടീം അവാർഡ്, ഐ.എസ്.ആർ.ഒയുടെ മികച്ച നേട്ടങ്ങളും പ്രകടന മികവുമുള്ള അവാർഡുകളും ടീം എക്സലൻസ് അവാർഡുകളും ചെന്നൈയിലെ സത്യഭാമ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ഓഫ് സയൻസ് ഓണററി ബിരുദവും ലഭിച്ചിട്ടുണ്ട്.
ഖരഗ്പൂരിലെ ഐ.ഐ.ടിയുടെ വിശിഷ്ട പൂർവ വിദ്യാർഥി അവാർഡ്-2018, നാഷനൽ ഡിസൈൻ ആൻഡ് റിസർച്ച് ഫോറം ഓഫ് എൻജിനീയേഴ്സിന്റെ (ഇന്ത്യ) നാഷനൽ ഡിസൈൻ അവാർഡ്-2019, എയ്റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഷനൽ എയ്റോനോട്ടിക്കൽ പ്രൈസ്-2019 എന്നിവയെല്ലാം ഡോ. വി. നാരായണന് ലഭിച്ചിട്ടുണ്ട്. ഇന്റർനാഷനൽ അക്കാദമി ഓഫ് അസ്ട്രോനോട്ടിക്സിലെ അംഗമാണ്.
വിവിധ ദേശീയ അന്തർദേശീയ പ്രഫഷനൽ ബോഡികളിൽ അംഗമാണ്. ഗവേണിങ് കൗൺസിൽ അംഗമായും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (ഐ.ഐ.എസ്.ടി) ബോർഡ് അംഗമായും ചില എൻജിനീയറിങ് കോളജുകളിലെ അക്കാദമിക് കൗൺസിൽ അംഗമായും സേവനമനുഷ്ഠിക്കുന്നു. ധാരാളം സാങ്കേതിക പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ സ്ഥാനം വലിയ ബഹുമതിയാണ്. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി. നിറയെ പരിപാടികളുള്ള സമയത്താണ് പുതിയ സ്ഥാനം. ചന്ദ്രയാൻ-4, ഗഗൻയാൻ എന്നിവയാണ് മുന്നിലുള്ള ദൗത്യങ്ങളിൽ പ്രധാനം. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ബഹിരാകാശ വകുപ്പ് സെക്രട്ടറിയായും ഐ.എസ്.ആർ.ഒ ചെയർമാനായും നിയമിച്ചതിൽ സന്തോഷം. എല്ലാവരുടെയും പിന്തുണ വേണം. നിര്ണായക ഉത്തരവാദിത്തമാണിത്. ഈ ദൗത്യം ഏൽപിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്ക്കാറിനോടും കടപ്പെട്ടിരിക്കുന്നു.’’
-ഡോ.വി. നാരായണൻ, നിയുക്ത ഐ.എസ്.ആർ.ഒ ചെയർമാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.